Breaking News

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഇല്ല; കത്തിന് പൊലീസ് മറുപടി നല്‍കില്ല

തിരുവനന്തപുരം: മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ല. ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് പൊലീസ് മറുപടി നല്‍കില്ല. എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തി ദേശായിക്കും നല്‍കും.

അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം നവംബര്‍ 17 ന് ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചത്. തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ് തുടങ്ങിയവര്‍ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്.

33കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ ഞങ്ങള്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ ഞങ്ങള്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം.

17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദര്‍ശനത്തിനായി ഞങ്ങള്‍ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവര്‍ക്കും ഞങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടു. ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top