sunday feature

പ്രായം 57…! പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി ചെത്തുകാരന്‍ ശശിച്ചേട്ടന്‍

പ്രായം 57 ആയി. പാട്ടിനേയും സംഗീതത്തേയും അതിന്റെ പാട്ടിന് വിട്ട് പണിയെടുത്ത് കുടുംബം നോക്കിയിരുന്ന പൂച്ചാക്കല്‍ കൊട്ടടിയിലെ ശശീന്ദ്രന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഈ പ്രായത്തിലും ലോകം അറിയുന്ന ഒരു കലാകാരനായി മാറുമെന്ന്. ജീവിതം അങ്ങനെയാണ്, എല്ലാം അവസാനിച്ചെന്ന് കരുതി രക്തയോട്ടം നിലയ്ക്കാറാകുന്ന നേരത്താകും ഹൃദയം അതിന്റെ പതിന്‍മടങ്ങ് ഊര്‍ജത്തോടെ ഇടിച്ചു തുടങ്ങുന്നത്. ശശീന്ദ്രന്റെ ഹൃദയവും ഇപ്പോള്‍ പത്തിരട്ടി ഊര്‍ജത്തിലാണ്. നാട്ടുകാര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ച പാട്ടുകള്‍ ലോകപ്രേക്ഷകരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലും ഉത്സാഹത്തിലുമാണ് ആ കൊച്ചുകലാകാരന്‍.

ചെറുപ്പത്തില്‍ തന്നെ സംഗീതത്തോടുള്ള അഭിരുചി തിരിച്ചറിഞ്ഞ് ക്ഷേത്ര വേദികളില്‍ ഭക്തിഗാനങ്ങളും, നാടകഗാനങ്ങളും പാടിത്തുടങ്ങിയ ശശീന്ദ്രന്‍ പിന്നീട് പൂച്ചാക്കലിന്റെ സ്വന്തം ശശിച്ചേട്ടനായി മാറിയതിനു പിന്നില്‍ അഞ്ച് പതിറ്റാണ്ട് കൊട്ടടിയില്‍ മുഴങ്ങികേട്ട സംഗീതം തന്നെയാണ്. കുട്ടിക്കാലം മുതല്‍തന്നെ പൂച്ചാക്കലില്‍ എല്ലാ ക്ഷേത്ര വേദികളിലും ശശീന്ദ്രന്‍ സ്ഥിര സാന്നിധ്യമായിരുന്നു. കേട്ടാലും കേട്ടാലും മതിവാരാത്ത അദ്ദേഹത്തിന്റെ ആലാപന ശൈലി നാട്ടുകാര്‍ക്ക് എന്നും ഹരം തന്നെയാണ്. കൊട്ടടിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ആ ശബ്ദമാധുര്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിന്റെ അഭിമാനത്തിലാണ് നാട്ടുകാര്‍.

ശശീന്ദ്രനും സുഹൃത്ത് ചന്ദ്രനും

1962ല്‍ നാരായണന്റേയും കമലാക്ഷിയുടേയും മകനായി ജനിച്ച ശശീന്ദ്രന്‍ മൂന്നാം ക്ലാസ് മുതല്‍തന്നെ പാട്ടുകള്‍ പാടിത്തുടങ്ങിയെങ്കിലും സംഗീതം അഭ്യസിക്കാന്‍ അക്കാലത്ത് നല്ലൊരു വേദി കിട്ടുക എന്നത് അസാധ്യമായിരുന്നു. സംഗീതം പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍, പാട്ട് പാടി നടന്നിട്ട് ജീവിതത്തില്‍ എന്ത് കാര്യമെന്ന അച്ഛന്റേയും അമ്മയുടേയും ചോദ്യം ആ കുഞ്ഞുകലാകാരനെ ആകെ തളര്‍ത്തി. എന്നാലും സംഗീതപഠനം എന്ന ആഗ്രഹം മനസില്‍ ബാക്കി നിര്‍ത്തി ശശീന്ദ്രന്‍ ക്ഷേത്രവേദികളില്‍ നിറഞ്ഞു നിന്നു.

പണ്ട് എപ്പഴോ ആഗ്രഹം അണപൊട്ടിയപ്പോള്‍ എടപ്പങ്ങഴി സംഗീത പഠനകേന്ദ്രത്തിലെ മതിനിലിന് പുറത്ത് പോയി മണിക്കൂറുകളോളം നില്‍ക്കുന്നതും അകത്ത് പഠിപ്പിക്കുന്നത് പുറത്ത് ചുമരുകള്‍ക്കിപ്പുറം കേട്ട് പഠിക്കുന്നതുമെല്ലാം അദ്ദേഹത്തിന് സംഗീത്തോടുള്ള അതിയായ പ്രണയം കൊണ്ട് മാത്രയിരുന്നു. ക്ലാസിന് പുറത്തെ കാത്ത്‌നില്‍പ് ഇന്നും ശശീന്ദ്രന് മങ്ങലേല്‍ക്കാത്ത ഓര്‍മ്മകളാണ്.

