തിങ്കളാഴ്ച്ച വ്യാപാരമവസാനിപ്പിച്ചപ്പോള്‍ ഓഹരിവിപണി പൊതുവേ ദുര്‍ബലമായിരുന്നു. സെന്‍സെക്സ് 60.73 പോയിന്റ് നഷ്ടത്തില്‍ 34950.92ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 24.80 പോയിന്റ് താഴ്ന്ന് 10,528.20 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ബാങ്കിംഗ്, ഐടി, റിയാലിറ്റി മേഖലയിലെ ഓഹരികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ഓഹരികളെല്ലാം വിലയിടിച്ചലിന്റെ പാതയിലായിരുന്നു.
സെന്‍സെക്സിലെ 18ഓളം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഹീറോ മോട്ടോകോര്‍പ്പ്, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ഇന്‍ഡസ് ഇന്‍ഡസ് ബാങ്ക് ഓഹരികള്‍ക്ക് വലിയ നഷ്ടമുണ്ടായി.
സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഓഹരിവിലകള്ക്ക് 6.3 ശതമാനം വിലയിടിഞ്ഞത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വന്‍കിട മാധ്യമസ്ഥാപനമായ സണ്‍നെറ്റ്വര്‍ക്കിന്റെ വളര്‍ച്ചയിലെ മുരടിപ്പാണ് ഓഹരിവില തകര്‍ച്ചയ്ക്ക് പ്രധാന കാരണം. കമ്പനിയുടെ പരസ്യ വരുമാന കുറവാണ് ഈ മാധ്യമ ഭീമന് തിരിച്ചടിയാവുന്നത്. മറ്റ് മാധ്യമസ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ കുറയാനുളള പുതിയ സാധ്യതയാണ് ഇത് കാണിക്കുന്നത്.
ബുധനും വ്യാഴവും ദീപാവലി പ്രമാണിച്ച് സ്റ്റോക്ക്മാര്ക്കറ്റിന് അവധിയായിരിക്കും. നവംബര്‍ 7 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 6.30 വരെ പ്രത്യക മുഹര്ത്ത് വ്യാപാരം നടക്കും.
ഏഷ്യന്‍ വിപണി മോശമായതിന്റെ ചുവടൊപ്പിച്ചാണ് ഇന്ത്യന്‍ വിപണിയും ഇന്ന് ദുര്‍ബലമായത്. യുഎസ് പലിശ നിരക്ക് ഉയരുമെന്ന ആശങ്കയാണ് ആഗോളവിപണിക്ക് പ്രതികൂലമായത്.