ധാക്കയില്‍ ഉജ്ജവല വിജയം പ്രതീക്ഷിച്ച് പന്ത് തട്ടാന്‍ മൈതാനത്തിറങ്ങിയ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മാലദ്വീപിന്റെ രണ്ടാം കിരീടവും ഇന്ത്യയുടെ നാലാം ഫൈനല്‍ തോല്‍വിയുമായിരുന്നു ഇന്നലെ നടന്ന മത്സരം. ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കും മാലദ്വീപ് പകരംവീട്ടി.
കളിയുടെ തുടക്കത്തില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. പത്തൊമ്പതാം മിനുട്ടില്‍ മാലയുടെ ഇബ്രാഹിം ഹുസൈന് ആദ്യഗോള്‍ നേടി. എഴുപത്തിമൂന്നാം മിനുട്ടില്‍ ഇന്ത്യന്‍ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി അലി ഫാസിര്‍ രണ്ടാം ഗോളും നേടിയതോടെ മാല വിജയം ഉറപ്പിച്ചു. ഇന്‍ജുറി ടൈമില്‍ സുമീത് പാസി നേടിയ ആശ്വാസ ഗോള്‍ ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം. 2009ലെ ഫൈനലില്‍ ഇതേ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഷൂട്ട്ഔട്ടില്‍ ഇന്ത്യ മാല ദ്വീപിനെ പരാജയപ്പെടുത്തിയത്.