sunday feature

വിശപ്പിന്റെ ദൈന്യമുഖം

ജോര്‍ജ് മാത്യു

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കാരയ്ക്കാമുറിയിലെ ഫെയ്‌സിന്റെ കെട്ടിടത്തിന് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ നിരാലംബര്‍ വിശപ്പകറ്റാന്‍ ചുറ്റിത്തിരിഞ്ഞ് നില്‍ക്കുന്നു. കൂട്ടത്തില്‍ യാചകരുണ്ട്, അനാഥരുണ്ട്, ഒരുനേരം ആഹാരത്തിന് വകയില്ലാതെ നഗരത്തില്‍ പല കോഴ്‌സുകള്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളുണ്ട്. ഒരു ഹൈടെക് നഗരത്തില്‍ ഇത്രയധികം പേര്‍ പട്ടിണി കിടക്കുന്നുണ്ടെന്ന തിരിച്ചറിവ് ആരെയും അത്ഭുതപ്പെടുത്തും.

വിശപ്പകറ്റാന്‍ വരുന്നവരെ ആരെയും മനുഷ്യത്വത്തിന്റെ മഹത്വം മുഖമുദ്രയാക്കിമാറ്റിയ ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി ഈസ് ( ഫെയ്‌സ് ) നിരാശപ്പെടുത്താറില്ല. പ്രതിദിനം നൂറിലധികം പേര്‍ സൗജന്യമായി ഉച്ചയൂണ് കഴിക്കാന്‍ ഇവിടെയെത്തും. ചില ദിവസങ്ങളില്‍ വിശപ്പകറ്റാന്‍ എത്തുന്നവരുടെ എണ്ണം അതിലധികമാകും. വരുന്നവര്‍ക്കെല്ലാം തോരനും, പപ്പടവും മെഴുക്ക് പുരട്ടിയും സാമ്പാറും അച്ചാറും ചോറുമടങ്ങിയ ‘ വീട്ടിലെ ഊണ് ‘ റെഡി. അവര്‍ക്ക് ചോറും കറികളും നേരിട്ട് വിളമ്പിക്കൊടുക്കുന്നത് ഫെയ്‌സിന്റെ സംഘാടകര്‍ തന്നെയാണ്.

ഊണ് കഴിക്കാനെത്തിയ യാചകനായ സുബു അവശത കൊണ്ട് ബുദ്ധിമുട്ടുമ്പോഴും പറഞ്ഞതിങ്ങനെയാണ്. ” പിച്ചക്കാര്‍ക്ക് സാധാരണ ചൂട് ചോറും കറിയുമൊന്നും ആരും തരാറില്ലായിരുന്നു. തണുത്തതും പഴയതുമായ ആഹാരം മാത്രമേ കിട്ടാറുള്ളൂ. ഇവിടെ അങ്ങനെയല്ല. ഉച്ചക്ക് എപ്പോള്‍ വന്നാലും ആവി പറക്കുന്ന ചോറും കറിയും ഇഷ്ടം പോലെ കിട്ടും.” സുബുവിനെപ്പോലെ നിരവധി അനാഥരാണ് ഫെയ്‌സ് അക്ഷയ പാത്രം പദ്ധതിയിലൂടെ ദിനം തോറും വിശപ്പടക്കുന്നത്.

നിരാലംബര്‍ക്ക് ഫെയ്‌സിന്റെ പ്രസിഡന്റ് ടിആര്‍ ദേവന്‍ , ഓഡിറ്റര്‍ വിനയ കുമാര്‍ എന്നിവര്‍ ഉച്ചഭക്ഷണം വിളമ്പുന്നു

2011ല്‍ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കാന്‍ ജസ്റ്റിസ് കൃഷ്ണ അയ്യര്‍ രക്ഷാധികാരിയായി ആരംഭിച്ച സംഘടനയാണ് ഫെയ്‌സ്. മാര്‍ക്കറ്റിലെ പട്ടിണിപ്പാവങ്ങള്‍ ഉച്ചയ്ക്ക് തിക്കിത്തിരക്കി ഊണ് കഴിക്കനെത്തും. ‘ അന്നൊക്കെ ചോറും ഒരു കൂട്ടാനും മാത്രമേ കൊടുക്കാന്‍ കഴിയൂ. ഓരോ ദിവസവും എങ്ങനെ ഊണ് കൊടുക്കാന്‍ കഴിയുമെന്ന് ഒരെത്തും പിടിയുമില്ലായിരുന്നു. ഉച്ചയാവുമ്പോഴേക്കും സുമനസ്സുകള്‍ അരിയെത്തിക്കും. പലരും മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയെത്തിച്ച് തരും. ഒരു മണിയാവുമ്പോഴേക്കും എല്ലാ ദിവസവും ചോറും കറിയും റെഡിയാവും. ” – ഇതൊക്കെ ദൈവ നിശ്ചയമാണെന്നും ഫെയ്‌സിന്റെ പ്രസിഡന്റ് ടിആര്‍ ദേവന്‍ പറഞ്ഞു.

