Automotive

വെറുക്കപ്പെട്ട സന്തതിയായി പെഗാസസ്; രോഷത്തോടെ ഉടമകള്‍

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുതിയ പെഗാസസ് മോഡല്‍ വിവാദമാകുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ പുലര്‍ത്തിയ ഐതിഹാസിക ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് പെഗാസസ് 500 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. എന്നാല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് മോഡല്‍ പുറത്തിറക്കി കമ്പനി തങ്ങളെ വഞ്ചിച്ചെന്നാണ് വാഹനം സ്വന്തമാക്കിയവരുടെ പരാതി.

കാര്യം മറ്റൊന്നുമല്ല ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന് രണ്ടരലക്ഷം വാങ്ങിയിട്ട് എബിഎസ് പോലും നല്‍കിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. വാഹനം വാങ്ങിക്കാന്‍ പോയപ്പോള്‍ ഇല്ലാത്ത പരാതി ഇപ്പോഴെന്തിനാണെന്നാണ് സംശയിക്കുന്നതെങ്കില്‍ കാരണം മറ്റൊന്നാണ്. പെഗാസസിനു ശേഷം കമ്പനി അവതരിപ്പിച്ച ക്ലാസിക് സിഗ്നല്‍ എഡിഷനില്‍ എബിഎസ് സൗകര്യവും കമ്പനി നല്‍കി. വിലയാകട്ടെ 1.61 ലക്ഷം മാത്രം. ലിമിറ്റഡ് എഡിഷന്‍ പെഗാസസ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലിരിക്കുന്ന ഉടമകളെ ഇതാണ് ചൊടിപ്പിച്ചത്.

ക്ഷുഭിതരായ വാഹന ഉടമകളില്‍ ചിലര്‍ കമ്പനിയെ പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരു മോഡലുകളും തമ്മില്‍ ഡിസൈനില്‍ വ്യത്യാസമുണ്ടെന്നും വിലയ്ക്കനുസൃതമായ ഡിസൈനാണ് പെഗാസസിന് നല്‍കിയതെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ ഇതിലൊന്നും തൃപ്തരാകാതിരുന്ന ചിലര്‍ പെഗാസസിനെ വേസ്റ്റ് കൂനയില്‍ തളളി ചിത്രമെടുത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ തുടര്‍ക്കഥയെന്നവണ്ണം പെഗാസസ് ഉടമകളില്‍ ഒരാളായ അനൂജ് സിംഗ് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ നിര്‍ബന്ധമായിരിക്കെ എബിഎസില്ലാത്ത പെഗാസസ് 500 മോഡലുകളെ കമ്പനി ഇന്ത്യയില്‍ വിറ്റതെങ്ങനെയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോടു അനൂജ് സിംഗ് ചോദിക്കുന്നു.

എന്നാല്‍ തങ്ങളുടെ ന്യായമായ പരാതി കണക്കിലെടുത്ത് റോയല്‍ എന്‍ഫീല്‍ഡ് അനുകൂലമായിത്തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ഉപയോക്താളും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top