sunday feature

സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യിലില്ലെ.! എങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണവലയത്തിലാണ്

നോകിയയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് മൊബൈലില്‍ സ്‌നേക്ക് ഗെയിം കളിച്ചും ടെക്സ്റ്റ് മെസേജ് അയച്ചും ടെക് ലോകത്ത് പിച്ചവച്ച് തുടങ്ങിയവരാകും നമ്മളില്‍ പലരും. എന്നാല്‍ ഒരു പത്ത് വര്‍ഷത്തിനിടയില്‍ മൊബൈല്‍ഫോണ്‍ നമ്മുടെ ഇടയില്‍ വരുത്തിയിട്ടുളള മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ! ഒരു വ്യക്തിക്ക് ആവശ്യമായതില്‍ നല്ലൊരു പങ്കും ഒരു സ്മാര്‍ട്ട്‌ഫോണ്‍ ചെയ്തുതരുന്നുണ്ട്. വാര്‍ത്ത, വിനോദം, ഷോപിംങ്, നാവിഗേഷന്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഒരു സ്മാര്‍ട്ട്‌ഫോണ്‍ ചെയ്തുതരും. അങ്ങനെയെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ മനുഷ്യന്റെ ഉറ്റചങ്ങാതിയായതില്‍ അദ്ഭുതപ്പെടാനില്ല.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയായൊരാള്‍ ഒരു മാസത്തില്‍ കുറഞ്ഞത് എണ്‍പത് മണിക്കൂര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

അങ്ങനെയെങ്കില്‍ ഇന്റര്‍നെറ്റ് ജീവിതത്തിന്റെയൊരു ഭാഗമാക്കിയ നിങ്ങളോട് ചോദിക്കട്ടെ.. എന്താണ് ഇന്റര്‍നെറ്റ് ?

ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, യുടൂബ്, പിന്നെ ചില്ലറ വാര്‍ത്ത, ഷോപിംങ് സൈറ്റുകളും. ഒരു ശരാശരി മലയാളിയുടെ ഇന്റര്‍നെറ്റ് ഉപയോഗം അവിടെ കഴിഞ്ഞു. നമുക്ക് വേണ്ടതെന്താണോ അത് തിരയാന്‍ ഗൂഗിളുണ്ട്. സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്കും. രസകരമായ വിഡിയോകള്‍ കാണാന്‍ യുടൂബും ഇഷ്ടബ്രാന്‍ഡുകള്‍ വീട്ടിലെത്തിച്ചു തരാന്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഇവിടെ തീര്‍ന്നു നമ്മുടെ ഇന്റര്‍നെറ്റ്. ഗൂഗിളില്‍ തിരഞ്ഞാല്‍ എല്ലാമുണ്ടെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ കേട്ടോളു, ‘ഇന്റര്‍നെറ്റിലുളള മുഴുവന്‍ വിവരങ്ങളുടെയും കേവലം 20 ശതമാനത്തില്‍ താഴെ മാത്രമെ നമുക്ക് ലഭ്യമായുളളു’. അവശേഷിക്കുന്ന 80 ശതമാനവും ഡാര്‍ക് വെബ് എന്ന അനോണിമസ് ഇടത്ത് മറച്ച് വച്ചിരിക്കയാണ്. അത്ര എളുപ്പമല്ല ഡാര്‍ക് വെബില്‍ എത്തിപ്പെടാന്‍.

ഈ ചിത്രത്തില്‍ നിന്നും എളുപ്പത്തില്‍ മനസിലാക്കാം എന്താണ് ഡാര്‍ക്‌വെബ്

മുകളില്‍ കാണുന്ന ചെറിയ മഞ്ഞുമലയാണ് നമുക്ക് സന്ദര്‍ശിക്കാവുന്ന ഇന്റര്‍നെറ്റ്. ഡീപ് വെബും ഡാര്‍ക്ക് വെബുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര ചെറുതാണീ ലോകം. അവിടെയുളളത് ഗൂഗിളും, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും വിക്കിപീഡിയയും അടക്കമുളളവ മാത്രം.

