sunday feature

പഴമയുടെ ഗരിമയില്‍ വെട്ടിക്കാട്ട് തടി ഡിപ്പോ

ഡിപ്പോ ഓഫീസ് കെട്ടിടം

പ്രീമ സി ബേബി

ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ശേഷിപ്പുകളില്‍ ഒന്നാണ് തലയോലപ്പറമ്പിനടുത്തുള്ള വെട്ടിക്കാട്ട് മുക്ക് സര്‍ക്കാര്‍ തടി ഡിപ്പോ. കേരളത്തിലെ തന്നെ ഏറ്റവും കാലപഴക്കമുള്ള തടി ഡിപ്പോകളിലൊന്നായി തലയെടുപ്പോടെ നില്‍ക്കുന്ന ഡിപ്പോയ്ക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. ഏകദേശം നൂറുവര്‍ഷത്തിനു മുകളില്‍ കാലപ്പഴക്കം നിര്‍ണയിക്കാവുന്ന ഡിപ്പോ ബ്രിട്ടീഷ് ഭരണകാലത്താണ് നിര്‍മ്മിച്ചത്.

പ്രകൃതി സൗന്ദര്യം തുളുമ്പുന്ന വിസ്മയക്കാഴ്ച്ചകളാണ് ഡിപ്പോയ്ക്ക് ചുറ്റും… ഒഴുകുന്ന പുഴയും തണുത്ത കാറ്റിന്റെ കുളിര്‍മ്മയും പക്ഷികളുടെ ശബ്ദവും ഡിപ്പോയെ കൂടുതല്‍ മനോഹരിയാക്കുന്നു. ഓഫീസിനടുത്തായി നില്‍ക്കുന്ന വലിയ കാഞ്ഞിരമരങ്ങളും 500 സെ.മി വണ്ണമുള്ള മഹാഗണി മരമുത്തശ്ശിയും, ബീഡിയിലമരവും ചെസ്റ്റ്‌നട്ട് എന്ന വിദേശ മരവുമെല്ലാം ഡിപ്പോയിലെ കൗതുകകാഴ്ചകളാണ്.

മഹാഗണി

പഴമയുടെ പ്രൗഢിയില്‍ പുഴയുടെ തീരത്ത് ഇന്നും ചുള്ളനായി നില്‍ക്കുന്ന ഓട് പാകിയ കെട്ടിടമാണ് വെട്ടിക്കാട്ട് മുക്ക് ഡിപ്പോയുടേത്. കാലം ചെറിയ കേടുപാടുകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഗമയ്ക്ക് ഒട്ടും കുറവുവന്നിട്ടില്ല. സര്‍ക്കാരിന് ഏഴ് കോടിയോളം രൂപ വാര്‍ഷികവരുമാനമായി നല്‍കുന്ന താന്‍ എന്തിന് ഗമ കുറയ്ക്കണമെന്ന ചെറിയൊരു അഹങ്കാരവും ഉണ്ടെന്ന് കൂട്ടിക്കോ…

ശരാശരി 1500 ക്യുബിക് മീറ്റര്‍ വരെയുള്ള തടികളാണ് വെട്ടിക്കാട്ട് മുക്ക് ഡിപ്പോയിലെത്തുന്നത്. ഹൈറേഞ്ച് സര്‍ക്കിളിന് കീഴിലുള്ള കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പാന്റേഷനുകളില്‍ നിന്നുളള തേക്ക്, ആഞ്ഞിലി, മരുത്, ഇരുള്‍, വെന്തേക്ക് തുടങ്ങിയ തടികളാണിവ. റോഡ്, ജല ഗതാഗതം ഉപയോഗപ്പെടുത്തിയാണ് പ്ലാന്റേഷനുകളില്‍ നിന്നുള്ള തടി ഡിപ്പോയിലെത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ ചങ്ങാടം ഉണ്ടാക്കി അതില്‍ തടികള്‍ കയറ്റിയാണ് തടികള്‍ എത്തിച്ചിരുന്നത്.

