ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയ മനുഷ്യന് നീല്‍ ആംസ്ട്രോങിന്റെ കഥ സിനിമയാകുന്നു. നാസയുടെ എക്കാലത്തെയും അഭിമാന നേട്ടമെന്ന് അവകാശപ്പെടുന്ന ദൗത്യവിജയമാണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഇപ്പോഴും നിരവധി അഭ്യൂഹങ്ങളുണ്ട്താനും. എക്കാലവും മനുഷ്യനെ അമ്പരപ്പിച്ച ചാന്ദ്രദൗത്യം വെളളിത്തിരയിലെത്തുമ്പോള്‍ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.
ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്കര് സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് ചിത്രത്തിന്റെ സംവിധാനം. റയാന് ഗോസ്ലിങ്, ആംസ്ട്രോങിന്റെ വേഷത്തില്‍ എത്തുന്നു. ജയിംസ് ആര്. ഹന്‍സെന്‍ എഴുതിയ ‘ഫസ്റ്റ് മാന്‍: ദ് ലൈഫ് ഓഫ് നീല്‍ എ. ആംസ്ട്രോങ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമ സെപ്റ്റംബറില്‍ തിയ്യറ്ററുകളിലെത്തും.