തൊട്ടുതാഴെ കാണുന്ന ഡീപ് വെബിലാണ് നമ്മുടെ പാസ്‌വേര്‍ഡ് അടക്കമുളള രഹസ്യവിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രഹസ്യ സ്വഭാവമുളള ഫയലുകള്‍ അയയ്ക്കുന്നതും സൂക്ഷിക്കുന്നതും വെബ്‌സൈറ്റുകളുടെ സുരക്ഷയും നടത്തിപ്പുമെല്ലാം ഇവിടെയാണ്. എന്നുവച്ചാല്‍ നമ്മുടെ ഫെയ്‌സ്ബുക്കിലുളള ചിത്രങ്ങള്‍, യുടൂബിലുളള വിഡിയോകള്‍, അക്കൗണ്ട് പണമിടപാട് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഡീപ് വെബിലാണ്. നമ്മുടെ ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ മറ്റൊരാള്‍ക്ക് കഴിയില്ല, കാരണം പാസ്വേര്‍ഡ് പ്രൊട്ടക്ഷനില്‍ അത് ഡീപ് വെബിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇനി ഏറ്റവും ഒടുവിലായി അങ്ങ് അടിത്തട്ടിലുളളതാണ് ഡാര്‍ക്‌വെബ്. പുറത്തു നിന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത അത്യന്തം സുരക്ഷിതമായ ഇന്റര്‍നെറ്റാണിവിടെ. വായിക്കുന്നതിനു മുമ്പ് തന്നെ പറയട്ടെ നിരവധി ചുഴികളുളള കടലിലെ ഇരുണ്ട അടിത്തട്ടിന് തുല്യമാണ് ഡാര്‍ക്‌വെബ്.

ഡാര്‍ക്‌വെബ്

ഒനിയന്‍ റൂട്ടിംഗ് എന്ന ആശയത്തില്‍ നിന്നുമാണ് ഡാര്‍വെബ് പിറവിയെടുക്കുന്നത്. നമ്മുടെ ‘ഇന്റര്‍നെറ്റ് ഐപി അഡ്രസ്’ പല രാജ്യങ്ങളിലെത്തിച്ച് എവിടെ നിന്നാണെന്ന് തിരിച്ചറിയാന്‍ കഴിയാതാക്കുകയാണ് ഒനിയന്‍ റൂട്ടിംഗില്‍ ചെയ്യുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാ ഫോണിനും കമ്പ്യൂട്ടറിനും ഐപി അഡ്രസുണ്ട്. ഇതുപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എവിടെ നിന്നാണെന്നും എന്താണെന്നും അറിയാന്‍ സാധിക്കും. എന്നാല്‍ ഈ ഐപി അഡ്രസ് പല രാജ്യങ്ങളിലെത്തിച്ച് തിരിച്ചറിയാന്‍ കഴിയാതാക്കുകയാണ് ഒനിയന്‍ റൂട്ടിംഗില്‍ ചെയ്യുന്നത്. ഉളളിയുടെ വിവിധ പാളികളെയാണ് ഒനിയന്‍ റൂട്ടിംഗ് എന്ന പേരിലൂടെ ഉദ്യേശിക്കുന്നത്. ഉളളി പൊളിച്ചുനോക്കിയാല്‍ ഒടുവിലൊന്നും കാണില്ല്താനും.

ഒനിയന്‍ റൂട്ടിംഗാണ് പിന്നീട് ഡാര്‍ക്‌വെബ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇത് നിര്‍മ്മിച്ചതാകട്ടെ യു.എസ് മിലിട്ടറിയും. അമേരിക്കയെ മുഴുവന്‍ ഇന്റര്‍നെറ്റിലൂടെ വീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇക്കാര്യം പതിയെ പുറത്തറിഞ്ഞതോടെ ഡാര്‍ക്‌വെബ് കൈകാര്യം ചെയ്യുന്നത് ആരാണെന്നറിയാതിരിക്കാന്‍ മിലിട്ടറിക്കും പുറത്തും ഡാര്‍ക്‌വെബ് ലഭ്യമായി തുടങ്ങി. അതോടെ ലോകത്തെ ആയുധക്കച്ചവടത്തിന്റെയും, ലഹരി കടത്തിന്റെയും, ക്വട്ടേഷന്റെയും പ്രധാന ഇടമായി ഡാര്‍ക് വെബ് മാറി.

നിയമം അനുവദിക്കാത്തതും സമൂഹം അംഗീകരിക്കാത്തതുമായ ഒരാളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടപ്പിലാക്കാനുളള ഇടമാണ് ഡാര്‍ക്‌വെബ്. നിയമത്തിന്റെ വലയില്‍ പെടുകയുമില്ല സമൂഹം അറിയുകയുമില്ല.