ലോകത്തില്‍ എവിടെ നിന്നും പങ്കെടുക്കാനാവുന്ന രീതിയില്‍ ഓണ്‍ലൈനായാണ് ലേലം നടക്കുന്നത്. മാസത്തില്‍ രണ്ട് ലേലം വരെ നടക്കും. വീടുപണിക്കാവശ്യമായ തടികളുടെ നിശ്ചിത റീട്ടെയില്‍ സെയിലും ഇവിടെ നടക്കുന്നുണ്ട്. ബില്‍ഡിംഗ് പ്ലാന്‍, പെര്‍മിറ്റ് പ്ലാന്‍ എന്നിവ കൊണ്ടുവന്നെങ്കില്‍ മാത്രമേ റീട്ടെയില്‍ സെയില്‍ സാധ്യമാകൂ.

തേക്കാണ് പ്രാധാനമായും പ്ലാന്‍േഷനുകളില്‍ നട്ടുവളര്‍ത്തുന്നത്. 60 വര്‍ഷമാണ് തേക്കിന്റെ പരിപൂര്‍ണ്ണവളര്‍ച്ചയ്ക്ക് വേണ്ടത്. പണ്ട് കാലത്ത് പ്ലാന്‍േഷനുകളില്‍ മരങ്ങളുടെ ഇടയ്ക്ക് പച്ചക്കറി, കാച്ചില്‍ തുടങ്ങിയ ഇടവിളകളും കൃഷി ചെയ്തിരുന്നു. ഇവയ്ക്ക് നല്‍കുന്ന പരിചരണം ഇപ്പോള്‍ മുറിക്കുന്ന തേക്കിനും ഗുണം ചെയ്തുവെന്നും ഡിപ്പോ ഓഫീസര്‍ ജി രാധാകൃഷ്ണന്‍ പറയുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരൊക്കെയോ ചെയ്ത നല്ലകാര്യങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ നല്ല തടികള്‍ ലഭിക്കുന്നത്. മണ്ണിന്റെ ഘടനയില്‍ മാറ്റം വരുന്നതും കാലാവസ്ഥവ്യതിയാനവും മൂലം ഇനി ഇത്തരം തടികള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.

ഡിപ്പോ ഓഫീസര്‍ ജി രാധാകൃഷ്ണന്‍

ഡിപ്പോ ഓഫീസിന്റെ കതകില്‍ എഫ്. എല്‍. 9-12-99 എന്നു രേഖപ്പെടുത്തിയിരിക്കുന്നു

2018ലെ മഹാപ്രളയത്തിന്റെ ഭീതി ഒഴിഞ്ഞ് പതിയെ ജീവിതം പഴയപടി തുന്നിച്ചേര്‍ക്കുന്ന കേരളം 1924 ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകള്‍ ദിവസങ്ങളോളം പ്രളയത്തില്‍ അകപ്പെട്ടുപ്പോയ ദുരന്തദിനങ്ങളായിരുന്നു 1924ലെ വെള്ളപ്പൊക്കം. ആ വെള്ളപ്പൊക്കം എത്രമാത്രമായിരുന്നു എന്ന് നേരിട്ടു കണ്ട് ബോധ്യപ്പെടണമെങ്കില്‍ വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയിലെത്തിയാല്‍ മതി. ഡിപ്പോ ഓഫീസിന്റെ കതകില്‍ എഫ്. എല്‍. 9-12-99 എന്നു രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.

