sunday feature

ഹനാന്‍ തിരക്കിലാണ് !

” ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് കേട്ടിട്ടില്ലേ.., അത്രയേ ഉള്ളൂ. നമുക്ക് കിട്ടുന്ന സമയം നമ്മള്‍ ആഗ്രഹിക്കും പോലെയങ്ങ് ജീവിച്ചു തീര്‍ക്കുക. അതിലാണ് കാര്യം ” – പറയുന്നത് വേറാരുമല്ല ഹനാനാണ്. ഇന്ന് മലയാളികള്‍ക്ക് മുന്നില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത പെണ്‍കുട്ടി.

തമ്മനത്തെ മീന്‍ വില്‍പ്പന വാര്‍ത്തയായതുമുതല്‍ പിന്നീടിങ്ങോട്ടുള്ള ജീവിതം അതുവരേക്കും ജീവിച്ചു പോന്നതുപോലെയായിരുന്നില്ല. യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടി…വാര്‍ത്തയ്ക്ക് പിന്നാലെയെത്തിയ നവമാധ്യമങ്ങളിലെ പ്രശംസാ വര്‍ഷങ്ങള്‍ , അഭിനന്ദനങ്ങള്‍, സഹായ വാഗ്ദാനങ്ങള്‍…പക്ഷെ എല്ലാത്തിനും ആയുസ്സുണ്ടായിരുന്നത് ഒരൊറ്റ പകല്‍ ദൂരം മാത്രം..

അരുണ്‍ ഗോപിയുടെ പുതിയ പടത്തിനായുള്ള പ്രമോഷനാണിതെന്നും മീന്‍ വില്‍പ്പന സെറ്റിട്ടൊരുക്കിയ നാടകമായിരുന്നുവെന്നുമുള്ള പ്രചരണങ്ങള്‍ പിന്നാലെയെത്തിയതോടെ അതുവരേക്കും കൂടെനിന്ന നവമാധ്യമങ്ങളുടേയും മട്ടും ഭാവവും മാറി…പിന്നെ തെറിവിളിയായി…പരിഹാസമായി…ഉപദേശമായി…ആകെ മൊത്തം ഡാര്‍ക്ക് സീനായി….

ഏഴാം ക്ലാസുമുതല്‍ കുടുംബം നോക്കാന്‍ ഓട്ടം തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ ചുവടുകളില്‍ ഒന്ന് മാത്രമാണ് ഈ മീന്‍ വില്‍പ്പനക്കാരിയുടെ വേഷമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയെടുക്കാന്‍ ഹനാന്‍ കുറച്ചൊന്നുമല്ല പാടുപെട്ടത്.

ചികിത്സയ്ക്ക് ശേഷം ഹനാന്‍ നെട്ടൂരിലെ ഫല്ാറ്റില്‍

പക്ഷെ അന്നുമുതല്‍ മലയാളിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടി ഒരു മാതൃകയായി. മറ്റാരെയും ആശ്രയിക്കാതെ , പെണ്‍കുട്ടിയാണെന്നത് ഒരു പരിമിതിയായി കാണാതെ , തനിക്കറിയാവുന്ന ജോലികള്‍ ഭംഗിയായി ചെയ്ത് കുടുംബം പോറ്റാനും സ്വന്തം പഠനത്തിനുമുള്ള പണം കണ്ടെത്തുന്ന മിടുക്കിപ്പെണ്‍കുട്ടി. തന്റെ ജീവിതം വാര്‍ത്തയായപ്പോള്‍ ലഭിച്ച സഹായങ്ങളില്‍ നിന്നും വലിയൊരു ഭാഗം പ്രളയ ബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് മടി കൂടാതെ നല്‍കിയ പെണ്‍കുട്ടി…

കോഴിക്കോട് നിന്നും ഒരു പരിപാടി കഴിഞ്ഞുവരും വഴി ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും ഹനാന്റെ നട്ടെല്ലിന് പരിക്കുപറ്റിയതും മലയാളി കേട്ടത് ഒരു ഞെട്ടലോടെയായിരുന്നു.

സര്‍ജറിക്കും ചികിത്സയ്ക്കും ശേഷം നെട്ടൂരിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ തനിച്ച് കഴിയുകയാണ് ഹനാനിപ്പോള്‍. ഒരു പ്രതിസന്ധിയിലും അപകടത്തിലും തളരാത്ത മനോധൈര്യവും നിശ്ചയദാര്‍ഢ്യവും ഒന്നുകൊണ്ടു മാത്രമാണ് വീല്‍ ചെയറില്‍ നിന്നും തനിയെ എഴുന്നേറ്റ് നടക്കാന്‍ അവള്‍ക്ക് ഇത്രയെളുപ്പം സാധിക്കുന്നത്.

