Latest News

അച്ചടക്ക ലംഘനം; സെറീന വില്യംസിന് 12 ലക്ഷം രൂപ പിഴ

ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) പിഴ. യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് പിഴ വിധിച്ചിരിക്കുന്നത്. നവോമി ഒസാക്കയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴ. റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക ഈടാക്കുന്നത്.

യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യുഎസ് ഓപ്പണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു. അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സെറീന ആരോപിച്ചു.

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു.

തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീനയുടെ താളം തെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വന്നു. ഇതോടെ അവര്‍ ദേഷ്യത്തോടെ റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതില്‍ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റ് കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top