ആരോരുമറിയാതെ പത്ത് വര്‍ഷം രഹസ്യമായി കൊണ്ടുനടന്ന പ്രണയം ഒടുവില്‍ വിവാഹത്തിലേക്ക്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത അദ്ഭുതത്തോടെയും ആഹ്ളാദത്തോടെയുമാണ് കായികപ്രേമികള്‍ വരവേറ്റത്. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. ഡിസംബര്‍ 21ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ സത്കാരം നടത്തും.
2005ല്‍ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം അറിയാമായിരുന്ന പ്രണയം ഇരുവരുടെയും വീട്ടുകാര്‍ കൂടി അംഗീകരിച്ചതോടെ വിവാഹത്തിന് വേദിയൊരുങ്ങുകയായിരുന്നു.
ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അടക്കം ഇരുപതോളം പ്രധാനപ്പെട്ട മെഡലുകള്‍ ഇരുപത്തെട്ടുകാരിയായ സൈനയുടെ പേരിലുണ്ട്. അതേസമയം 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്ണനേട്ടത്തിനൊപ്പം 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു മുപ്പത്തിരണ്ടുകാരനായ കശ്യപ്.