സ്ഥലം കായംകുളം റെയില്‍വേ സ്റ്റേഷന്. പ്ലാറ്റ്ഫോമിന് സമീപത്തെ ഭിത്തിക്കു സമീപം വലിയൊരു ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നു. പോലീസ് തിരയുന്ന ഏതോ കുപ്രസിദ്ധ കുറ്റവാളിയാണ് പോസ്റ്ററില്‍. ആളുകളെ വകഞ്ഞുമാറ്റി പോസ്റ്റര്‍ കണ്ടപ്പോള്‍ പോസ്റ്ററില്‍ അതാ കായംകുളം കൊച്ചുണ്ണി. പരുക്കന്‍ മുഖഭാവത്തിലുളള നിവിന്‍ പോളിയുടെ സ്കെച്ചാണ് ലുക്ക് ഔട്ട് നോട്ടീസില്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണണിയുടെ പ്രചരാണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഈ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.
ചരിത്രം പശ്ചാത്തലമായുളള നിവിന്‍ പോളിയുടെ ആദ്യ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ സഹായിയായെത്തുന്ന ഇത്തിക്കര പക്കിയുടെ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ചിത്രത്തിലുളള മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
കായംകുളം കൊച്ചുണ്ണി റിലീസിനു മുമ്പ് തന്നെ കോടികള്‍ വാരിക്കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍, സാറ്റലൈറ്റ്, തീയേറ്റര്‍ തുടങ്ങിയ അവകാശങ്ങളുടെ വില്‍പ്പന വഴിയാണ് കോടികള്‍ നേടിയത്. ഇറോസ് ഇന്റര്‍നാഷ്ണലാണ് സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്.