Kerala

ഇന്ന് കേരളപ്പിറവി ദിനം; ഐക്യകേരളത്തിന് 62 വയസ്സ്

ഇന്ന് കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാട് രൂപീകൃതമായിട്ട് ഇന്നേക്ക് 62 വര്‍ഷം തികയുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിച്ചുകൊണ്ടാണ് ഓരോ മലയാളിയും ഈ കേരളപ്പിറവി ദിനത്തെ വരവേറ്റത്.

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത് 1956 നവംബര്‍ ഒന്നിനാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പോരാട്ടങ്ങള്‍ അരങ്ങേറി. ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു സംസ്ഥാനങ്ങളുടെ പിറവി.

പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയപ്പെടുന്നു.

എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 62 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു. അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ നാടിനെ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top