Kerala

നരേന്ദ്രമോഡി ‘ നോട്ട് ഔട്ട് ‘

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അപ്പാടെ തകിടം മറിച്ച് ഒരു ഭരണാധികാരി അധികാരത്തില്‍ തുടരുന്നത് ശരിയാണോ എന്ന് സാമ്പത്തിക വിദഗ്ധര്‍ പലപ്പോഴും സംശയം ഉന്നയിക്കുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ രണ്ടാം വര്‍ഷം ഇതൊരു പാഴ് വേലയാണെന്ന് റിസേര്‍വ് ബാങ്കിന്റെ കണക്കുകള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

കള്ളപ്പണം നിയന്ത്രിക്കാനാണ് നോട്ട് നിരോധനം കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖ്യ പ്രചരണായുധം. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് നോട്ട് നിരോധനത്തിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ ബോധ്യമായി. പിന്നീട് തീവ്രവാദം നിയന്ത്രിക്കുന്നതില്‍ നോട്ട് നിരോധനം ഉപകരിച്ചുവെന്ന വാദമുഖം ഉയര്‍ത്തിയെങ്കിലും രാജ്യത്ത് ഇക്കാലയളവില്‍ തീവ്രവാദം വര്‍ധിക്കുകയായിരുന്നു.

നോട്ട് നിരോധനം മൂലം സമ്പദ് വ്യവസ്ഥ നിലം പരിശായി. ഉത്പ്പാദന മേഖല മുരടിച്ചു. വിപണിയില്‍ പണത്തിന്റെ ലഭ്യത കുറഞ്ഞു. ബാങ്കിംഗ് മേഖലയുടെ പതിവ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തകര്‍ന്നു പോയി.
നോട്ട് നിരോധനം മൂലം രാജ്യത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനം അസാധുവാക്കപ്പെട്ടത് പാശ്ചാത്യ ലോകത്തെ സാമ്പത്തിക വിദഗ്ധര്‍ അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. ഇതെന്തൊരു ജാലവിദ്യയാണെന്ന് അവര്‍ മുഖത്തോട് മുഖം നോക്കി ചോദിച്ചു. ഇന്ത്യയിലെ വിവരമുള്ള സാമ്പത്തിക ശാത്രജ്ഞര്‍ നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതോടെ നോട്ട് നിരോധനത്തിന്റെ അത്യാഹിതം തിരിച്ചറിഞ്ഞ പ്രതിപക്ഷ പാര്‍ടികള്‍ പോലും മൗനം പാലിച്ചു.

ഏതാണ്ട് 90 ശതമാനം കറന്‍സിയിലൂടെ വ്യാപാരം നടന്നിരുന്ന ഇന്ത്യന്‍ വിപണിയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ വില്ലന്‍ മുഖം തിരിച്ചറിയാന്‍ ഏറെ കാലമെടുത്തു.

ലോകത്തിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ ബാങ്കിലൊന്നായ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ത്തെറിഞ്ഞതാണ് നോട്ട് നിരോധനത്തിന്റെ പരിണിത ഫലം.

മൊത്തം 15.41 ലക്ഷം കോടി രൂപയുടെ 500, 1000 രൂപയുടെ നോട്ടുകള്‍ 2016 നവംബര്‍ 8ന് നിരോധിച്ചു. എല്ലാം കഴിഞ്ഞ് കണക്ക് പുറത്ത് വന്നപ്പോള്‍ 15.31 ലക്ഷം കോടി രൂപയും ബാങ്കിലേക്ക് തിരിച്ചെത്തി. അതായത് 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി.

നോട്ടുകള്‍ പുതിയതായി പ്രിന്റ് ചെയ്യാന്‍ റിസേര്‍വ് ബാങ്കിന് അധികമായി വേണ്ടി വന്നത് 4,912 കോടി രൂപയായിരുന്നു. പുതിയതായി പ്രിന്റ് ചെയ്ത 500, 2000 നോട്ടുകള്‍ വിപണിയിലെത്താനും ഏറെ കാലതാമസമെടുത്തു.

നോട്ട് നിരോധനം മൂലം തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറാന്‍ വര്‍ഷങ്ങളെടുക്കും. ജീവിതം ഹോമിക്കപ്പെട്ട ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്ന് മാത്രം. കള്ളപ്പണക്കാര്‍ തുറുങ്കിലാവുമെന്ന് ആശ്വസിച്ച പാവം ജനം പൂര്‍ണതോതില്‍ വഞ്ചിക്കപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top