Business

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 101 കോടി കവിഞ്ഞു

കൊച്ചി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ 30-ന് 101.771 കോടിയിലെത്തിയതായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ജിയോയുടെ ആഗസ്റ്റിലെ കണക്കുകളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്.

വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാര്‍തി എയര്‍ടെല്ലാണ്. 34.352 കോടിയാണ് ഭാര്‍തി എയര്‍ടെല്‍ വരിക്കാരുടെ എണ്ണം. രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ജിയോ ഇന്റഫോകോമിന് ആഗസ്റ്റ് വരെ 23.923 കോടി വരിക്കാരാണുള്ളത്.

യുപി ഈസ്റ്റ് സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 87.53 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 84.7 ദശലക്ഷം വരിക്കാരുണ്ട്.

ബിഎസ്എന്‍എല്‍ , എംടിഎന്‍ എല്‍ , ടാറ്റ, ആര്‍കോം എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രാജ്യത്തിന്റെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ടെലികോം വ്യവസായം വലിയ പങ്കാണ് വഹിക്കുന്നതെന്ന് കോയ് ഡയറക്ടര്‍ ജനറ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നുവെന്ന് ടെലികോം വ്യവസായം ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഐഡിയ വരിക്കാരുടെ എണ്ണം 1,27,57,000 ആണ്. വോഡഫോണിന് 77,45,232-ഉം, ഭാര്‍തി എയര്‍ടെല്ലിന് 50,97,537-ഉം റിലയന്‍സ് ജിയോയ്ക്ക് 63,22,954-ഉം വരിക്കാര്‍ വീതമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top