 

ഗ്രാമോത്സവങ്ങളില്‍ എല്ലാ വര്‍ഷവും പാട്ടുകള്‍ പാടി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ശശിച്ചേട്ടന്‍, നാടിന്റെ ശിരസ്സുയര്‍ത്തിയ നിമിഷങ്ങള്‍ ഇന്നും നാട്ടുകാരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. പതിനെട്ടാം വയസില്‍ ചെത്ത്‌ത്തൊഴിലാളിയായ ഇദ്ദേഹം സ്വന്തം തൊഴിലിനോടൊപ്പം കലയേയും കൂടെകൂട്ടാന്‍ പരമാവധി ശ്രദ്ധിച്ചു. സമയം കിട്ടുമ്പോഴൊക്കെ ഗാനമേളയ്ക്കും ഭക്തിഗാനസുധയ്ക്കും പോകും.

ശശീന്ദ്രനും ഭാര്യ പ്രസന്നയും

ജീവിതത്തിലേക്ക് ഭാര്യ പ്രസന്നയുടെ കടന്നുവരവും, പിന്നീട് മൂന്ന് മക്കളുടെ അച്ഛനുമായതോടെ ഒരു സാധാരണ ഗൃഹനാഥന്റെ റോളിലായി. ജീവിതത്തിന്റെ ഓട്ടപ്പച്ചിലില്‍ ശശീന്ദ്രനും തിരക്കുപിടിച്ചു     തുടങ്ങി. പിന്നീടങ്ങോട്ട് പാട്ട് ശശീന്ദ്രന്റെ ജീവിതത്തില്‍ നിന്നും തെന്നിമാറുകയായിരുന്നു. എന്നാലും വേദികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

അങ്ങനെയിരിക്കെ അമൃതകുടുംബത്തോടൊപ്പം വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ പാടാനായതാണ് ശശീന്ദ്രന്റെ ജീവിത്തത്തില്‍ മറക്കാനാവാത്ത ഒരനുഭവമായി അദ്ദേഹം തന്നെ പറയുന്നത്. മൂപ്പതാം വയസില്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ടിലൂടെ അദ്ദേഹത്തിന്റെ ശബ്ദം ലോകം അറിഞ്ഞെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴും  ഒരു കലാകാരനുമുന്നില്‍ ലോകത്തിന്റെ വാതില്‍  കൊട്ടിയടക്കപ്പെടുകയായിരുന്നു.

ജീവിതം ഒരു ഒഴുക്കുപോലെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുഹൃത്തുക്കള്‍ പറ്റിച്ച പണിയില്‍ ശശീന്ദ്രന്റെ ഹൃദയം പതിന്‍മടങ്ങ് വേഗത്തില്‍ ഇടിച്ച് തുടങ്ങിയത്. ശശീന്ദ്രന്‍ പാടുന്ന വീഡിയോ അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ അത് ഇത്രയ്ക്കങ്ങ് കേറി ക്ലിക്കാകുമെന്ന് അവരും കരുതിയില്ല. ലക്ഷങ്ങളുടെ ലൈക്കും കമന്റും ഏറ്റുവാങ്ങിയ വീഡിയോയാണ് പിന്നീട് കൊട്ടടക്കാരുടെ ശശിച്ചേട്ടനെ ലോകത്തിന് മുന്നില്‍ എത്തിച്ചത്.

ശശീന്ദ്രന്റെ തന്‍മയത്തോടെയുള്ള ആലാപനവും ഒരു സാധാരണക്കാരന്റെ ഇടനെഞ്ച് തൊടുന്ന പാട്ടുകളും മീഡിയ ഏറ്റെടുത്തതോടെ ചാനലുകാരുടെയും മാധ്യമങ്ങളുടേയും ഒഴുക്കാക്കായിരുന്നു പൂച്ചാക്കലിലേക്ക്. അങ്ങനെ ശശിച്ചേട്ടനെ തിരക്കി കടവന്ത്രയിലെ കേരളാ വിഷന്‍ ഓഫീസില്‍ നിന്നും ഞങ്ങളും എത്തി പൂച്ചാക്കല്‍ കൊട്ടടിയില്‍. സമൂഹമാധ്യമങ്ങളിലും പിന്നീട് ടിവി ചാനലുകളിലും എത്തിയ ശശിച്ചേട്ടന്‍ ഇപ്പോള്‍ പൂച്ചാക്കലിന്‍രെ മാത്രമല്ല ആലപ്പുഴ ജില്ലയുടെ തന്നെ സ്വകാര്യഅഹങ്കാരമാണ്.

കടപ്പാട് ഫ്‌ളവേഴ്‌സ് ടിവി

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ശശിന്ദ്രന് ഇന്ന് ലോകം മുഴുവന്‍ ആരാധകരാണ്. തകര്‍ത്തെറിയപ്പെടുന്നതിന്റെ പേരില്‍, ബന്ധങ്ങള്‍ ഇല്ലാതാകുന്നതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളെ തള്ളിപ്പറയുന്നവര്‍ ഒന്നറിയണം. ശശീന്ദ്രനെപോലെ ഉറങ്ങിക്കിടക്കുന്ന പല കലാകാരന്‍മാരേയും സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വിളിച്ചുണര്‍ത്താന്‍ പുത്തന്‍ മാധ്യമങ്ങള്‍ക്കായിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മുന്‍നിര സമൂഹമാധ്യമങ്ങള്‍ ഇത്തരത്തില്‍ നല്ലരീതിയിലും നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

കടപ്പാട് ഫ്‌ളവേഴ്‌സ് ടിവി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top