Entertainment

അഭിനയം മുത്തുമണി പോലെ സുന്ദരം

സിനിമാ മേഖലയിലെ അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന എറണാകുളത്തെ നിയോ ഫിലിം സ്‌കൂളിന്റെ പരിപാടിയില്‍ ഇപ്രാവശ്യം വന്നെത്തിയ അതിഥി സിനിമാ- നാടക നടിയായ മുത്തുമണിയായിരുന്നു.

” കോഫീ വിത്ത് എ പാഷനൈറ്റ് പ്രൊ ” എന്ന പരിപാടയില്‍ പ്രസന്നവതിയായാണ് മുത്തുമണി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ഥികള്‍ നിയോ സ്‌കൂള്‍ അങ്കണത്തിലെ പരസ്പരം അറിയാനുള്ള അരങ്ങായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യോത്തര പരിപാടി. നിയോ സ്‌കൂളിന്റെ ചെയര്‍മാനും പ്രമുഖ സിനിമാ സംവിധായകുമായ സിബി മലയിലും ഈ പരിപാടിയില്‍ പങ്കെടുത്ത് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

ചൂടു കാപ്പിയുടെ നറുമണം നിറഞ്ഞു നിന്ന ഹാളിലേക്ക് ചെറു പുഞ്ചിരിയുമായി കടന്നുവന്ന മുത്തുമണി സിനിമാ വിദ്യാര്‍ഥികളില്‍ നിന്ന് തനിക്കും ഒട്ടേറെ പഠിക്കാനുണ്ടെന്ന ആമുഖത്തോടെയാണ് ആദ്യ ചോദ്യം നേരിട്ടത്.

  • നാടക നടിയായിരുന്ന മുത്തുമണി എങ്ങനെയാണ് സിനിമയില്‍ എത്തപ്പെട്ടത് ?

അമച്വര്‍ നാടക വേദിയില്‍ വേഷങ്ങള്‍ അവതരിപ്പിച്ചാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. ഡാന്‍സ് പഠിക്കാനാണ് ആദ്യം പോയത്. എന്നാല്‍ അതിന്റെ പതിവ് കാര്‍ക്കശ്യമായ ചിട്ടവട്ടങ്ങള്‍ക്ക് വഴങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എറണാകുളത്തെ സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അഭിനയത്തിന് ഒരുപാട് സ്വാതന്ത്രമുണ്ട്. അതെനിക്കിഷ്ടമായിരുന്നു. അതൊരു കരിയര്‍ ആക്കാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അത്‌കൊണ്ട് തന്നെ സയന്‍സ് വിഷയങ്ങളെടുത്താണ് ഞാന്‍ കോളേജില്‍ പഠിച്ചത്.

പിന്നീട് ചെറിയ ചെറിയ തിയേറ്റര്‍ ഗ്രൂപ്പില്‍ അഭിനയിച്ചു. എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഒരു ദളിത് യുവതിയുടെ കദനകഥ എന്ന നാടകത്തില്‍ വസുന്ധര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ലോകധര്‍മിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് ഗ്രീസിലേക്കുള്ള ആദ്യ യാത്ര. പുരാതന ഗ്രീക്ക് നാടകോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ ഗ്രീക്ക് നാടകങ്ങള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നറിയാനാണ് നാടകോത്സവം നടക്കുന്നത്. മലയാളം ഗ്രീക്ക് നാടകം അവതരിപ്പിക്കാനും കേന്ദ്ര കഥാപാത്രത്തെ ആവിഷ്‌കരിക്കാനുമുള്ള അസുലഭ അവസരവുമായിരുന്നു എനിക്ക് ലഭിച്ചത്. ചെറുപ്പമായതുകൊണ്ട് അതിന്റെ പ്രാധാന്യമൊന്നും അന്നു പിടികിട്ടിയില്ല. പക്ഷെ പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ വലിയ അവസരമായിരുന്നുവെന്ന് മനസ്സിലായി. ഒരു പകരക്കാരിയായാണ് അന്ന് ഞാന്‍ പോയത്. അന്നെനിക്ക് പാസ്‌പോര്‍ട്ടില്ലായിരുന്നു. എല്ലാം ഓടി നടന്ന് സംഘടിപ്പിച്ചു. നമുക്ക് ഒരു പാഷനുണ്ടെങ്കില്‍ എല്ലാം ഭംഗിയായി നടക്കും.

