Entertainment

കണ്ണു നനയിക്കുന്ന ഒരു കുപ്രസിദ്ധ പയ്യന്‍

യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ നിന്നും സിനിമയെ കണ്ടെത്തുന്ന സംവിധായകനാണ് മധുപാല്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും ആരും ചെന്നുപെട്ടേക്കാവുന്ന ഒരവസ്ഥയെ, ഇന്നിന്റെ തിരശ്ശീലയില്‍ പകര്‍ത്തിവച്ചിരിക്കുകയാണ് മധുപാലിന്റെ പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. ടൊവിനോയുടെ കരിയര്‍ ടോപ്പ് പെര്‍ഫോര്‍മന്‍സാണ് ഒരു കുപ്രസിദ്ധ പയ്യനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

സിനിമയുടെ ടൈറ്റിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന കേന്ദ്ര കഥാപാത്രമായ അജയനായി ടൊവിനോ കൈയ്യടി നേടുകയാണ്. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്നതിന്റെ മുഴുവന്‍ നിസ്സഹായതയും അതിന്റെ നോവും പ്രേക്ഷകരിലേക്ക് പടര്‍ത്താന്‍ ടൊവിനോയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കുപ്രസിദ്ധ പയ്യനിലെ അജയനില്‍ നിന്നും ടൊവിനോയെ വേര്‍തിരിച്ചെടുക്കുക വയ്യ. അത്രയേറെ പ്രിയപ്പെട്ട ഒരാളുടെ കൊലപാതകവും അത് ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നതിന്റെ ദൈന്യതയും നിരാശയും പ്രേക്ഷകരുടേയും കണ്ണ് നിറയ്ക്കും. നിന്ന് കഴച്ച കാലിന്റെ വിറയിലില്‍ നിന്നും തലകീഴായിതൂങ്ങിയാടുമ്പോ ഇറ്റുവീഴുന്ന ചോരയുടെ മരവിപ്പില്‍ നിന്നും ” ഞാനല്ല അത് ചെയ്തത്, ഞാനല്ല ” എന്ന് തൊണ്ടപൊട്ടി നമ്മളും അലറിപ്പോകും വിധം….

നിമിഷ സജയനും അനു സിത്താരയുമാണ് കുപ്രസിദ്ധ പയ്യനിലെ നായികമാര്‍. ശരണ്യ പൊന്‍വണ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശരണ്യ പൊന്‍ വണ്ണന്‍ എന്ന നടിയുടെ അഭിനയചാതുരിയെപ്പറ്റി എഴുതിയാല്‍ അത് അധികപ്പറ്റാകും. കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും ക്രോധവും ദേഷ്യവും നിമിഷങ്ങള്‍ക്കുള്ളില്‍ മിന്നിമറയുന്ന ശരണ്യയുടെ ഭാവങ്ങള്‍ കുപ്രസിദ്ധ പയ്യനില്‍ കാണാം. ഓരോ ചിത്രം കഴിയുമ്പോഴും തന്നിലെ നടിയെ വീണ്ടും വീണ്ടും രാകി മിനുക്കുകയാണ് നിമിഷ സജയന്‍. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് നിമിഷ സജയന്‍ അവതരിപ്പിച്ച ഹന്ന എന്ന വക്കീല്‍ കഥാപാത്രമാണ്.

