Entertainment

വിസ്മയങ്ങള്‍ ഒളിപ്പിച്ച് ‘ഹു’ തീയേറ്ററുകളിലെത്തി

തലക്കെട്ട് പോലെതന്നെ നിരവധി വിസ്മയങ്ങളും നിഗൂഢതകളും നിറച്ചാണ് ‘ഹു’ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവല്‍ തുടങ്ങിയ ആശയങ്ങളിലൂന്നിയാണ് 125 മിനുട്ട് ദൈര്‍ഘ്യമുളള ചിത്രം പ്രദര്‍ശനത്തിയിരിക്കുന്നത്. രാജ്യാന്തര സിനിമാ ലോകത്ത് പിന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായി മലയാളിയായ അജയ് ദേവലോകയാണ് ഹു സംവിധാനം ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം മറ്റ് നിരവധി പ്രത്യേകതകളും ചിത്രത്തിന് അവകാശപ്പെടാനുണ്ട്. ഷൈന്‍ ടോം ചാക്കോ, പേര്‍ളി മാണി, ശ്രുതി മേനോന്‍ എന്നിവര്‍ക്കൊപ്പം കളക്ടര്‍ ബ്രൊ പ്രശാന്ത് നായര്‍ ഐഎഎസും ചിത്രത്തിലെത്തുന്നുണ്ട്. മാജിക്കല്‍ റിയലിസത്തിനൊപ്പം സൈക്കോളജിയും ചേര്‍ത്തുവയ്ക്കുന്ന ചിത്രം മലയാള സിനിമയ്ക്ക് അഭിമാനമായി കാന്‍ ചലച്ചിത്ര വേദിയിലും പ്രദര്‍ശനത്തിനെത്തും. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മാര്‍ച്ച് ഡ്യു സെഷനിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഒരു ക്രിസ്മസ് രാത്രിയില്‍ നിഗൂഢമായ താഴ്‌വരയില്‍ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും അത് അവിടെയുള്ള ജനങ്ങളെ, അവരുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ‘ഹു’ സിനിമയുടെ പ്രമേയം. മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ‘ഹു’ ഇറങ്ങുക. ആദ്യ ഭാഗമായ ‘ഇസബെല്ല’ പിന്നീട് പുറത്തിറങ്ങും.

സാങ്കേതികത്വം കൊണ്ടും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഹു. പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ വിശാഖാ ബൊഖില്‍ സൗണ്ട് ഡിസൈനിംങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഡോള്‍ബി അറ്റ്‌മോസ് തീയേറ്ററുകളില്‍ മാത്രമെ പ്രദര്‍ശിപ്പിക്കു. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹു നിര്‍മ്മിച്ചിരിക്കുന്നത് കോറിഡോര്‍ 6 മൂവീസും, രവി കൊട്ടാരക്കരയും ചേര്‍ന്നാണ്. അമിത് സുരേന്ദ്രനാണ് ഛായാഗ്രഹണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top