Kerala

വൈക്കം എറണാകുളം ഹൈസ്പീഡ് എസി ബോട്ട് പരീക്ഷണയോട്ടം വിജയത്തില്‍

വൈക്കം ; വൈക്കം എറണാകുളം ഹൈസ്പീഡ് എസി ബോട്ട് സര്‍വീസ് വേഗ 120 ട്രയല്‍ റണ്‍ വിജയത്തില്‍. വൈക്കം ബോട്ട് ജെട്ടിയില്‍ നിന്നും ആരംഭിച്ച് തവണക്കടവ് ഫെറി വരെയും തിരിച്ചും നടത്തിയ പരീക്ഷണ ഓട്ടത്തില്‍ അരൂര്‍ എംഎല്‍എ എഎം ആരിഫ് , വൈക്കം എംഎല്‍എ സി കെ ആശ എന്നിവര്‍ മുഖ്യാതിഥികളായി. ബോട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും മറ്റ് അധികാരികളും പരീക്ഷണ യാത്രയുടെ ഭാഗമായി.

സാധാരണ ബോട്ടില്‍ പതിമൂന്ന് മുതല്‍ പതിനഞ്ച് മിനിറ്റുവരെ സമയമെടുക്കുന്ന വൈക്കം – തവണക്കടവ് യാത്രയില്‍ വേഗ 120 ല്‍ വെറും 8 മിനിറ്റുകൊണ്ട് അക്കരെയെത്താന്‍ കഴിഞ്ഞു എന്നതാണ് ഹൈസ്പീഡ് സര്‍വീസിന്റെ വിജയം.

നവംബര്‍ നാലാം തീയതി ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്ന അതിവേഗ ബോട്ട് സര്‍വീസില്‍ 120 പേര്‍ക്ക് സൗകര്യമായി ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. അതില്‍ 40 എസി സീറ്റുകളും 80 നോണ്‍ എ സി സീറ്റുകളുമാണ്. 28 കി മീ വേഗതയിലാണ് ബോട്ട് സഞ്ചരിക്കുന്നത്.

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബോട്ടിന് രണ്ട് എഞ്ചിനാണുള്ളത്. വൈക്കത്ത് നിന്നും എറണാകുളത്തേക്ക് എത്താന്‍ ഗതാഗത കുരുക്കില്‍ പെട്ട് പാട്‌പെടുന്ന യാത്രക്കാര്‍ക്ക് ഈ അതിവേഗ ദീര്‍ഘദൂര എസി സര്‍വീസ് വളരെ ഉപകാരപ്രദമാണ്. മാത്രമല്ല വിനോദ സഞ്ചാര മേഖലയില്‍ കുതിച്ചുയരുന്ന വൈക്കത്തെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് സര്‍വീസ് ടൂറിസത്തിന്റെ പുത്തന്‍ പടവുകള്‍ കയറുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.

വൈക്കത്തു നിന്നും എറണാകുളം  ജെട്ടിവരെ എസി സീറ്റുകളില്‍ ഒരാള്‍ക്ക് 80 രൂപയും നോണ്‍ എസി സീറ്റുകളില്‍ 40  രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top