നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി തിരികെ നല്കാന് കോടതിയുടെ അനുമതി. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര.
കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നു. എന്നാല്‍, വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.