Kerala

വയലിനില്‍ ജാലവിദ്യ തീര്‍ത്ത അതുല്യ പ്രതിഭ

പുഞ്ചിരിക്കുന്ന മുഖവും, വയലിന്‍ തന്ത്രികളില്‍ വിസ്മയഭാവവുമായി ആസ്വാദകരെ രോമാഞ്ചമണിയിച്ച ബാലഭാസ്‌കര്‍ ഓര്‍മ്മയായി. 12 വയസ്സില്‍ കച്ചേരി നടത്തി, 17-ാം വയസ്സില്‍ മലയാളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ സംഗീതസംവിധായകനായ ബാലഭാസ്‌കര്‍, പൂര്‍വ്വ മാതൃകകളില്ലാത്ത അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു.

വയലിന്‍ വിദ്വാന്‍ അമ്മാവന്‍ ശശികുമാറിന്റെ ശിക്ഷണത്തിലായിരുന്നു ബാലഭാസ്‌കര്‍ വയലിന്റെ ലോകത്തേക്ക് കടന്നുവരുന്നത്.വളര്‍ന്ന് വരുമ്പോള്‍ ബാല ഒരു അനുഗ്രഹീത കലാകാരനാവുമെന്ന് ശശികുമാര്‍ സൂര്യകൃഷ്ണമൂര്‍ത്തിയോട് പറയുമായിരുന്നു. പഠനകാലത്ത് തന്നെ ബാലഭാസ്‌കര്‍ ‘കണ്‍ഫ്യൂഷന്‍’ എന്ന ബാന്‍ഡ് രൂപീകരിച്ച് പ്രതിഭ തെളിയിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഈ ചെറുപ്പക്കാരന്‍ സ്വതവേ നാണംകുണുങ്ങിയായിരുന്നു. എന്നാല്‍ വയലിന്‍ തന്ത്രികളില്‍ ഫ്യൂഷന്‍ തരംഗം സൃഷ്ടിച്ച ബാലഭാസ്‌കറിന്റെ സ്റ്റേജിലെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു.

സംസ്‌കാരിക സംഘടനയായ സൂര്യയുടെ ”തീം” സോങ് സംവിധാനം ചെയ്ത അനേകരുടെ ആരാധന പിടിച്ച് പറ്റിയ ബാലഭാസ്‌കര്‍ കേരളത്തിലാദ്യമായി ഇലക്ട്രിക് വയലിന്‍ അവതരിപ്പിച്ച് പിന്നീട് ശ്രദ്ധേയനായി.

കേരളത്തിനകത്തും പുറത്തും വയലിന്‍ ഫ്യൂഷന്‍ സംഗീതത്തില്‍ ജാലവിദ്യ തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ബാലഭാസ്‌കര്‍. ഇലക്ട്രിക് വയലിനില്‍ പ്രണയവും വിരഹവും ആഹ്ലാദമൊക്ക തീര്‍ത്ത അതുല്യ പ്രതിഭയെയാണ് 40-ാം വയസ്സില്‍ നമുക്ക് നഷ്ടമായത്.

വയലിനില്‍ പാശ്ചാത്യ,പൗരസ്ത്യസംഗീതം സമന്വയിപ്പിച്ച പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു. അസുരവാദ്യമായ ചെണ്ടയുമായി പോലും വയലിന്‍ സംഗീതം സമന്വയിപ്പിക്കുന്നതില്‍ ബാലഭാസ്‌കര്‍ വിജയിച്ചു. മട്ടന്നൂര്‍ ശങ്കരനുമായി ബാലഭാസ്‌കര്‍ നടത്തിയിരുന്ന വയലിന്‍-ചെണ്ട ഫ്യൂഷന്‍ മറക്കാനാവാത്ത അനുഭവമാണ് നല്‍കിയത്.

ബിഗ് ഇന്ത്യന്‍ ബാന്‍ഡ്, ബാലലീല എന്നീ രണ്ട് സംഗീത ബാന്‍ഡുകളിലൂടെയാണ് ബാലഭാസ്‌കര്‍ പ്രേക്ഷകഹൃദയം കീഴടക്കിയത്. മൂന്നാം വയസ്സില്‍ വയലിന്‍ കൈയിലെടുത്ത് വിസ്മയം തീര്‍ത്ത ബാലഭാസ്‌കറിനെ സിനിമയുടെ മാസ്മരികലോകം ഒരിക്കലും ഭ്രമിപ്പിച്ചില്ല. 17-ാം വയസ്സില്‍ മാംഗല്യപ്പല്ലക്ക് എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ യുവസംവിധായകന്‍ വിരലിലെണ്ണാവുന്ന ചില ചലച്ചിത്രങ്ങള്‍ക്ക് കൂടി സംവിധാനം ചെയ്ത് സിനിമയില്‍ നിന്ന് വിട്ടുനിന്നു. സംഗീതത്തേകുറിച്ച് തിരിച്ചറിവില്ലാത്തവരോട് കൂടെ ജോലി ചെയ്യാനാവില്ലെന്നായിരുന്നു ബാലഭാസ്‌കര്‍ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്.

‘മോക്ഷം’ ആയിരുന്നു അദ്ദേഹം സംഗീതസംവിധാനം ചെയ്ത അവസാന മലയാളചിത്രം. പതിനഞ്ച് വര്‍ഷത്തിന് ശേഷം ജനിച്ച മകള്‍ തേജസ്വനിയോട് അഭേദ്യമായ സ്‌നേഹബന്ധമായിരുന്നു ബാലഭാസ്‌കര്‍ പുലര്‍ത്തിയിരുന്നത്. കാറപകടത്തില്‍ പരുക്കേറ്റ് കഴിയുമ്പോള്‍ മകള്‍ ഈ ലോകത്തിലില്ലെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഭാര്യ ലക്ഷ്മിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ലോകപ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് ബാലഭാസ്‌കര്‍ എന്നും ഒരു വിസ്മയമായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി ഇലക്ട്രിക് വയലിനില്‍ നാദവിസ്മയം തീര്‍ത്തിരുന്ന ബാലു ഇനി ആസ്വാദകരുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി ജീവിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top