ചെറുപ്പത്തില്‍ പട്ടിണി കിടന്നതുകൊണ്ട് വിശപ്പിന്റെ ദൈന്യത നന്നായി അറിഞ്ഞ ആളാണ് ദേവന്‍. അടൂര്‍ സ്വദേശിയായ ദേവന്‍ തൊഴിലന്വേഷിച്ച് എറണാകുളം നഗരത്തിലെത്തിയപ്പോഴും പല ദിവസങ്ങളിലും വിശപ്പടക്കാനായില്ല. അങ്ങനെയുള്ള നൂറുകണക്കിനാളുകള്‍ പട്ടിണി കിടക്കുന്നുവെന്ന തിരിച്ചറിവാണ് ദേവന് വഴിത്തിരിവായത്.

ആലംബഹീനര്‍ക്ക് ഒരു നേരമെങ്കിലും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന ഒരാഗ്രഹം സാവധാനം ഉടലെടുത്തു. ” വിശപ്പില്ലാത്ത കൊച്ചി, അതായിരുന്നു ആശയം. ഹൈക്കോടതിയിലെ അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വ്യാപാരികള്‍ എല്ലാവരും കൈനിറയെ സഹായിച്ചു. ഒരു ദിവസം എറണാകുളം മാര്‍ക്കറ്റിലെ ചെറുകിട പച്ചക്കറി വ്യാപാരി നസീര്‍ ആവശ്യത്തിനുള്ള പച്ചക്കറി സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചു. ഒട്ടും പ്രതീക്ഷിച്ചില്ല. ഇന്നും ഊണിനുള്ള പച്ചക്കറി മുഴുവന്‍ സൗജന്യമായി നല്‍കുന്നത് നസീറാണ്. ചിലരുടെ വലിയ മനസ്സിന്റെ പുണ്യമാണ് ഇന്നും ഇതൊക്കെ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നത് ” ദേവന്‍ പറഞ്ഞു.

ഫെയ്‌സിന്റെ പ്രസിഡന്റ് ടിആര്‍ ദേവന്‍

ഭക്ഷണസാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നതാണ് ഫെയ്‌സ് നേരിടുന്ന പ്രശ്‌നം. പ്രതിദിനം 6000 രൂപവരെയാണ് ഇപ്പോള്‍ ചെലവുവരുന്നത്. നല്ലവരായ വ്യക്തികളും സ്ഥാപനങ്ങളും മനസ്സോടെ നല്‍കുന്ന സംഭാവനകൊണ്ടാണ് ഫെയ്‌സിന്റെ ചെലവുകള്‍ മുന്നോട്ട് പോകുന്നതെന്ന് ഓഡിറ്റര്‍ ടി വിനയകുമാര്‍ പറഞ്ഞു. കേവലം ഭക്ഷണം മാത്രം നല്‍കുന്ന ഇന്നത്തെ സംവിധാനത്തില്‍ നിന്ന് പാര്‍പ്പിടം, വിദ്യാഭ്യാസ പരിശീലനം, ഓള്‍ഡ് ഏജ് ഹോം തുടങ്ങിയ വിപുലമായ പദ്ധതികളാണ് ഈ ചാരിറ്റബിള്‍ ട്രസ്റ്റ് വിഭാവനം ചെയ്യുന്നത്.

” അശരണരായ വൃദ്ധജനങ്ങള്‍ക്ക് വേണ്ടി കൊച്ചി നഗരത്തിന് പുറത്ത് ഒരു വൃദ്ധസദനമാണ് അടുത്ത ലക്ഷ്യം. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പെണ്‍കൂട്ടികള്‍ക്ക് താമസിക്കാനും ഇവിടെ സൗകര്യമൊരുക്കും. ഇതിനു വേണ്ടി
സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്ഥലംവാങ്ങി സൗജന്യമായി ഫെയ്‌സിന് നല്‍കും. ” വിനയകുമാര്‍ തന്റെ സ്വപ്‌ന സേവന പദ്ധതിയെക്കുറിച്ച് വാചാലനായി.

ഹൈസ്‌കൂള്‍ തലത്തിലുള്ള കൂട്ടികള്‍ക്കായി ഒരു സൗജന്യ ട്യൂഷന്‍ സെന്റര്‍, മദ്യപന്മാര്‍ക്ക് വേണ്ടി ഡി അഡിക്ഷന്‍ സെന്റര്‍, കുട്ടികള്‍ക്ക് വേണ്ടി ചിത്രകലാ ക്യാമ്പ് , ഭക്ഷണം വേണ്ടവര്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കാനുള്ള മൊബൈല്‍ യൂണിറ്റ്… ഭാവി സേവന പദ്ധതികള്‍ വിശദീകരിക്കവേ ഇതിനുള്ള പണമെല്ലാം നല്ലവരായ നാട്ടുകാര്‍ തരുമെന്ന് ദേവന്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഫെയ്‌സിന്റെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് വിഷമിച്ചിരിക്കുമ്പോള്‍ പല വ്യവസായികളും വ്യക്തികളും നിരന്തരം സഹായിക്കാറുണ്ട്. വലിയ സാമ്പത്തിക പ്രതിന്ധിയില്‍ സഹായ ഹസ്തവുമായി മുന്നോട്ട് വരുന്നത് അഡ്വ. നരേന്ദ്ര കുമാറാണ്.

