sunday feature

നടനാകണോ, ഈ കാസ്റ്റിംഗ് കോളിന് കാതോര്‍ക്കൂ..

‘ കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി.ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു . നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാവാനുളള ആകാരഭംഗിയുണ്ട് . പുതുമുഖങ്ങളെ തേടുന്ന നിര്‍മ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക’

                                                                                                  – പി.എ മുഹമ്മദ്കുട്ടി, അഡ്വക്കേറ്റ്

മരത്തിലെ അച്ചൂട്ടിയായും കോട്ടയം കുഞ്ഞച്ചനായും വല്ല്യേട്ടനായും മലയാളസിനിമയുടെ പ്രിയതാരമായി മാറിയ മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പത്രപരസ്യമാണിത്. ഒരുപക്ഷെ മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ പാടവത്തെ അന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ പകരം വയ്ക്കാനാവാത്ത അനേകം നല്ല കഥാപാത്രങ്ങളെ മലയാളസിനിമയ്ക്ക് നഷ്ടമായേനെ. കഴിവും അതിനേക്കാളുപരി ഭാഗ്യവും ഒത്തുചേര്‍ന്നവരായിരുന്നു അന്ന് വെളളിത്തിരയുടെ താരങ്ങളായിരുന്നതെങ്കില്‍ കഴിവുളളവരെ തേടി അവസരമെത്തുന്ന മാറ്റത്തിന്റെ ചുവടു വയ്പ്പിനൊരുങ്ങുകയാണ് മലയാള സിനിമ.

ലൊക്കേഷന്‍ കയറിയിറങ്ങിയും ചാന്‍സ് തെണ്ടിയും അടക്കാനാവാത്ത സിനിമാ മോഹവുമായി അലഞ്ഞു നടക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോഴും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാലിനി അവസരങ്ങളെ കൂടുതല്‍ സ്മാര്‍ട്ടായി തിരയാം.

കാസ്റ്റിംഗ് കോള്‍

കലയെ ജീവിതമാക്കി മാറ്റിയവര്‍ക്കായി ഒരു കൂട്ടായ്മ ഒരുക്കുകയാണ് കാസ്റ്റിഗ് കോള്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായി നടക്കുന്നവരാണ് നിങ്ങളെങ്കില്‍ കാസ്റ്റിംഗ് കോള്‍ സഹായിക്കും. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും കൈമാറിവരുന്ന കാസ്റ്റിംഗ് പരസ്യങ്ങളേക്കാള്‍ വിശാലമായ അവസരങ്ങളാണ് കാസ്റ്റിംഗ് കോള്‍ ഒരുക്കിനല്‍കുന്നത്.

അഭിനേതാവാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ കാസ്റ്റിംഗ് കോള്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിവിവരങ്ങള്‍ നല്‍കി അക്കൗണ്ട് തുറന്നാല്‍ മാത്രം മതി. സംവിധായകന്റെ മനസിലുളള മുഖവും ശരീര ഭാഷയുമാണ് നിങ്ങള്‍ക്കെങ്കില്‍ ‘കാസ്റ്റിംഗ് കോള്‍’ നിങ്ങളെ തേടിയെത്തും.

ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍..

കിരണ്‍ പരമേശ്വരന്‍ എന്ന തൃശൂര്‍ സ്വദേശിയാണ് കാസ്റ്റിംഗ് കോള്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനു പിന്നില്‍. ഇലക്ട്രിക്കല്‍ എഞ്ചിനിയറായി ദുബായില്‍ ജോലി ചെയ്യുന്നിതിനിടെ നാട്ടില്‍ അവധിക്കു വന്നപ്പോള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച ആശയമാണ് കാസ്റ്റിംഗ് കോള്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ യാഥാര്‍ത്ഥ്യമാക്കിയത്. കിരണിന്റെ സുഹൃത്തും മൈക്രോക്ലൗഡ്‌സ് ഉടമയുമായ അഥീഷ് ആണ് ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തത്. പ്രദീപ് കെഎസ്, ബിജേഷ് കെകെ, ധിരന്‍, പ്രശാന്ത് എന്നിവരും ഒത്തുചേര്‍ന്നതോടെ രണ്ടര വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കാസ്റ്റിംഗ് കോള്‍ യാഥാര്‍ത്ഥ്യമായി.

കിരണ്‍ പരമേശ്വരന്‍(Founder of CastingKall)

കാസ്റ്റിംഗ് കോള്‍ പുറത്തിറങ്ങി മാസങ്ങള്‍ക്കുളളില്‍ കലാമേഖലയില്‍ മികച്ചൊരു കൂട്ടായ്മയാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമായും സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നവര്‍ക്കും മുഖം കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു കാസ്റ്റിംഗ് കോള്‍.

സിനിമ മാത്രമല്ല പാട്ടും നൃത്തവും എഴുത്തും വരയും എന്നുവേണ്ട എല്ലാ കലാമേഖലയിലുളള സുഹൃത്തുക്കളെയും ഇവിടെ കണ്ടെത്താം.

എന്തൊക്കെയാണ് കാസ്റ്റിംഗ് കോളിലുളളത്..

