Football

ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു പോരാട്ടത്തില്‍ തിരിച്ചടിയായത് മോശം റഫറിയിംഗോ? പ്രതിഷേധവുമായി ആരാധകര്‍

തുടര്‍ച്ചയായ സമനിലക്കുരുക്കിന്റെ പിടിയില്‍ നിന്നും ഉയര്‍ത്തെണീക്കാന്‍ കച്ചകെട്ടിയിറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇന്നലത്തെ തോല്‍വി സമ്മാനിച്ചത് തികഞ്ഞ നിരാശയാണ്. പൊരുതി തോറ്റതാണെങ്കില്‍ പോട്ടെന്ന് വച്ചേനെ.. ഇതിപ്പോ റഫറിയിംഗിലെ പിഴവ് വരുത്തിവച്ച തോല്‍വി എങ്ങനെ സഹിക്കും..! കളി കഴിഞ്ഞ് സ്‌റ്റേഡിയം വിട്ടിട്ടും ആരാധകരുടെ മുഖത്ത് നിരാശ തന്നെയാണ്.

പൂണെക്കിതിരായ കഴിഞ്ഞ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗ്യാലറിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഫറീയിംഗിനെതിരെ ആരോപണം ഉയരുന്നത്.

ബംഗലൂരു എഫ്സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം. ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സരശേഷം പറഞ്ഞു. ബംഗളൂരു നേടിയ ഓഫ് സൈഡ് ഗോളിന് തന്റെ ടീമിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റ് റഫറി(വാര്‍) നടപ്പാക്കണമെന്നും ജെയിംസ് പറഞ്ഞു.

മത്സരത്തില്‍ പതിനേഴാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗലൂരുവിനെതിരെ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സ്ലാവിസ്ല സ്റ്റോജനോവിക് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചിരുന്നു. എന്നാല്‍ എണ്‍പത്തിയൊന്നാം മിനിട്ടില്‍ സിസ്‌കോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിക്കോള ക്രമര്‍വിച്ചിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബംഗലൂരു ജയിച്ചുകയറി.

അഞ്ചു മല്‍സരങ്ങളില്‍നിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്‌സി, 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്തു തുടരുകയാണ്. ഇനി ഞായറാഴ്ച എഫ്‌സി ഗോവയ്‌ക്കെതിരെ ഇതേ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top