  • സിനിമാഭിനയവും നാടകാഭിനയവും എന്താണ് വ്യത്യാസം ?

നാടകം അഭിനയിക്കുമ്പോള്‍ എല്ലാം പഠിക്കാന്‍ ഒരുപാട് സമയം ലഭിക്കും. നാടകത്തില്‍ നിന്ന് വരുന്നവര്‍ക്ക് അമിതാഭിനയം കൂടുതലാണെന്ന് പറയാറുണ്ട് എനിക്കങ്ങനെ തോന്നുന്നില്ല. ഒരിക്കല്‍ ഭരത് ഗോപിച്ചേട്ടന്‍ എനിക്കൊരു നിര്‍ദേശം തന്നു, അമിതമായി അഭിനയിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചെന്ന പോലെ തുടച്ച് മാറ്റുക. സ്വാഭാവികത മാത്രം നിലനിര്‍ത്തുക. സിനിമാ അഭിനയം വളരെ ക്വിക്ക് ആണ് പെട്ടെന്ന് പഠിച്ച് സംവിധായകന്റെ നിര്‍ദേശമനുസരിച്ച് രൂപപ്പെടുത്തിയെടുക്കാം.

  • സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നത് ഇഷ്ടമാണോ ?

( ഒരു ചിരിയോടെ എന്തോ ഓര്‍ത്തെടുത്ത പോലെയായിരുന്നു മുത്തുമണിയുടെ മറുപടി. )
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ ശബ്ദം വളരെ പരുക്കനായിരുന്നു. അച്ഛന് വരുന്ന ഫോണ്‍കോള്‍ ഞാനെടുത്താല്‍ അച്ഛന്റെ സുഹൃത്തുക്കള്‍ അദ്ദേഹമാണെന്ന് തെറ്റിദ്ധരിച്ച് സംസാരം തുടങ്ങും. അയ്യോ ഞാന്‍ മുത്തുമണിയാണെന്ന് തിരുത്തിപ്പറയും. വളരെ വേഗത്തില്‍ സംസാരിക്കുന്ന എനിക്ക് ഡബ്ബ് ചെയ്യാന്‍ കഴിയുമെന്ന് വലിയ ആത്മവിശ്വാസം ഒന്നുമില്ലായിരുന്നു. പിന്നീട് സിനിമയില്‍ സ്വന്തം കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്ത് തുടങ്ങി. സിങ്ക് സൗണ്ടില്‍ മറ്റ് നിവൃത്തിയുമില്ലല്ലോ. ആദ്യ സിനിമയായ രസതന്ത്രത്തില്‍ ഡബ്ബ് ചെയ്യില്ലെന്ന് തുടക്കത്തിലേ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിരുന്നു.

  • അഭിനയിച്ച സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രം ഏതായിരുന്നു?

ഇതുവരെ 34 സിനിമകളില്‍ അഭിനയിച്ചു. പല കഥാപാത്രങ്ങളും വടക്കന്‍ കേരളത്തിലെ ഭാഷയാണ് പറയുന്നത്. പലപ്പോഴും ഭാഷ ഒരു പ്രശ്‌നമാകാറുണ്ട്. ലൂക്കാചുപ്പിയിലെ സുഹറാ റഫീക്ക് എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. സിങ്ക് സൗണ്ടും രാത്രിമാത്രമുള്ള ഷൂട്ടിംഗും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയത്.

  • അങ്കിളിലെ ലക്ഷ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ ?

