ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിന് കച്ച മുറുക്കിയിറങ്ങുകയാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ആദ്യമത്സരത്തില്‍ ഹോങ്കോങ്ങാണ് എതിരാളികള്‍. ശ്രീലങ്കയോട് പരാജയപ്പെട്ടിരിക്കുന്ന ഹോങ്കോങ്ങിന് ഏതുവിധേനെയും മത്സരം ജയിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ പടയ്ക്ക് ഹോങ്കോങ്ങിനെ അനായാസം നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദുബായ് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് മത്സരം.
നായകന് രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. കെഎല്‍ രാഹുലും കേദാര്‍ ജാദവും മധ്യനിരിയിലുണ്ടാകും. ടൂര്‍ണമെന്റില്‍ ബൗളിങ് നിയന്ത്രിക്കുക ഭുവനേശ്വറും ബുംറയും കുല്‍ദീപും ചാഹലുമായിരിക്കും. അതേസമയം കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയുടെ നായക പരിവേഷം നിര്‍ണായകമാണ്. ക്യാപ്റ്റന്‍ സ്ഥാനത്തുളള രോഹിത്തിന്റെ നീക്കങ്ങള്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഹോങ്കോങ്ങുമായി ഇന്ന് നടക്കുന്ന മത്സരത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാനുമായുളള ഇന്ത്യയുടെ മത്സരവും നടക്കും.