Kerala

പാലിയേറ്റീവ് കെയറില്‍ നൂതനാശയങ്ങള്‍ തേടി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്‍പശാല

കൊച്ചി: സാന്ത്വന പരിരക്ഷയിലും വൃദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും അധിഷ്ഠിതമായ ആശയങ്ങളും മാതൃകകളും തേടി കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്യുഎം) ക്രിയേറ്റിവിറ്റി കൗണ്‍സിലും സംയുക്തമായി ത്രിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 22 മുതല്‍ തൃശൂരിലെ അദാനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തോംപ്‌സണ്‍ എന്റര്‍പ്രൈസസിലാണ് ക്രിയേറ്റീവ് ഐ-മേക്കത്തോണ്‍ എന്ന പേരില്‍ ശില്‍പശാല നടക്കുക.

നൂതനാശയങ്ങളിലൂടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ശില്‍പശാലയില്‍ വിദഗ്ധരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ മാതൃകകള്‍ രൂപപ്പെടുത്തും. ഇതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. സ്റ്റാര്‍ട്ടപ് പദ്ധതിക്കു രൂപം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തീവ്ര പരിശീലനം നല്‍കും.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഡോ.ജിപ്പു ജേക്കബ്, ദേശീയ അവാര്‍ഡ്‌ജേതാക്കളായ അഗസ്റ്റിന്‍ തോംപ്‌സണ്‍, ജോയ് അഗസ്റ്റിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.

പേറ്റന്റ് സെര്‍ച്ച് , ബിസിനസ് പ്ലാന്‍, ഇക്കണോമിക് വയബിലിറ്റി എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങളുമുണ്ടാകും. ഉല്‍പ്പന്ന വികസനത്തിനാണ് മൂന്നാം ദിവസം മാറ്റിവച്ചിരിക്കുന്നത്. സാങ്കേതിക സഹായം, പ്രവര്‍ത്തന മൂല്യ നിര്‍ണയം, എന്‍ഡ് യൂസര്‍ വിശകലനം എന്നിവ ഇതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ രൂപപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് മിഷനും ഐഐടി മദ്രാസിലെ റൂറല്‍ ടെക്‌നോളജി ആക്ഷന്‍ ഗ്രൂപ്പ് സെന്ററും സഹായം നല്‍കും. മാര്‍ഗനിര്‍ദേശം നല്‍കുന്നത് ക്രിയേറ്റിവിറ്റി കൗണ്‍സിലായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top