sunday feature

ദേവസ്യാച്ചന്റെ ഏദന്‍തോട്ടം

പ്രീമ സി ബേബി

‘പത്തു കിണറിനു സമം ഒരു കുളം
പത്തു കുളത്തിനു സമം ഒരു ജലാശയം
പത്തു ജലാശയത്തിനു സമം ഒരു പുത്രന്‍
പത്തു പുത്രന്മാര്‍ക്കു സമം ഒരു വൃക്ഷം’

വൃക്ഷായുര്‍വേദത്തില്‍ പറയുന്ന വാക്കുകളാണിത്. പ്രകൃതിയുടെ ശ്വാസനാളമാണ് വൃക്ഷങ്ങള്‍. പ്രകൃതിക്ക് പുതുജീവന്‍ പകരുന്ന വരദാനം. മരമുണ്ടെങ്കിലെ ജീവവായുവുള്ളൂ…ഒരു മരം നട്ടുവളര്‍ത്തിയാല്‍ ആയിരമായിരം പേര്‍ക്കത് തണലേകും. പ്രകൃതിയെ ഹരിതശോഭയാല്‍ നിലനിര്‍ത്തുന്ന വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടത് മക്കളായ നാം ഓരാരുത്തരുടെയും കടമയാണ്.

വൃക്ഷങ്ങളെ സ്‌നേഹിക്കുക മാത്രമല്ല ആദരിക്കുകയും വേണമെന്ന് കാണിച്ചുതന്ന ദേവസ്യാച്ചന്‍ എന്ന പൂണ്ടിക്കുളം ദേവസ്യ സെബാസ്റ്റ്യനെക്കുറിച്ച് നാം അറിയാതെ പോകരുത്. ഒരായുസ്സ് മുഴുവന്‍ വൃക്ഷങ്ങളെ സ്‌നേഹിച്ചും പരിപാലിച്ചും പോരുന്ന പച്ചയായ പ്രകൃതിസ്‌നേഹി എന്നതിലപ്പുറം ഒരു വിശേഷണമില്ല. വരും തലമുറയ്ക്കായി വീടിനു ചുറ്റും മനോഹരമായ ഒരു വനം ഒരുക്കിയിരിക്കുകയാണ് തൊണ്ണൂറുകാരാനായ ദേവസ്യാച്ചന്‍. പൈതൃകമായി കിട്ടിയ മണ്ണില്‍ ആറേക്കര്‍ സ്ഥലമാണ് വനസ്ഥലി എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന പേരുനല്‍കി ദേവസ്യാച്ചന്‍ പ്രകൃതിയോട് അടുപ്പിച്ചിരിക്കുന്നത്.

മരങ്ങളെ മക്കളെപോലെ സ്‌നേഹിക്കുന്ന ദേവസ്യാച്ചന്‍

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മലയിഞ്ചിപ്പാറയിലാണ് ദേവസ്യാച്ചന്റെ ഏദന്‍തോട്ടം. പ്രകൃതിയെയും മരങ്ങളെയും സ്‌നേഹിക്കുന്ന ആര്‍ക്കും പൂഞ്ഞാര്‍- മുണ്ടക്കയം സംസ്ഥാന പാതയില്‍ പാതാമ്പുഴ മലയിഞ്ചിപ്പാറയില്‍ ഒരുക്കിയിരിക്കുന്ന ഈ ഹരിത വിസ്മയം കാണാനെത്താം.

തഴുകിയുണര്‍ത്തു കാറ്റും…ഇളം തണുപ്പും…പക്ഷികളുടെ കളകൂചനവും…തെന്നി ഒഴുകുന്ന അരുവിയും അവിടെ എത്തുന്ന ഓരോരുത്തരുടെയും മനസ്സിന് കുളിര്‍മ്മ സമ്മാനിക്കും. വളരെ പഴക്കമുള്ള വനവൃക്ഷങ്ങളും നാട്ടുവൃക്ഷങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്നു വനസ്ഥലിയില്‍. നിരവധി ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