” അപകടം സംഭവിക്കുന്നതിന് മുമ്പ് തമ്മനത്ത് മീന്‍ വില്‍ക്കാന്‍ ഒരു കട നോക്കുകയും അതിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഉടമസ്ഥ തര്‍ക്കം കാരണം എന്നോട് കട ഒഴിയണം എന്ന് പറഞ്ഞു. അവരുടെ കുടുംബ പ്രശ്‌നമാണ് അതില്‍ ഇടപെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല, അതുകൊണ്ട് ഒഴിഞ്ഞു. പക്ഷെ എനിക്ക് ജീവിക്കണമല്ലോ, കച്ചവടം ചെയ്‌തേ ഒക്കൂ, തോറ്റു കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ജയിച്ചു ജീവിച്ചു കാണിക്കണം. ” തളര്‍ച്ചയില്ലാത്ത ശബ്ദത്തില്‍ ഹനാന്‍ പറയുന്നു.

” ഇറക്കി വിട്ടിടത്തുതന്നെ കച്ചവടം തുടങ്ങണം. അങ്ങനെ വാശിയിലാണ് വാഹനത്തില്‍ മീന്‍ കച്ചവടം തുടങ്ങാന്‍ തുടങ്ങാനുള്ള ആലോചന ഗൗരവമായെടുക്കുന്നത്. നല്ല ഇന്റീരിയര്‍ ഒക്കെ ചെയത് ഒറ്റ നോട്ടത്തില്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലാണ് എന്റെ വാഹനം പുറത്തിറക്കുക. കിടിലന്‍ ഒരു പേരൊക്കെ കണ്ടെത്തി വച്ചിട്ടുണ്ട്. വെട്ടി കഴുകി വൃത്തിയാക്കി റെഡി ടു കുക്ക് ആയാണ് വില്‍പ്പന. കസ്റ്റമേര്‍സിന് അതാകുമ്പോള്‍ ഏറെ സൗകര്യമാകും. ”

” കുറച്ചുകൂടി കഴിഞ്ഞ് ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമിലേക്ക് മാറാനും പ്ലാന്‍ ഉണ്ട്. മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി വില്‍പ്പന കുറച്ചുകൂടി വിപുലപ്പെടുത്താം. അതിനിടയില്‍ ഡിഗ്രീ പഠനം പൂര്‍ത്തിയാകും. തുടര്‍ന്ന് മെഡിസിനു
ചേരാനും ആഗ്രഹം ഉണ്ട്. മെറിറ്റില്‍ സീറ്റ് ലഭിക്കണം. വില്‍പ്പന ഓണ്‍ലൈനാകുമ്പോള്‍ പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനുമൊക്കെ ധാരാളം സമയവും ലഭിക്കുമല്ലോ…..” ഹനാന്റെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നേയില്ല. പാട്ടും ആഘോഷവുമൊക്കെയായി ഗംഭീരമായിത്തന്നെ കടയുടെ ഉദ്ഘാടനം നടത്താനാണ് ഹനാന്റെ പ്ലാന്‍.

സിനിമയും ഹനാന്റെ സ്വപ്‌നങ്ങളിലുണ്ട്. സാധാരണക്കാര്‍ക്ക് ആര്‍ക്കാ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ ആഗ്രഹമില്ലാത്തത്. അറുന്നൂറും ആയിരം രൂപയ്ക്കുമൊക്കെ ജൂനിയര്‍ ആര്‍ടിസ്റ്റായി പോയിട്ടുണ്ട്. ആ സമയത്തൊക്കെ സീനിയര്‍ ആര്‍ടിസ്റ്റുകള്‍ ചെയ്യുമ്പോള്‍ നമുക്കും തോന്നില്ലേ..

” അപകടം കാരണം അരുണ്‍ ഗോപിയുടെ പടത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. അടുത്ത പടത്തില്‍ നോക്കാം എന്നറിയിച്ചിട്ടുണ്ട് സാര്‍. പിന്നെയുള്ളത് വൈക്കം വിജയലക്ഷ്മിയുടെ ജീവിത കഥ പറയുന്ന സിനിമയാണ്. അതിന്റെ പൂജ കഴിഞ്ഞിട്ടില്ല. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തില്‍ ഒരു വിദ്യാര്‍ഥിയുടെ വേഷം ഉണ്ട്. വൈറല്‍ 2019 എന്നൊരു ചിത്രവുമുണ്ട്…അങ്ങനെയങ്ങനെ….. ദുരന്തം പറ്റിയല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കാന്‍ എനിക്കേതായാലും വയ്യ. ” ഹനാന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ജീവിതത്തോട് പൊരുതി ജയിക്കാന്‍ മനസ്സുറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരു സല്യൂട്ട് നല്‍കിയേ ഒക്കൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top