ആന്ധ്രാപ്രദേശിലെ കുര്‍നൂളില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അധ്യാപകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുര്‍നൂള്‍ ജില്ലയിലെ ബന്ഗാരപേറ്റ റോക്ക്വെല്‍ ഹൈസ്കൂളില്‍ ഹിന്ദി അധ്യാപകനായ ശങ്കറാണ് (30) പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അദ്ധ്യാപകന് ബ്ലേഡ് കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തിനു ശേഷം ശങ്കറും കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
അദ്ധ്യാപകന് മോശമായി പെരുമാറിയെന്നും പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും പെണ്‍കുട്ടി നേരത്തെ മാതാവിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് അദ്ധ്യാപകനെ താക്കീത് ചെയ്തിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്കൂളില്‍ താത്കാലികമായി ജോലി നോക്കുകയായിരുന്നു ശങ്കര്‍. സംഭവത്തില്‍ ശങ്കറിനെ സസ്പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീനിവാസ് അറിയിച്ചു.