‘തൈകള്‍ നടുവര്‍ സ്വര്‍ഗത്തില്‍ പോകും, നശിപ്പിക്കുവര്‍ നരകത്തിലും’ എന്ന് അമ്മ പറഞ്ഞുതന്ന ഉപദേശം മനസ്സില്‍ ഉള്‍ക്കൊണ്ടാണ് ദേവസ്യാച്ചന്‍ ഒരോ വൃക്ഷങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത്. മക്കളില്ലാത്ത ദേവസ്യാച്ചന്‍ മരങ്ങളെ സ്വന്തം മക്കളായാണ് സ്‌നേഹിക്കുന്നത്. ഭാവി തലമുറയ്‌ക്കൊരു സമ്പാദ്യമെന്നോണമാണ് താന്‍ ഈ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

അമ്പത് വര്‍ഷത്തിന്റെ കഥ പറയാനുണ്ട് ഈ ഏദന്‍തോട്ടത്തിന്…അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ദേവസ്യാച്ചന് വടക്കേയിന്ത്യയില്‍ തന്നെ സര്‍ക്കാര്‍ ഫോറങ്ങള്‍ അച്ചടിക്കുന്ന പ്രസ്സില്‍ അസിസ്റ്റന്റ് മാനേജരായി ജോലി കിട്ടിയിരുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം ജോലി വേണ്ടെന്ന് വെച്ച് നാട്ടിലെത്തിയാണ് ഈ കാണുന്ന കാടും മരവുമെല്ലാം വെച്ചു പിടിപ്പിച്ചത്.  എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്ന ഭാര്യ മൂന്ന് വര്‍ഷം മുമ്പ് ദേവസ്യാച്ചനെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞു.

പതിനായിരത്തോളം വൃക്ഷങ്ങളാല്‍ സമ്പന്നമാണിവിടം. പഞ്ചമുഖ രുദ്രാക്ഷം, ദേവദാരു, തേക്ക്, മാവ്, ബീഡിമരം, ചെസ്റ്റ്‌നട്ട്, പാല്‍പുഞ്ചിരി, വെല്‍വെറ്റ് ആപ്പിള്‍, ലിച്ചി, പൗരാണികകാലത്തെ വസ്ത്രമായി ധരിച്ചിരുന്ന മരവുരി, കാന്‍സറിന് ഏറ്റവും വലിയ മരുന്നായ ലക്ഷ്മിതരു, പ്രമേഹത്തിന് ഉത്തമമായ കറവേങ്ങ, പാമ്പുവിഷത്തിനുള്ള അണലിവേകം, സോറിയാസിസിനുള്ള ദന്തപ്പാല, വാതത്തിന് കരിങ്ങേട്ട, തുടങ്ങിയ വൃക്ഷങ്ങളാല്‍ ദേവസ്യാച്ചന്റെ വനം പ്രകൃതിയ്ക്ക് ജീവന്‍ പകരുകയാണ്. പ്ലാവ്, മാവ്, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ നാടന്‍ ഇനങ്ങളും ധാരാളമുണ്ട്.

വനസ്ഥലിയിലെ 5000 വൃക്ഷങ്ങള്‍ ദേവസ്യാച്ചന്‍ തന്നെ നട്ടുവളര്‍ത്തി പരിപാലിച്ച് പോരുന്നവയാണ്. മാറാവ്യാധികള്‍ക്ക് പോലുമുള്ള പ്രതിവിധി തന്റെ വനത്തിലുണ്ടെന്ന് ദേവസ്യാച്ചന്‍ പറയുന്നു. സോറിയാസിസ് പോലുള്ള ചര്‍മ്മരോഗത്തിന് ദന്തപ്പാലയുടെ ഇല വെയിലത്ത് വെച്ച് ഉണക്കി ചുവന്നനിറം ആകുമ്പോള്‍ എണ്ണയാക്കി ശരീരത്തില്‍ തേച്ചാല്‍ മതി.

ഓരോ മരത്തിലും മരത്തിന്റെ പേരും ശാസ്ത്രീയ നാമവും ദേവസ്യാച്ചന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധാരാളം സന്ദര്‍ശകരാണ് മലയിഞ്ചിപ്പാറയിലെ ജൈവവൈവിധ്യം കാണാന്‍ ഇവിടെ എത്തുന്നത്.

എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍

നടന്ന് ക്ഷീണിക്കുന്നവര്‍ക്ക് ഇരിക്കാന്‍ വിശ്രമസ്ഥലങ്ങളും ഈ സ്വകാര്യവനത്തില്‍ ഒരുക്കിയിട്ടുണ്ട്.  കാതല്‍ കാതല്‍ എന്ന തമിഴ് ചിത്രത്തിനും എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍  ലൊക്കേഷനായി.

