ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് പരിഗണിക്കില്ല. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചില്‍ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫും ഉണ്ട്. ജസ്റ്റിസ് എ.കെ.കൗളാണ് മറ്റൊരംഗം. എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
തുറന്ന കോടതിയില്‍ കേസുകള്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളും ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളും കോടതിക്ക് മുമ്പിലുണ്ട്.