sunday feature

ഏഴുമാന്‍ കായല്‍ സുന്ദരിക്ക് സ്വപ്‌നപാലം

അമൃത അശോക്‌

ഉദിച്ചുയരുന്ന സൂര്യനെ വര്‍ണ്ണഭംഗികളോടെ ചിത്രങ്ങളില്‍ പകര്‍ത്തുന്ന അതേ മനോഹാരിത. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കവിഭാവനകളില്‍ കാണുന്നപോലെ നിറഞ്ഞൊഴുകുന്ന കായലും നിരങ്ങി നീങ്ങുന്ന വഞ്ചികളും കണ്ണ് നിറയെ പച്ചപ്പും ഹരിതാഭയും മാത്രം. നഗ്ന നേത്രങ്ങള്‍ക്ക് വിരുന്നൊരുക്കിയ ആ ദൃശ്യ വിസ്മയം കേരളത്തില്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. പക്ഷെ സംശയിക്കേണ്ട ഇത് കേരളത്തില്‍ തന്നെയാണ്. കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിലെ ഏഴുമാന്‍ തുരുത്താണിത്.

മുണ്ടാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സ്ഥലം പിടികിട്ടിക്കാണും. പ്രളയദുരന്തത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാതൃഭൂമിയുടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചത് ഇവിടെയാണ്. കേരളത്തെ കണ്ണീരിലാഴ്ത്തിയ മരണവാര്‍ത്തയിലൂടെ അറിയപ്പെടുന്ന മുണ്ടാര്‍ പ്രകൃതിഭംഗിയുടെ അധികമാരുമറിയാത്ത ഒരു കലവറ തന്നെയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ വൈക്കത്തിന്റെ പിന്നാമ്പുറങ്ങളില്‍ അവഗണിക്കപ്പെട്ട മുണ്ടാറിലെ ഏഴുമാന്‍ തുരിത്ത് ഇനി വിനോദ സഞ്ചാരത്തിന്റെ പുത്തന്‍ പടവുകള്‍ കയറുകയാണ്.

മുണ്ടാർ നടപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം

തുരിത്ത് നിവാസികളുടെ വര്‍ഷങ്ങളുടെ പരിശ്രമ ഫലമായി തുരിത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ ഏഴുമാന്‍ തുരുത്ത് വിനോദ സഞ്ചാരികളുടെ കേന്ദ്രം തന്നെയാകും എന്നതില്‍ സംശയമില്ല. ആരും തിരിഞ്ഞ് നോക്കാതിരുന്ന ഏഴുമാനിലെ 42 കുടുംബങ്ങളുടെ സഞ്ചാര സ്വതന്ത്രത്തിനായി ചുക്കാന്‍ പിടിച്ചത് മറ്റാരുമല്ല വൈക്കത്തിന്റെ സ്വന്തം എംഎല്‍എ സികെ ആശയാണ്. നിയോജകമണ്ഡലത്തിലെ ആദ്യത്തെ വനിത എംഎല്‍എയായ ആശ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ വൈക്കത്തിനെ ഉയരങ്ങളിലേക്കുയര്‍ത്തുമ്പോള്‍ ഏഴുമാന്‍ നിവാസികളേയും എംഎല്‍എ മറന്നില്ല.

വാഹനയോഗ്യമായ ഒരു പാലത്തിന്റെ പദ്ധതിയാണ് എംഎല്‍എ മുന്നോട്ട് വച്ചതെങ്കിലും സ്ഥലപരിമിതികളാല്‍ അത് നടപ്പാലമായി ചുരുങ്ങുകയായിരുന്നു. എന്തിരുന്നാലും വീപ്പകെട്ടി ജീവന്‍ പണയംവെച്ച് കായല്‍ കുറുകെ കടക്കുന്ന ജനങ്ങള്‍ക്ക് നടപ്പാലം വലിയൊരു ആശ്വാസം തന്നെയാണ്. കടുത്തുരുത്തി പഞ്ചായത്തിനേയും കല്ലറ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന് 50 മീറ്റര്‍ നീളത്തിലും 2.20മീറ്റര്‍ വീതിയിലുമാണ് പണി പൂര്‍ത്തിയാക്കുന്നത്. 46 ലക്ഷം രൂപയുടെ പദ്ധതിയില്‍ മൊത്തം തുകയും വഹിക്കുന്നത് എംഎല്‍എ ഫണ്ടില്‍ നിന്നും തന്നെയാണ്. എസ്റ്റിമേറ്റ് പ്രകാരം പണി പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ കേരളാ വിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

