വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഫോണ്‍ വന്നാല്‍ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തി ഫോണ്‍ എടുക്കുകയാണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വാഹനം ഓഫ് ചെയ്ത് സംസാരിക്കാന്‍ പലര്‍ക്കും മടിയാണെന്നതാണ് സത്യം. പെട്ടന്ന് അവസാനിപ്പാവുന്ന കോള്‍ ആണെന്നു കരുതിയോ, എഞ്ചിന് പെട്ടന്ന് ഓഫ് ആക്കേണ്ടെന്ന് കരുതിയോ ഒക്കെയാകാം വാഹനം ഓഫ് ചെയ്യാന്‍ മടിക്കുന്നത്. എന്നാല്‍ ഇതില്‍ നാം ശ്രദ്ധിക്കാതെ പോകുന്നൊരു അപകടമുണ്ട്. മുന്നറിയിപ്പ് നല്‍കുന്നത് സ്കൂട്ടര്‍ യാത്രികര്‍ക്കാണ്.
ഗിയര്‍ലെസ് വാഹനമായ സ്കൂട്ടര്‍ ആക്സിലറേറ്റര്‍ മാത്രം തിരിച്ച് ഓട്ടോ ഗിയര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്ട്ടിംഗിലുളള സ്കൂട്ടറിന്റെ ആക്സിലറേറ്റര്‍ വെറുതെയൊന്ന് തിരിച്ചാല്‍ വാഹനം അതിന്റെ ഫുള്‍ പവറില്‍ തെറിക്കും. അത്തരമൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്.
ഫോണില്‍ സംസാരിച്ച് സ്കൂട്ടറിലിരിക്കുന്ന ഒരാളെ ദൃശ്യത്തില്‍ കാണാം. അല്‍പ്പസമയത്തിനകം കുശലം പറഞ്ഞ് സ്കൂട്ടറിനരുകിലെത്തുന്ന സുഹൃത്തുക്കളിലൊരാള്‍ ആക്സിലറേറ്ററില്‍ വെറുതെ പിടിച്ച് തിരിയ്ക്കുന്നു. ഇതോടെ കണ്ട്രോള് പോയ വാഹനം അതിവേഗം റോഡിലക്ക് കുതിച്ചതും റോഡിലൂടെ ലോറി പാഞ്ഞുവന്നതും ഒരുമിച്ചായിരുന്നു. ആക്സിലറേറ്റര്‍ തിരിച്ചയാള് സുഹൃത്ത് വീഴാതിരിക്കാന്‍ ആക്സിലറേറ്ററില്‍ മുറുകെപ്പിടിച്ചതായിരുന്നു സ്കൂട്ടര്‍ കുതിച്ച് റോഡിലേക്ക് പോകാന്‍ കാരണം. എന്നാല്‍ ലോറി പോയ ശേഷം സ്കൂട്ടര്‍ യാത്രക്കാരന് അപകടമൊന്നും പറ്റാതെ എഴുന്നേറ്റ് വരുന്നതും ദൃശ്യത്തിലുണ്ട്.
സകൂട്ടറില്‍ നിന്ന് ഇയാള്‍ തെറിച്ച് വീണതുകൊണ്ടാണ് ജീവന് രക്ഷപ്പെട്ടത്. കൂട്ടുകാരുടെ ജീവന് രക്ഷപ്പെട്ടതും ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ടിപ്പറാകട്ടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കോഴിക്കോട് ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം.