Kerala

ശബരിമലയില്‍ വിശ്വാസികളെ തടയരുത്; അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

നിലയ്ക്കല്‍: ശബരിമലയിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാധ്യമങ്ങളേയും വിശ്വാസികളെയും തടയരുതെന്ന് പറഞ്ഞ ഹൈക്കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് നടപടി എടുക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുത്. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ആജ്ഞാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ എന്തു പ്രകോപനമാണ് സൃഷ്ടിച്ചത്. അക്രമത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടി എടുത്തതുപോലെ പൊലീസുകാരുടെ കാര്യത്തിലും വേണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ശബരിമലയില്‍ ഒരുവിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് മേധാവി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top