ആശ എംഎല്‍എ ആയതിന് ശേഷമാണ് നടപ്പാലത്തിന്റെ പദ്ധതി സമര്‍പ്പിച്ചതും അംഗീകരിക്കപ്പെട്ടതും. ഇപ്പോള്‍ പൈലിങ് നടന്നുകൊണ്ടിരിക്കുന്ന നടപ്പാലം പദ്ധതി മരവിപ്പിക്കാന്‍ അധികാരികള്‍ക്കിടയില്‍ പോലും ശ്രമം നടന്നതായി എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ ഫയല്‍ കാണാതായതും പിന്നീട് കണ്ടെടുത്തതുമെല്ലാം പാലത്തിനായുള്ള ചരടുവലിയിലുണ്ടായ നാടകീയ സംഭവങ്ങളില്‍ ഒന്നുമാത്രം. എന്നാല്‍ നേരിട്ട പ്രതിസന്ധികളെല്ലാം നടപ്പാലത്തിന് വേണ്ടി പോരാടാന്‍ പതിന്‍മടങ്ങ് കരുത്തേകിയെന്ന് എംഎല്‍എ പറഞ്ഞു.

സികെ ആശ

എന്തിനും ഏതിനും കായല്‍ നീന്തികടക്കേണ്ടി വരുന്ന ജനങ്ങളുടെ ദാരുണാവസ്ഥയ്ക്ക് ഒരു അവസാനം കാണുക മാത്രമായിരുന്നു എംഎല്‍എയുടെ ലക്ഷ്യം. വീപ്പകെട്ടി ചങ്ങാടമാക്കി കയറ് വലിച്ച് അക്കരെയെത്തുന്ന അന്ത്യന്തം അപകടംപിടിച്ച യാത്ര അവിടത്തെ കുട്ടികള്‍ക്ക് പോലും സ്ഥിരംതൊഴില്‍ ആഭ്യാസമായിരുന്നു എന്നാല്‍ കായല്‍ കടക്കുന്നതിനിടെ ഈ അടുത്ത് ഒരാള്‍ മരണപ്പെട്ടത് ജനങ്ങളില്‍ വല്ലാതെ പേടി ജനിപ്പിച്ചിരുന്നു. ഒട്ടും പേടിയില്ലാതെ ഏത് രാത്രിയും പകലും സ്വാതന്ത്രത്തോടെ സഞ്ചരിക്കാവുന്ന നടപ്പാലം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ഏഴുമാന്‍ തുരുത്ത് പറന്നടുക്കുമ്പോള്‍ സ്വന്തം നിയോജക മണ്ഡലത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുണ്ടാര്‍ പ്രദേശത്തിനെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് കയറ്റുന്നതിന്റെ സന്തോഷത്തിലാണ് വൈക്കത്തിന്റെ സ്വന്തം ആശ.

വൈക്കം നിയോജക മണ്ഡലം ആശയുടെ കൈകളിലേക്കെത്തിയിട്ട് രണ്ട് വര്‍ഷത്തിനോടടുക്കുമ്പോള്‍ മണ്ഡലത്തിന് സ്വന്തമായി അവകാശപ്പെടാവുന്ന ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ആശ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സ്വന്തമാക്കി വൈക്കം ഇന്ന് തലയുയര്‍ത്തിനില്‍ക്കുമ്പോള്‍ അടുത്ത മാസം നീരിലിറങ്ങുന്ന ഹൈസ്പീഡ് എസി ബോട്ടും എംഎല്‍എയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി വൈക്കം നേടിയതാണ്.

ആശുപത്രികളിലെ ആത്യാധുനിക സൗകര്യങ്ങളും, വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പുത്തന്‍ പദ്ധതികളുമെല്ലാം ജനപ്രതിനിധി എന്ന നിലയില്‍ ആശ ഏറ്റെടുത്തിട്ടുണ്ട്. ഇതിനെല്ലാത്തിനും ഉപരി സ്മാര്‍ട്ട് വൈക്കം എന്ന പേരില്‍ ഒരു പിടിയോളം വികസന പ്രവര്‍ത്തനങ്ങളുടെ പദ്ധതിയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എംഎല്‍എയും സംഘവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top