ഒരു പകരക്കാരിയായാണ് എന്നെ സംവിധായകന്‍ ജോയ് മാത്യു വിളിക്കുന്നത്. ഒരു സാധാരണ വീട്ടമ്മ ഇങ്ങനെയൊക്കെ അവസാന നിമിഷം പൊട്ടിത്തെറിച്ച് പ്രതികരിക്കുമോ എന്നൊക്കെ ഞാന്‍ ജോയ് മാത്യുവിനോട് ചോദിച്ചു. ഒതുക്കിവെക്കുന്ന സ്ത്രീകള്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ അങ്ങനെ പ്രതികരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമാണ് ആദ്യം തന്നെ ചിത്രീകരിച്ചത്. സംഭാഷണം പറയുന്നതില്‍ മമ്മൂക്ക ഒരുപാട് നല്ല നിര്‍ദേശം നല്‍കി സഹായിച്ചു. ചെറിയ ഷോട്ടില്‍ ചിത്രീകരിക്കാമെന്ന നിര്‍ദേശം വന്നുവെങ്കിലും ഒരു മാസ്റ്റര്‍ ഷോട്ടില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കണമെന്ന് ക്യാമറമാന്‍ അഴകപ്പനാണ് നിര്‍ദേശിച്ചത്. ശരിക്കും എനിക്ക് പേടിയുണ്ടായിരുന്നു. ഡയലോഗ് പറയുമ്പോള്‍ മൊത്തം കുഴപ്പമാവുമോ എന്നൊക്കെ. പക്ഷെ ചിത്രത്തിലത് മനോഹരമായി വന്നു.

  • പഴയതും പുതിയതുമായ സംവിധായകരോട് ഒപ്പം ജോലി ചെയ്യുമ്പോള്‍ എന്ത് വ്യത്യാസം തോന്നുന്നു ?

സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ക്ക് സിനിമയെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. ആര്‍ടിസ്റ്റിന്റെ മൂഡ് സ്‌പോയില്‍ ചെയ്യാതെയാണ് അവര്‍ സിനിമ സംവിധാനം ചെയ്യുന്നത്. അവര്‍ ഒരു അഭിനേതാവില്‍ നിന്ന് എന്താണ് വേണ്ടതെന്ന് അറിഞ്ഞാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എല്ലാത്തിനും കൃത്യമായ പ്ലാനിങ്ങോടെയാണ് അവര്‍ സിനിമയെടുക്കുന്നത്.

പുതിയ തലമുറയില്‍പ്പെട്ടവര്‍ ഒരു ടീം വര്‍ക്കിലാണ് സിനിമ ചെയ്യുന്നത്. പരസ്പരം യോജിച്ച് തീരുമാനമെടുക്കുന്നവര്‍ ഒരു കൂട്ടായ്മ പോലെയാണ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയും ക്രിയേറ്റീവായ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്താണ് പുതുതലമുറ സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് തലമുറയില്‍പ്പെട്ട സംവിധായകരോട് കൂടി ജോലി ചെയ്യാന്‍ ഇഷ്ടമാണ്.

 

  • അഭിനയത്തിന്റെ ഇടവേളകളില്‍ എന്ത് ചെയ്യുന്നു ?

ശരിക്കും പറഞ്ഞാല്‍ ഞാനൊരു മടിച്ചിയാണ്. സിനിമാ സിനിമാ അഭിനയത്തില്‍ എനിക്ക് ധാരാളം ഇടവേളകളുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചി സര്‍വകലാശാലയില്‍ സിനിമ കോപ്പി റൈറ്റില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. ഗവേഷണത്തോടൊപ്പം സിനിമാ പകര്‍പ്പവകാശത്തെക്കുറിച്ച് ഒട്ടേറെ അറിവും ലഭിക്കുന്നുണ്ട്. എന്ത് ചെയ്താലും ഒരു പാഷന്‍ നിലനിര്‍ത്തി വേണം അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കേണ്ടത്.

  • പുതിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് ?

അഭിനേതാവിന് ആദ്യം വേണ്ടത് കോമണ്‍സെന്‍സാണ്. മാറ്റങ്ങള്‍ കണ്ടറിയാനുള്ള സെന്‍സ് വേണം. അല്ലാത്ത പക്ഷം നിങ്ങളാരും നല്ലൊരു നടനോ നടിയോ ആവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top