Breaking News

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷേധത്തിനൊടുവില്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി

നിലയ്ക്കല്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കും. തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്.

ചിത്തിര ആട്ട തിരുനാളിനായി ശബരിമല 11ന് വൈകിട്ട് 5.30ന് നട തുറക്കും.12നാണ് ചിത്തിര ആട്ട തിരുനാള്‍. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്. തീര്‍ഥടനതിനു തൊട്ടു മുനമ്പുള്ള ആട്ട വിശേഷം എന്ന പ്രത്യേകതയും ഉണ്ട്. ചിത്തിര ആട്ടത്തിന് ശേഷം 12ന് രാത്രി പത്തിന് നട അടയ്ക്കും.

ഇന്നലെ മുതല്‍ എത്തിച്ചേര്‍ന്ന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ എരുമേലിയിയും നിലയ്ക്കലിലുമായി തടഞ്ഞുവച്ചിരുന്നു. ഇതിനെതിരെ എരുമേലിയിലും നിലയ്ക്കലിലും ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കടത്തിവിടാന്‍ തീരുമാനമെടുത്തത്.

നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനം ഉള്‍പ്പെടെ കടത്തിവിടും. നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാന്‍ തുടങ്ങി.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൊലീസ് സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കി. ക്ഷേത്ര പരിസരത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതല്‍ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 75 കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറ് എക്സിക്യൂട്ടിവ് മജിസ്ട്രേട്ട്മാര്‍ക്ക് ചുമതല നല്‍കി.

പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 12 സ്ഥലങ്ങളില്‍ മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിച്ചു. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാന്‍ സായുധ പൊലീസിനൊപ്പം പമ്പയില്‍ നിന്ന് അന്‍പത് വയസുകഴിഞ്ഞ വനിതാ പൊലീസുകാരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top