മികച്ച ഫീച്ചേഴ്സിനൊപ്പം ലളിതമായ ഔട്ട്ലുക്കാണ് ആപ്ലിക്കേഷന്. പ്ലേസ്റ്റോറില്‍ നിന്നും ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിവിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒപ്പം തന്നെ നിങ്ങളുടെ പൂര്‍ണ വിവരങ്ങളടങ്ങിയ പോര്‍ട്ട്‌ഫോളിയോയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താം. താല്‍പ്പര്യമുളളവര്‍ക്ക് പോര്‍ട്ട്ഫോളിയോ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പോള്‍ തന്നെ നിങ്ങളുമായി സംസാരിക്കാം. നിങ്ങളൊരു ഗായകനാണെങ്കില്‍ പാട്ടും, അഭിനേതാവാണെങ്കില്‍ വിഡിയോയും, എഴുത്തുകാരനാണെങ്കില്‍ രചനയും എന്നിങ്ങനെ എല്ലാ കലാമേഖലയിലുളളവര്‍ക്കും തങ്ങളുടെ കഴിവുകള്‍ ആസ്വാദകരിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കാനൊരു മികച്ച വേദിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ കലാസൃഷ്ടിയെ ഫെയ്‌സ്ബുക്കിലെന്ന പോലെ അപ്‌ലോഡ് ചെയ്യാം. ആവശ്യമെങ്കില്‍ അതിനെ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാക്കാം. അല്ലാത്തപക്ഷം ആസ്വാദകരായ സുഹൃത്തുക്കള്‍ക്കിടയിലേക്ക് എത്തിക്കാം, അഭിനന്ദനങ്ങളും അഭിപ്രായങ്ങളും ഏറ്റുവാങ്ങാം. ഇവിടെ നിങ്ങളുടെ ഉളളിലെ പ്രതിഭയ്ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനൊരു വേദി എന്നതിനപ്പുറം പ്രൊഫഷണലാകാനുളള വലിയ അവസരം കൂടിയാണ് നല്‍കുന്നത്‌.

കഥാപാത്രത്തിനു യോജിച്ച മുഖത്തെ കണ്ടെത്താന്‍ സംവിധായകര്‍ക്കും ഏറെ പണിപ്പെടേണ്ട എന്നതാണ് മറ്റൊരു സവിശേഷത. അഞ്ചരയടി ഉയരത്തില്‍ ഇരുനിറമുളള യുവാവാണ് സംവിധായകന്റെ മനസിലെ കഥാപാത്രമെങ്കില്‍ കാസ്റ്റിംഗ് കോളില്‍ ഈ വിവരങ്ങള്‍ നല്‍കി യോജിച്ചയാളെ കണ്ടെത്താം. പാട്ടിനും നൃത്തത്തിനും വരയ്ക്കുമെല്ലാം ഇതേ രീതിയില്‍ ആര്‍ട്ടിസ്റ്റുകളെ സോര്‍ട്ട് ചെയ്‌തെടുക്കാം.

വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലും ഒതുങ്ങി നിന്നിരുന്ന കാസ്റ്റിംഗ് കോള്‍ പരസ്യങ്ങള്‍ യഥാര്‍ത്ഥ ആളുകളിലേക്ക് എത്തിച്ചേരുകയാണ് ഇവിടെ. സംവിധായകന്റെ മനസിലുളള കഥാപാത്രത്തിലേക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പരസ്യം ഒരുപക്ഷെ എത്തിച്ചേരണമെന്നില്ല. ഇവിടെ കഴിവുളള കലാകാരന് അവസരം നഷ്ടപ്പെടുന്നതിനൊപ്പം മികച്ചൊരു കഥാപാത്രത്തെയുമാണ് നഷ്ടപ്പെടുന്നത്. എന്നാല്‍ കഴിവുളളവര്‍ക്ക് അവസരം നഷ്ടപ്പെടരുതെന്ന മികച്ച ആശയമാണ് കാസ്റ്റിംഗ് കോള്‍ എന്ന സോഷ്യല്‍മീഡിയ മുന്നോട്ട്‌വയ്ക്കുന്നത് – കാസ്റ്റിംഗ് കോള്‍ സിഇഒയും ഫൗണ്ടറുമായ കിരണ്‍ പരമേശ്വരന്‍ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

കിരണിന്റെ സുഹൃദ്‌വലയമാണ് കാസ്റ്റിംഗ് കോളിനെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയത്. കാസ്റ്റിംഗ് കോള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ പതിനഞ്ചോളം പേര്‍ ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ട്. ആപ്ലിക്കേഷന്‍ കൂടുതല്‍ മികച്ചതാക്കാന്‍ കൂടുതല്‍ നിക്ഷേപകരെയും കമ്പനി പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ‘ആര്‍ട്‌സിനു വേണ്ടി മാത്രമൊരു സോഷ്യല്‍മീഡിയ’ എന്നതും നിക്ഷേപകര്‍ക്കു മുന്നില്‍ വിശാലമായ സാധ്യതകളാണ് തുറന്നിടുന്നത്.

ധിരന്‍, പ്രദീപ്, അഥേഷ്, പ്രശാന്ത് മേനോന്‍

ആപ്ലിക്കേഷനൊപ്പം കാസ്റ്റിംഗ്കോള്‍.കോം(http://castingkall.com )എന്ന വെബ്‌സൈറ്റുമുണ്ട്‌. മുകളില്‍ പറഞ്ഞ അതേ രീതി പിന്തുടര്‍ന്ന് വൈബ്‌സൈറ്റിലും അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം. പ്ലേസ്റ്റോറിലെത്തി കാസ്റ്റിംഗ് കാള്‍ എന്ന് നല്‍കി 12 എംബി മാത്രമുളള ആപ്പ് ഡൗണ്‌ലോഡ് ചെയ്യുക. നിങ്ങളുടെ കഴിവുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക. ശേഷം കാസ്റ്റിംഗ് കോളിനായി കാത്തിരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top