തിരുവനന്തപുരം: സരിതാ എസ്. നായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷക്കുക. ഐജിക്കാണ് മേല്‍നോട്ടം. പുരോഗതി റിപ്പോര്‍ട്ട് എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണം.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയ്ക്കും കെ.സി. വേണുഗോപാലിനുമെതിരെ പ്രകൃതിവിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് അന്വേഷണ തലവന്‍ എ.ഡി.ജി.പി അനില്‍ കാന്തിന് സരിത പരാതി നല്‍കിയത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും വേണുഗോപാലിന്റെയും മൊഴിരേഖപ്പെടുത്തും
ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രിമാരുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത പിണറായി വിജയന് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം രൂപീകരിച്ച് സരിതയുടെ മൊഴിയുമെടുത്തു. എന്നാല്‍ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗ കേസെടുക്കാനാകില്ലെന്ന പ്രത്യേക സംഘ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാനും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ്പും നിലപാടെടുത്തു. ഇതോയെയാണ് ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം വഴിമുട്ടിയത്.
എന്നാല്‍ പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ തടസമില്ലെന്ന് പൊലീസിന് പുതിയ നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത രണ്ട് പരാതികള്‍ നല്‍കിയത്. നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന് മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതി ഉടന്‍ നല്‍കുമെന്നാണ് വിവരം.