പക്ഷികളുടെ ഇഷ്ടസങ്കേതം കൂടിയാണ് ഇവിടം. ധാരാളം പക്ഷികളാണ് വൃക്ഷങ്ങളില്‍ ചേക്കേറുന്നത്. തന്റെ വനം പ്രകൃതിക്ക് നല്‍കിയ ചില വൃക്ഷങ്ങളും ഔഷധച്ചെടികളും പക്ഷികള്‍ തനിക്ക് സമ്മാനിച്ചവയാണെന്നും അവയോടുള്ള കടപ്പാട് മറക്കാനാകില്ലെന്നും ദേവസ്യാച്ചന്‍ പറയുന്നു.

മരവുരി

പൂജിതവൃക്ഷം എന്ന പേരില്‍ ഒരിക്കലും വെട്ടാതെ കാത്തു സൂക്ഷിക്കുന്ന ഒരു വൃക്ഷവും കാണാം വനസ്ഥലിയില്‍. ദേവസ്യാച്ചന്‍ എന്നും പൂജിതവൃക്ഷത്തെ നമസ്‌ക്കരിക്കും. ചിലയിനം വൃക്ഷങ്ങളെ ആശ്ലേഷിച്ചാല്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് ദേവസ്യാച്ചന്‍ പറയുന്നു.

പൂജിതവൃക്ഷം

ജപ്പാന്‍കാര്‍ മിനിഫോറസ്റ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ വൃക്ഷങ്ങളെ ആശ്ലേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനത്തിലൂടെ നടക്കുന്നതിലൂടെയും ആശ്ലേഷിക്കുന്നതിലൂടെയും മനസ്സിന് ശാന്തത കൈവരുമെന്നും ബുദ്ധിവികാസത്തിന് സഹായിക്കുമെന്നുമാണ് ജപ്പാന്‍കാരുടെ സങ്കല്‍പ്പമെന്നും ദേവസ്യാച്ചന്‍ പറയുന്നു.

തനിക്ക് ജീവനുള്ള കാലത്തോളം ഒരു വൃക്ഷം പോലും മുറിക്കില്ലെന്ന് ഉറച്ചുപറയുമ്പോള്‍ ദേവസ്യാച്ചന്റെ മുഖത്ത് കാണുന്നത് വൃക്ഷത്തോടുള്ള ആദരവാണ്. വനത്തിലെ മുഴുവന്‍ മരങ്ങള്‍ക്കുംകൂടി ഒന്നരക്കോടി തരാമെന്ന് പറഞ്ഞപ്പോഴും താന്‍ ഒരു സാധരണമനുഷ്യനാണെന്ന് പറഞ്ഞ യഥാര്‍ത്ഥ വൃക്ഷസ്‌നേഹി. മരണശേഷം വൃക്ഷങ്ങളോട് അലിഞ്ഞുചേരണം എന്നാണ് ദേവസ്യാച്ചന്റെ ആഗ്രഹം. തന്റെ ഭൗതികശരീരം ഈ കാട്ടില്‍ തന്നെ അടക്കം ചെയ്യണമെന്ന് ബന്ധുക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ദേവസ്യാച്ചന്‍ പറയുന്നു. ഈ പ്രായത്തിലും താന്‍ ആരോഗ്യവാനായിരിക്കുന്നത് വൃക്ഷനിബിഡമായ ഇവിടെ ജീവിക്കുന്നതുകൊണ്ടാണെന്നും ദേവസ്യാച്ചന്‍ ആവേശത്തോടെ പറയുന്നു.

തന്റെ മരണശേഷം വനം സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ ആധിയൊന്നുമില്ല ദേവസ്യാച്ചന്. തന്റെ മരുമക്കളില്‍ (സഹോദരി പുത്രന്‍) ഒരാള്‍ തന്നെപ്പോലെ തന്നെ പ്രകൃതിയോടും വൃക്ഷങ്ങളോടും താല്‍പര്യമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞുനിര്‍ത്തി.

വനത്തെ ജീവനു തുല്യം പരിപാലിക്കുന്ന ദേവസ്യാച്ചനു റാണി ലക്ഷ്മി ഭായി തമ്പുരാട്ടി പ്രശസ്തി പത്രം നല്‍കി ആദരിച്ചു. കൂടാതെ വൃക്ഷമിത്ര സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പരിസ്ഥിതി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top