Cricket

നാടന്‍ രുചി തേടി ഇന്ത്യന്‍ താരങ്ങള്‍; ബീച്ച് വോളി കളിച്ച് വിന്‍ഡീസ് ടീം; ക്രിക്കറ്റ് ആവേശത്തില്‍ ആറാടി അനന്തപുരി

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ഇരു ടീമുകളും പരിശീലനത്തിലും വിനോദങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കുള്ള വിമാനത്തിലാണ് മുംബൈയില്‍ നിന്ന് ഇരുടീമുകളും എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍.കെ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ കളിക്കാരെ സ്വീകരിച്ചു. നൂറുകണക്കിനു ക്രിക്കറ്റ് പ്രേമികളും താരങ്ങളെ കാണാനെത്തിയിരുന്നു.

കോവളം റാവിസ് ലീല ഹോട്ടലിലാണു ടീമുകളുടെ താമസം. ഇന്ത്യ ഇന്ന് പരിശീലനത്തിന് ഇറങ്ങിയെങ്കില്‍ വിന്‍ഡീസ് ടീം ബീച്ച് വോളിബോള്‍ പരിശീലനം മാത്രമേ നടത്തുന്നുളളു. പരിശീലനത്തേക്കാള്‍ കേരളത്തിലെ നാടന്‍ രുചികള്‍ പരിചയപ്പെടാനായിരുന്നു താരങ്ങള്‍ കൂടുതല്‍ സമയം കണ്ടെത്തിയത്.

 

ഞണ്ടും കൊഞ്ചും കരിമീനുമടക്കമുള്ള മീന്‍ വിഭവങ്ങളാണ് പ്രധാനമായുളളത്. ചിക്കന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ട്. കഴിവു തെളിയിച്ച മികച്ച ഷെഫുമാരാണ് താരങ്ങള്‍ക്ക് രുചിക്കൂട്ടൊരുക്കുന്നതിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ കേരളത്തിലുണ്ടായിരുന്നപ്പോള്‍ ഭക്ഷണമൊരുക്കിയ സുരേഷ് പിള്ളയും ഇത്തവണ കോലിക്കും കൂട്ടര്‍ക്കും രുചിക്കൂട്ടൊരുക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

നാളെ ഉച്ചയ്ക്ക് 1.30 മുതലാണു മല്‍സരം. മല്‍സരത്തിന്റെ 70 ശതമാനത്തിലേറെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ഇന്നും ടിക്കറ്റ് ലഭിക്കും. നാളെ രാവിലെ 11 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top