Kerala

പ്രളയ ബാധിതര്‍ക്കായി 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും ; 15 കോടിയുടെ ‘സന്തോഷ വീടുകള്‍’ പദ്ധതിയുമായി ജോയ്ആലുക്കാസ് ഗ്രൂപ്പ്

നൂറ്റാണ്ടിന്റെ പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയില്‍ 250 വീടുകള്‍ നിര്‍മിച്ച് നല്‍കുവാനൊരുങ്ങി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിരിയ്ക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയാകാംക്ഷികളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന ഓരോ വീടിനും 6 ലക്ഷം രൂപ ചിലവഴിച്ച് 250 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഫൗണ്ടഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും പറഞ്ഞു.

ജോയ് ആലുക്കാസ്

സന്തോഷം നിറയുന്ന വീടുകള്‍ അതാണ് ഞങ്ങളുടെ ലക്ഷ്യം. 600 ചതുരശ്ര അടി വലുപ്പത്തില്‍ 2 കിടപ്പു മുറികളും ഡൈനിങ് – ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മ്മിച്ച് നല്‍കുക. കേരളത്തിലെ ഏറ്റവും പ്രളയ ബാധിതമായ സ്ഥലങ്ങളില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാതു പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ വീടുകളാണ് വിദഗ്ധരായ ആര്‍കിടെക്ടകളെ കൊണ്ട് രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച് നല്‍കുകയെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്ക് കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. പ്രളയത്തിലും മണ്ണിടിച്ചിലിലും പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കാവുന്നതാണ്. ഈ അപേക്ഷകള്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചതിനു ശേഷം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അര്‍ഹരെ കണ്ടെത്തി നിര്‍മാണാനുമതി ലഭിച്ചയുടന്‍ വീടുകളുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി ഉടന്‍ പൂര്‍ത്തീകരിച്ചു കൈമാറാനാണ് ലക്ഷ്യമിടുന്നത്.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പ്രളയ മേഖലകളില്‍ ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, മരുന്നും മറ്റ് അവശ്യസാധനങ്ങളും സഹായങ്ങളും എത്തിച്ച് നല്‍കിയിരുന്നു.

വിശദ വിവരങ്ങള്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ തൃശ്ശൂര്‍ ഓഫീസുമായി ബന്ധപ്പെടുക : 0487 2329222

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top