Kerala

പ്രളയത്തില്‍ മുങ്ങി പത്തനംതിട്ട ജില്ല

അപ്രതീക്ഷിതമായി വന്നെത്തിയ പ്രളയപ്രവാഹത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങികിടക്കുന്നു. ഇന്നലെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ ഇന്ന് രാവിലെ മുതല്‍ പോലീസ്, എയര്‍ഫോഴ്‌സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പമ്പ, അച്ചന്‍കോവില്‍ പുഴകളില്‍ നിന്ന് വന്‍തോതില്‍ വെള്ളം കുതിച്ചെത്തിതോടെയാണ് പത്തനംതിട്ട ജില്ലയിലെ മിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിമിഷ നേരം കൊണ്ട് ഇരച്ചെത്തിയത്. ഒരിക്കല്‍പോലും വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത സ്ഥലങ്ങളില്‍ രാത്രിയോടെ വെള്ളം ആര്‍ത്തലച്ച് എത്തിയതോടെയാണ് പ്രളയത്തിന്റെ തീവ്രനിലയേക്കുറിച്ച് ജനങ്ങള്‍ക്ക് തിരിച്ചറിഞ്ഞത്‌. അപ്പോഴേക്കും വീടുകളില്‍ നിന്ന് രക്ഷപ്പെടാനുളള സാധ്യതകളെല്ലാം അടഞ്ഞിരുന്നു.

റാന്നി,ചെങ്ങന്നൂര്‍,കോഴഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് രക്ഷിക്കാനുളള ഫോണ്‍കോളുകള്‍, മെസേജുകള്‍ എന്നിവ പ്രവഹിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടവും പകച്ചു.

പ്രളയബാധിത പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഈ മേഖലകളില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. ഇതിന് പുറമെ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നില വരെ പ്രളയജലമെത്തിയത് പ്രശ്‌നം വഷളാക്കി. ഈ മേഖലയിലെ വീടുകളില്‍ പലതിലും രണ്ടും മൂന്നും നിലകളുള്ളതിനാല്‍ ജനങ്ങള്‍ രക്ഷ തേടി മുകള്‍ നിലയിലെ സുരക്ഷിത സ്ഥലങ്ങളില്‍ നിന്നു കൊണ്ടാണ് തങ്ങളേ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഒറ്റപ്പെട്ട പോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിടപ്പ് രോഗികള്‍, വൃദ്ധര്‍, കൊച്ചുകുട്ടികള്‍ എന്നിവരെ എത്രയും പെട്ടെന്ന് രക്ഷിക്കാനുളള നടപടികളാണ് ജില്ലാഭരണകേന്ദ്രങ്ങളില്‍ നടക്കുന്നത്. ഒഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫൈബര്‍ മത്സ്യബന്ധന ബോട്ടുകള്‍ കൊല്ലത്ത് നിന്ന് എത്തിച്ച് കഴിഞ്ഞു.

പ്രവാസികളുടെ കുടുംബങ്ങള്‍ ഏറ്റവുമധികം തിങ്ങി പാര്‍ക്കുന്ന കോഴഞ്ചേരി,തിരുവല്ല,ചെങ്ങന്നൂര്‍,റാന്നി, തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ പ്രായം ചെന്നവര്‍ തനിയെ താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇവരൊക്കെ രക്ഷപ്പെടാന്‍ കഴിയാത്ത നിസ്സഹായവസ്ഥയില്‍ ഭീതിപ്പെട്ട് കഴിയുകയാണ്.

സൈന്യത്തിന്റെ സഹായമുണ്ടെങ്കിലേ പൂര്‍ണ്ണമായ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയുളളുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്, ജലസേചന വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് എന്നിവര്‍ രാത്രിയും പകലും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടനുസരിച്ച് രണ്ടാം നിലയിലേക്ക് കുടിവെള്ളം ഇരച്ച് കയറുന്നുണ്ട്. നാവികസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആറന്‍മുള, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ജലനിരപ്പ് കൂടുന്നു എന്നതാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top