Business

ഓഹരി വിപണി ദുര്‍ബലം ; സെന്‍സെക്‌സ് നഷ്ടം 340 പോയിന്റ്

ഏഷ്യന്‍ മാര്‍ക്കറ്റിന്റെ ചുവടൊപ്പിച്ച് ഇന്ത്യന്‍ വിപണിയും തകര്‍ച്ചയിലേക്ക് കടന്നു. ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എഫ്എംസിജി മേഖലയിലെ ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടിയേറ്റത്.

സെന്‍സെക്‌സ് 341 പോയിന്റ് ഇടിഞ്ഞ് 33,349ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 95 പോയിന്റ് നഷ്ടത്തില്‍ 10,030ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി ഐടി സൂചിക 1.9 ശതമാനം താഴ്ന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് , എച്ച്‌സിഎല്‍ ടെക്‌നോളജീസ് , ഇന്‍ഫോസിസ് ഓഹരികളുടെ വിലയിടിഞ്ഞു.

നിഫ്റ്റി ബാങ്ക് സൂചിക 1.6 ശതമാനമാണ് വീഴ്ച രേഖപ്പെടുത്തിയത്. യെസ് ബാങ്കിന്റെ ഓഹരിയില്‍ 8.7 ശതമാനം താഴ്ച രേഖപ്പെടുത്തിയതാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്.

എഫ്എംസിജി ഓഹരി സൂചിക 1.4 ശതമാനം കുറവ് രേഖപ്പെടുത്തിയതിന് കാരണം ഐടിസിയുടെ ഓഹരി വിലയിടിഞ്ഞതാണ്.

കഴിഞ്ഞ 20 മാസത്തെ ഏറ്റവും മോശം പ്രകടനമാണ് ഏഷ്യന്‍ വിപണികളില്‍ ദൃശ്യമാകുന്നത്. ഓഹരി വിപണികളില്‍ വിദേശ നിക്ഷേപ ഫണ്ടുകള്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റൊഴിയുന്നത് നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

സെന്‍സെക്‌സിലെ 23 ഓഹരികളും മോശം പ്രകടനമാണ് വാരാന്ത്യ ദിവസമായ വെള്ളിയഴ്ച കാഴ്ചവച്ചത്. വിപണി വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവുമെന്നാണ് വിപണി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top