Latest News

തമിഴകത്ത് മീടു വിവാദം ചൂടുപിടിക്കുന്നു; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി അമലാപോള്‍

മീ ടൂ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി അമല പോളും. സംവിധായകന്‍ സുസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായികയും കവിയുമായ ലീന മണിമേഖലയെ പിന്തുണച്ചാണ് അമല ട്വീറ്റ് ചെയ്തത്. ലീനയുടെ ട്വീറ്റിനു മറുപടിയായി തനിക്കത് മനസ്സിലാകുമെന്നും സ്ത്രീകളെ ഒട്ടും ബഹുമാനിക്കാത്തയാളാണെന്നും അമല ട്വിറ്ററില്‍ കുറിച്ചു.

 

സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2 വിലെ നായികയായിരുന്നു ഞാന്‍. നായികയായിട്ടുകൂടി എനിക്കും മോശം അനുഭവങ്ങളുണ്ടായി. ദ്വയാര്‍ഥ പ്രയോഗങ്ങള്‍, അശ്ലീലച്ചുവയില്‍ സംസാരം, അര്‍ഥം വച്ചുള്ള ഓഫറുകള്‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക. ഇതൊക്കെ അനുഭവിക്കേണ്ടിവന്നു. മാനസികമായി തളര്‍ന്നുപോയി. അതുകൊണ്ടുതന്നെ ലീന പറയുന്നത് എനിക്ക് മനസ്സിലാകും. തുറന്നുപറയാന്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. ഇക്കൂട്ടര്‍ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. ആധിപത്യം സ്ഥാപിക്കാനുള്ള ഏത് അവസരവും അവര്‍ ഒഴിവാക്കില്ല” എന്നായിരുന്നു അമലയുടെ ട്വീറ്റ്.

ഇതിനു പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന അനുഭവമുണ്ടായെന്നും അമല ട്വീറ്റ് ചെയ്തു.

‘ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണില്‍ വിളിച്ചു. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ്. എനിക്ക് അത്ഭുതമായത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം’

 

മീടൂ വിവാദം തമിഴില്‍ ചര്‍ച്ചാവിഷയമായിരിക്കെയാണ് അമലയുടെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ വഴിവച്ചിരിക്കുന്നത്. അതേസമയം മീടൂ കാംപെയിനില്‍ പങ്കെടുത്ത് സിനിമ തൊഴിലിടങ്ങളിലെ നിരവധി സ്ത്രീകളാണ് ആരോപണവുമായി രംഗത്തുവരുന്നത്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ മീടൂ ആരോപണങ്ങള്‍ ശക്തമാകുന്നതോടെ ചലച്ചിത്രമേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top