അനുസിത്തരാരയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും കുറഞ്ഞ സീനുകളിലെ തന്റെ സ്വാഭാവികാഭിനയംകൊണ്ട് ചിത്രത്തിന് മുതല്‍ക്കൂട്ടാകാന്‍ ജലജ എന്ന കഥാപാത്രത്തിലൂടെ അനു സിത്താരയ്്ക്ക് സാധിക്കുന്നു. നെടിമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗീസ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, സുജിത്ത്, ഉണ്ണിമായ, പാര്‍വതി തുടങ്ങി സ്‌ക്രീനില്‍ വന്നുപോകുന്ന അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. ജഡ്ജി വേഷത്തിലെത്തിയ നിര്‍മാതാവ് സുരേഷ് കുമാറും കൈയ്യടി വാങ്ങിക്കുന്ന പെര്‍ഫോര്‍മന്‍സാണ് കാഴ്ചവച്ചിരിക്കുന്നത്. ചിലയിടങ്ങളിലെങ്കിലും ദുര്‍ബലമായിപ്പോകുമായിരുന്ന തിരക്കഥയ്ക്ക് ബലമാകുന്നത് ഈ അഭിനേതാക്കളുടെ പ്രകടനമാണെന്ന് പറയാതെ വയ്യ.

ശാസ്ത്ര ലേഖനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ. കുറ്റാന്വേഷണത്തിന്റെ ചടുലതയും അതില്‍ ആവശ്യമുള്ള സയന്‍സും വൈകാരികമായ മൂഹൂര്‍ത്തങ്ങളും അവിടങ്ങളില്‍ ഹൃദയം തൊടുന്ന ചില സംഭാഷണങ്ങളുമായി കെട്ടുറപ്പുള്ള തിരക്കഥയൊരുക്കാന്‍ ജീവന് സാധിച്ചുവെന്ന് പറയാം. എങ്കിലും ട്രാക്കില്‍ നിന്നും മാറാതെ കൈയ്യടക്കത്തോടെ ചിത്രത്തെ കൈകാര്യം ചെയ്ത സംവിധായകന്റെതാണ് കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം.

ത്രില്ലര്‍ മൂഡ് ചോരാതെ കൊണ്ടുപോകുന്ന പശ്ചാത്തല സംഗീതവും പ്രശംസയര്‍ഹിക്കുന്നു. എപ്പോള്‍ വേണമെങ്കിലും മടുക്കാവുന്ന ഒരു വിഷയത്തെ രണ്ടര മണിക്കൂര്‍ നേരവും പിടിച്ചിരുത്താവുന്ന ഒന്നാക്കി മാറ്റിയതില്‍ നൗഷാദിന്റെ ക്യാമറയ്ക്കും സാജന്റെ എഡിറ്റിംഗിന് വലിയ പങ്കുണ്ട്.

ഇന്ന് നമ്മള്‍ ചര്‍ച്ചചെയ്തു പോരുന്ന വര്‍ഗീയ അതിക്രമങ്ങളും  ദുരഭിമാനക്കൊലയും ചിലപ്പോഴെങ്കിലും കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പോലീസ് നയങ്ങളും ചിത്രം വീണ്ടും ഓര്‍മിപ്പിക്കുന്നു. അവിടെ ഒക്കെയും സാധാരണക്കാരന് പ്രതീക്ഷയാകേണ്ടുന്ന നീതിപീഠത്തിന്റെ ഉത്തരവാദിത്വം ചിത്രം അടിവരയിട്ട് ഉറപ്പിക്കുകയാണ്.

തീര്‍ത്തും സാധാരണമായ, ഇന്നത്തെ സാഹചര്യത്തില്‍ സംഭവിക്കാവുന്നതുമായ ഒരു പ്രമേയത്തെ അതിഭാവുകങ്ങളില്ലാതെ അവതരിപ്പിക്കുന്നു എന്നതാവും ഒരു കുപ്രസിദ്ധ പയ്യന്റെ പ്രത്യേകത.  അപ്പോഴും ഏറ്റവും ജനപ്രീതിയേറിയ ഒരു യുവനായക നടന്‍ മുഖ്യകഥാപാത്രമായി എത്തുമ്പോള്‍ അതിനുപാകമായ കൊമേഴ്‌സ്യല്‍ ചേരുവകളും അളവ് തെറ്റാതെ സംവിധായകന്‍ ചേര്‍ത്തിരിക്കുന്നു എന്നിടത്താണ് കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രം വിജയമാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top