Business

വനിതകള്‍ക്കായി മൊബൈലില്‍ ഒരു സുരക്ഷാ സേവനം; ‘വോഡഫോണ്‍ സഖി’ പിവി സിന്ധു പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടി സവിശേഷ മൊബൈല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവും പ്രമുഖ ബാഡ്മിന്റണ്‍ താരവുമായ പി.വി. സിന്ധുവാണ് വോഡഫോണ്‍ സഖി പുറത്തിറക്കിയത്.

യുക്തിരഹിതമായ സാമൂഹികമോ കുടുംബപരമോആയ സമ്മര്‍ദ്ദങ്ങള്‍ക്ക് വശപ്പെടാതെ എല്ലാ സ്ത്രീകളും ധീരമായി, സമര്‍ത്ഥയായി, ധൈര്യത്തോടെ അവരവര്‍ക്ക് താല്പര്യമുള്ള മേഖലകളില്‍ നിര്‍ഭയം പര്യവേക്ഷണം ചെയ്യാനും, സഞ്ചരിക്കാനും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇന്‍ഹെബിഷന്‍ ഇല്ലാതെ ജീവിക്കൂ, എന്ന് പരിപാടിയില്‍ പങ്കെടുക്കവേ സിന്ധു പറഞ്ഞു.

എമര്‍ജന്‍സി അലേര്‍ട്ട്, എമര്‍ജന്‍സി ബാലന്‍സ്, പ്രൈവറ്റ് നമ്പര്‍ റീച്ചാര്‍ജ് തുടങ്ങിയ മൊബൈല്‍ കണക്ഷനിലൂടെയുളള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യവ്യാപകമായി വോഡഫോണ്‍ പ്രീ പെയ്ഡ് ഉപയോഗിക്കുന്ന വനിതകള്‍ക്ക് ലഭ്യമാക്കുന്നത്. ബാലന്‍സോ മൊബൈല്‍ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വനിതകള്‍ക്ക് സേവനം എത്തിക്കും.

വോഡഫോണ്‍ സഖിയിലുള്ള എമര്‍ജന്‍സി സംവിധാനം വഴി അടിയന്തര ഘട്ടങ്ങളിലും ഒഴിവാക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും എമര്‍ജന്‍സി സന്ദേശങ്ങള്‍ അയക്കാനാവും. മുന്‍ നിശ്ചയിച്ച പത്തു പേര്‍ക്കാവും ഇത് അയക്കുക. എമര്‍ജന്‍സി സാഹചര്യങ്ങളില്‍ പത്തു മിനിറ്റ് സൗജന്യ കോള്‍ സൗകര്യത്തിനും വ്യവസ്ഥയുണ്ട്. ഫോണില്‍ ബാലന്‍സ് ഇല്ലാത്തപ്പോഴും ഇതു സാധിക്കും.

സ്വകാര്യ നമ്പര്‍ റീചാര്‍ജാണ് വോഡഫോണ്‍ സഖി നല്‍കുന്ന മറ്റൊരു സൗകര്യം. കടകളിലും മറ്റും പോയി റീചാര്‍ജു ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കുവാന്‍ പത്ത് അക്ക ഡമ്മി നമ്പര്‍ നല്‍കുന്നതാണിത്. വോഡഫോണ്‍ സഖി എന്ന ഈ സേവനം സൗജന്യമായി ആക്ടിവേറ്റു ചെയ്യുവാന്‍ ടോള്‍ ഫ്രീ നമ്പറായ 1800123100 -ലേക്ക് വിളിച്ചാല്‍ മതിയാകും. ഇതില്‍ പത്ത് അടിയന്തര കോണ്‍ടാക്ട് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യയില്‍ ഒരു ബില്യണിലേറെ മൊബൈല്‍ കണക്ഷനുകളാണുള്ളതെന്നും നമ്മുടെ ജനസംഖ്യയില്‍ പകുതിയോളം വനിതകളാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ ഉപഭോക്തൃ ബിസിനസ് വിഭാഗം അസോസ്സിയേറ്റ് ഡയറക്ടര്‍ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. അതേസമയം മൊബൈല്‍ വരിക്കാരില്‍ 18 ശതമാനത്തില്‍ താഴെ മാത്രമേ വനിതകളുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top