ടെക് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് 6ടിയുടെ റിലീസിംഗ് തിയ്യതി മാറ്റി വണ്‍പ്ലസ്. വണ്‍പ്ലസ് തങ്ങളുടെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് തിയതി മാറ്റിയതായി അറിയിച്ചത്. ഈ മാസം 30ന് ന്യൂയോര്‍ക്കിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച തിയതിക്കും ഒരു ദിവസം മുമ്പെ ഒക്ടോബര്‍ 29ന് അവതരിപ്പിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ആപ്പിളിന് വേണ്ടിയാണ് വണ്‍പ്ലസ് തിയതി മാറ്റിയത്.
ടെക് ഭീമന് ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളായ ഐപാഡും മാക്ബുക്കും ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കുന്നുണ്ട്. വണ്‍പ്ലസ് 6ടിയുടെ പരിപാടി നിശ്ചയിച്ച വേദിയുടെ അടുത്ത് തന്നെയാണ് ആപ്പിളും തങ്ങളുടെ പരിപാടി നിശ്ചയിച്ചത്. ആപ്പിള്‍ ഒരു പ്രൊഡക്ട് അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടില്ലെന്ന കണക്കുകൂട്ടലാവാം തിയതി മാറ്റാന്‍ വണ്‍പ്ലസിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
വണ്‍പ്ലസ് 6T
അത്യന്താധുനികമായ സ്ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയായിരിക്കും വണ്‍പ്ലസ് 6ടി വിപണിയില്‍ എത്തുക. അതിശയകരമായ വേഗതയുള്ള ഇന്‍-ഡിസ്പ്ലേ ലോക്ക് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. 6.4 ഇഞ്ചായിരിക്കും ഫോണിന്റെ സ്ക്രീന്‍ വലിപ്പം. ഒപ്പം 3.5 എംഎം ഹെഡ്ഫോണ് ജാക്ക് വണ്‍പ്ലസ് 6ടിയില്‍ ഉണ്ടാകില്ല. 59 ശതമാനത്തോളം വണ്‍പ്ലസ് ഉപയോക്താക്കളും വയര്‍ലെസ് ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണ് എന്നതാണ് ഇത്തരം തീരുമാനത്തിന് പിന്നില്‍ എന്നാണ് വണ്‍പ്ലസ് നല്കുന്ന സൂചന. പിന്നില്‍ മൂന്ന് ക്യാമറ സെന്‍സറുകളാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 3700 എംഎഎച്ചായിരിക്കും ഫോണിന്റെ ബാറ്ററി ശേഷി.