Breaking News

ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനോട് പത്ത് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ബ്രൂവറി വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും എക്സൈസ് മന്ത്രി മറുപടി പറയുന്നില്ലെന്നും മദ്യനയത്തില്‍ പറയാത്ത ഡിസ്റ്റിലറികള്‍ അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു.

രേഖാമൂലം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആ ഉത്തരവുകള്‍ ശരിയല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. കൊച്ചിയില്‍ അനുവദിച്ച ബ്രൂവറി സംബന്ധിച്ച ഒരു കാര്യവും സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇല്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം വന്ന മൂന്നു മദ്യനയത്തില്‍ ഒരിടത്തും ഡിസ്റ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നായനാര്‍ സര്‍ക്കാര്‍ ഇനി ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങേണ്ട എന്ന് തീരുമാനമെടുത്തിരുന്നു. 19 വര്‍ഷത്തിനു ശേഷം ആരോരുമറിയാതെ ഈ സര്‍ക്കാര്‍ നാലു പേര്‍ക്ക് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിലാണ് വന്‍ അഴിമതിയുണ്ടായിട്ടുള്ളത്. നായനാരും അച്യുതാനന്ദനും അനുവദിക്കാത്ത ഡിസ്റ്റിലറി പിണറായി എന്തടിസ്ഥാനത്തിലാണ് അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

കിന്‍ഫ്രാ പാര്‍ക്കില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 10 ഏക്കര്‍ ഭൂമി ബ്രൂവറി തുടങ്ങാനായി കൊടുക്കുകയായിരുന്നു. അത് കൊടുത്തത് വ്യവസായ വകുപ്പ് അറിഞ്ഞിട്ടുണ്ടോ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് സര്‍ക്കാരിനോട് 10 ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top