ബിസ്മി എന്റര്‍പ്രൈസിന്റെ മാനേജിംഗ് ഡയറക്ടര്‍ വിഎ അജ്മല്‍, കൊയര്‍ ചാരിറ്റിയുടെ സുനില്‍ തോമസ്, മാത്യു സണ്‍സിന്റെ ബാബു മാത്യു, അസറ്റ് ഹോംസിന്റെ സുനില്‍, മുത്തൂറ്റ് എം ജോര്‍ജ് കമ്പനി, വൈശ്യ ബാങ്ക് തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഫെയ്‌സിനൊപ്പമുണ്ട്.

പ്രമുഖ സാഹിത്യകാരനും കാരയ്ക്കാമുറി സ്വദേശിയുമായ പ്രൊഫ.എം.കെ.സാനുവാണ് ഫെയ്‌സിന്റെ രക്ഷാധികാരി. മാഷിന്റെ നവതി ആഘോഷം ഇപ്രാവശ്യം 28ന് ഫെയ്‌സിലെ നിരാലംബരായവരുടെ ഒപ്പമാണ് ആഘോഷിക്കുന്നത്.

” നിങ്ങളുടെ ഏത് ആഘോഷങ്ങളും ഈ പാവപ്പെട്ടവരുടെ ഒപ്പമായാല്‍ അതൊരു വലിയ പുണ്യപ്രവര്‍ത്തിയായിരിക്കും. ഒരു ദിവസത്തെ ചിലവ് വഹിക്കാനാവുമെങ്കില്‍ വലിയ ബുദ്ധിമുട്ടില്ലാതെ 365 ദിവസവും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനാവും.” ദേവന്‍ പറഞ്ഞു.

പ്രളയകാലത്തും ഫെയ്‌സ് തങ്ങള്‍ക്കാവും വിധം സഹായം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചിരുന്നു. പ്രളയമൊഴിഞ്ഞ ശേഷം സാധുക്കളായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കി വരുന്നുണ്ട്. എല്ലാം സുമനസ്സുകളുടെ പിന്‍ബലത്തോടെ മുന്നോട്ട് നീങ്ങുന്നതെന്ന് വിനയകുമാര്‍ ഓര്‍മിപ്പിച്ചു.

പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യുന്നു

കൊച്ചി നഗരത്തില്‍ പഠിക്കാന്‍ വരുന്ന പല കുട്ടികള്‍ക്കും ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പലര്‍ക്കുമറിയില്ല. ഫെയിസ് ഒരുക്കുന്ന സൗജന്യ ഉച്ച ഭക്ഷണം കഴിക്കാന്‍ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും എത്തുന്നുണ്ട്. വീട്ടില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് മൂന്ന് നേരവും ഭക്ഷണം കഴിക്കാന്‍ കഴിയാത്ത നിരവധി പെണ്‍കുട്ടികളുണ്ട്. അഭിമാനമോര്‍ത്ത് അവര്‍ ഇവിടെ വരാറില്ല. അവര്‍ വന്നാല്‍ സന്തോഷപൂര്‍വം ഞങ്ങള്‍ സ്വീകരിക്കും. പലര്‍ക്കും അവിശ്വസനീയമെന്ന് തോന്നാവുന്ന യാഥാര്‍ഥ്യം ഉദാഹരണ സഹിതം ദേവന്‍ ചൂണ്ടിക്കാട്ടി.

ദേവന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഭാര്യ അനിത കൂടെയുണ്ട്. മകനും മകളും ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്നുണ്ട്. രാഷ്ട്രീയക്കാരന്‍, ബിസിനസുകാരന്‍, സിനിമ അഭിനേതാവ് എന്നീ പല മേഖലകളിലും ദേവന്‍ സജീവമാണ്.

” പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സഹായം ചോദിക്കുന്ന ശല്യക്കാരനായാണ് ചില സുഹൃത്തുക്കള്‍ എന്നെ കാണുന്നത്. പക്ഷെ ഭൂരിപക്ഷവും നിര്‍ലോഭം സഹായിക്കുന്നു. പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ ഒരു ചാക്ക് അരിയായോ പണമായോ ഓഫീസിലേക്ക് വന്നെത്തും. വലിയ ശമ്പളവും സേവന സന്നദ്ധതയുമുള്ള പുതു തലമുറയിലാണ് ഇനി ദേവന്റെ പ്രതീക്ഷ. അവരും കൂടി സഹായിക്കുമ്പോള്‍ കൊച്ചിയില്‍ ഒരാള്‍ പോലും വിശക്കാതെ കഴിയുമെന്നാണ് ഈ 52 കാരന്‍ സ്വപ്‌നം കാണുന്നത്,

സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക

ടിആര്‍ ദേവന്‍ 9037775755 , 9207528123
ടി വിനയകുമാര്‍ 9447141699
www.faceakshyapatram.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top