മലയാള വര്‍ഷം 1099ല്‍ ജൂലൈ 17നു തുടങ്ങി ഒന്‍പതു ദിവസം തുടര്‍ച്ചയായി പെയ്ത പ്രളയത്തിന്റെ മായാത്ത മുദ്രയായി അത് ഇന്നും സംരക്ഷിച്ചുപോരുന്നു. 2018ലെ വെള്ളപ്പൊക്കത്തിന്റെ തോതും വരുംതലമുറയ്ക്ക് അറിവായി ഇവിടെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 1924ലെ വെള്ളപ്പൊക്കത്തില്‍ ഡിപ്പോയില്‍ കയറിയ വെള്ളത്തിന്റെ അളവില്‍ കുറവാണ് 2018ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ കെട്ടിടം പുതുക്കി പണിയാതെ നിലനിര്‍ത്തിയിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ ഡിപ്പോ ഓഫീസര്‍ നല്‍കിയ മറുപടിയും ഇതുതന്നെയാണ്. പരിമിതികളുടെ നടുവിലാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്റെ മുതല്‍ക്കൂട്ടുകള്‍ ഉറങ്ങുന്ന ഡിപ്പോ പൊളിച്ചുപണിയുന്നതിനോട് ജീവനക്കാര്‍ക്കും യോജിപ്പില്ല. ഫയലുകളും മറ്റും സൂക്ഷിക്കാന്‍ കെട്ടിടത്തിന്റെ പുറകിലേക്ക് ഒരു മുറികൂടി നീട്ടിപണിയണമെന്ന ഉദ്ദേശം ഉണ്ടായിരുന്നു. അതിനുള്ള അനുമതിയും കിട്ടിക്കഴിഞ്ഞതാണ്. എന്നാല്‍ മുറി നീട്ടി പണിയണമെങ്കില്‍ കെട്ടിടത്തോട് ചേര്‍ന്നുനില്‍ക്കുന്ന ബീഡിമരം മുറിക്കേണ്ടതായി വരും. അതുകൊണ്ട് ആ പ്ലാന്‍ ഉപേക്ഷിച്ചുവെന്ന് പ്രകൃതിസ്‌നേഹിയായ അദ്ദേഹം പറഞ്ഞു.

ബീഡിയിലമരം

അടുത്തസമയത്ത് ഉണ്ടായ പ്രളയത്തില്‍ നേരിട്ട വലിയ വെല്ലുവിളിയേയും ഐക്യവും മനോധൈര്യവും കൊണ്ട് തോല്‍പ്പിച്ചവരാണ് ഡിപ്പോയിലെ ജീവനക്കാര്‍. പ്രളയത്തില്‍ ഒഴുകിപ്പോയേക്കാവുന്ന തടികള്‍ സ്വപ്രയത്‌നം കൊണ്ട് അവര്‍ സംരക്ഷിച്ചു. വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ തടികള്‍ ഒഴുകിപ്പോകാന്‍ തുടങ്ങി. ആദ്യം ഒഴുകിവന്ന തടികള്‍ ബെല്‍റ്റുപോലെ കെട്ടിനിര്‍ത്തി. പിന്നീട് ഒഴുകിവരുന്ന ഓരോ തടികളും വടങ്ങളും മറ്റും ഉപയോഗിച്ച് അതിനോട് ചേര്‍ത്ത് കെട്ടിനിര്‍ത്തി. സര്‍ക്കാരിന് വലിയ നഷ്ടം വന്നേക്കാവുന്ന സാഹചര്യം ഒഴിവാക്കാന്‍ തങ്ങള്‍ ചെയ്ത പരിശ്രമത്തിന് അവാര്‍ഡ് തരേണ്ടതാണെന്നും ഡിപ്പോ ഓഫീസര്‍ ജി രാധാകൃഷ്ണന്‍ പറയുന്നു.

കൈയ്യേറ്റങ്ങളും മറ്റും തടയാന്‍ റിസര്‍വ് വനമാക്കുന്നതിനുവേണ്ട നോട്ടിഫിക്കന് കൊടുത്തിട്ടുണ്ടെന്നും വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഡിപ്പോയുടെ ശ്വാസകോശം തന്നെ നഷ്ടമാകുമെന്നും ഓഫീസ് അറ്റന്റ്റന്റ് ടി ആര്‍ അനൂപ് പറയുന്നു.

പണ്ട് കാലത്ത് തടികള്‍ എത്തിച്ചിരുന്നത് നദിയിലൂടെ ആയിരുന്നതിനാല്‍ തീരത്തെത്തുന്ന തടികള്‍ കയറ്റാന്‍ ഉപയോഗിച്ചിരുന്ന ആനപ്പാത്തികളും ഇവിടെ സംരക്ഷിച്ചുപോരുന്നു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് വാച്ചര്‍മാര്‍ ഉപയോഗിച്ചിരുന്ന ബെല്‍റ്റുകളും പണം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പെട്ടികളും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് വാച്ചര്‍മാര്‍ ഉപയോഗിച്ചിരുന്ന ബെല്‍റ്റുകള്‍

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top