കൊച്ചി: തൃപ്പൂണിത്തുറയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ രാജസ്ഥാന് സ്വദേശി പപ്പിയാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് രാജസ്ഥാന് പൊലീസിന്റെ സഹായത്തോടെയാണ് പപ്പിയെ പോലീസ് തിരിച്ചറിഞ്ഞത്. മുപ്പത്തിരണ്ടുകാരനായ പപ്പി ഇപ്പോള്‍ ഡല്‍ഹിയില്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരാന്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.
മഹാരാഷ്ട്രയിലെ വിവിധ എടിഎം കവര്‍ച്ചാക്കേസുകളിലെ പ്രതികൂടിയാണ് പപ്പി. പപ്പിയെ കൂടാതെ ഹരിയാന സ്വദേശികളായ മൂന്നുപേരും പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
ഒക്ടോബര്‍ പന്ത്രണ്ടിനു പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറ ഇരുമ്പനം പുതിയ റോഡ് ജങ്ഷനു സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്നത്.