ഉദാഹരണത്തിന് മയക്കുമരുന്ന്

കഞ്ചാവ്, ഹാഷിഷ് പോലുളള ലഹരിമരുന്നുകള്‍ നാട്ടില്‍ ഒളിഞ്ഞും തെളിഞ്ഞും വില്‍പ്പന നടക്കാറുണ്ടെങ്കിലും ഇതില്‍പ്പെടാത്ത സൈക്കഡലിക് ലഹരിമരുന്നുകളുടെ വില്‍പ്പന അത്രകണ്ട് സുതാര്യമല്ല. പിടിയിലായാല്‍ ശിക്ഷ കനത്തതാണെന്നത് തന്നെയാണ് കാരണം.അങ്ങനെയുളളവയുടെ വന്‍തോതിലുളള വില്‍പ്പന ഡാര്‍ക്‌വെബ് വഴി നടക്കാറുണ്ട്. ഡാര്‍ക് വെബ് ഉപയോഗിക്കുന്നവരുടെ ഐപി അഡ്രസ് കണ്ടെത്താന്‍ കഴിയില്ലാത്തതിനാല്‍ വന്‍ മയക്കുമരുന്ന് മാഫിയകളാണ് ഇതില്‍ സജീവമായിട്ടുളളത്.

‘ലഹരി മരുന്ന് വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഡാര്‍ക്ക്‌നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കൊച്ചി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.കൃഷ്ണകുമാര്‍ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. ഉയര്‍ന്ന തരത്തിലുളള ലഹരിമരുന്നുകളുടെ കച്ചവടം നടക്കുന്നതിനാല്‍ ഐടി പാര്‍ക്കുകളെയും എലൈറ്റ് ക്ലാസ് ആളുകളെയും ചുറ്റിപ്പറ്റിയാണ് ഡാര്‍ക്‌നെറ്റ് ഉപയോഗം നടക്കുന്നത്. എന്നാല്‍ ഇത് നിയന്ത്രണവിധേയമാക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഇടപാടുകള്‍ നടക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിന് പ്രൈവസി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുധക്കച്ചവടം,  ക്വട്ടേഷന്‍, പോണ്‍ തുടങ്ങി നിരവധി നിയമവിരുദ്ധപ്രവര്‍ത്തികള്‍ ഡാര്‍ക് വെബില്‍ നടക്കുന്നുണ്ട്. ബാംഗ്ലൂര്‍, മുംബൈ പോലുളള സിറ്റികളിലാണ് ഡാര്‍ക് വെബ് കൂടുതലായും ഉപയോഗിക്കുന്നത്.

ഇതിനുമപ്പുറം ഞെട്ടിക്കുന്നതാണ് ഡാര്‍ക് വെബിലെ ‘റെഡ് റൂം’

ക്രൂരത വിനോദമാക്കിയിട്ടുളളവര്‍ക്ക് വേണ്ടിയാണിവിടം. പണം നല്‍കുമ്പോള്‍ പറയുന്നയാളെ വേണ്ടവിധത്തില്‍ ക്രൂരമായി ടോര്‍ച്ചര്‍ ചെയ്ത് കൊല്ലും.
മറ്റൊരിടത്ത് ഇരുന്ന്് ഡാര്‍ക് വെബ് വഴി കാണാം. കൂടുതല്‍ പണം നല്‍കി ടോര്‍ച്ചര്‍ ചെയ്യുന്നതിന്റെ കാഠിന്യം കൂട്ടാം. ആവശ്യപ്പെടുന്നയാളുടെയോ കൃത്യം നടപ്പാക്കുന്നയാളുടെയോ ഒരു തരത്തിലുമുളള ഐഡന്റിറ്റിയും ആരും അറിയില്ലതാനും. സൈക്കോ ക്രിമിനല്‍ മൈന്‍ഡുളള സാഡിസ്റ്റുകളുടെ ഇടമാണിവിടം.

ഇന്ത്യയില്‍ രൂപയും അമേരിക്കയില്‍ ഡോളറും യു.കെയില്‍ പൗണ്ടും ഉപയോഗിക്കുന്നതുപോലെ ഡാര്‍ക് വെബിലെ കറന്‍സിയാണ് ബിറ്റ്‌കോയിന്‍സ്. ലേകരാജ്യങ്ങളില്‍ കുവൈത്ത് ദിനാര്‍ ആണ് ഏറ്റവും മൂല്യം കൂടിയ കറന്‍സി. 226 രൂപയാണ് കുവൈത്ത് ദിനാറിന്റെ മൂല്യം. എന്നാല്‍ ഒറു ബിറ്റ്‌കോയിന്റെ മൂല്യം 5,63,020 രൂപയാണ്. കുറഞ്ഞകാലംകൊണ്ടാണ് ബിറ്റ്‌കോയിന്റെ മൂല്യം പതിന്മടങ്ങ് വര്‍ധിച്ചത്. ഓരോ രാജ്യത്തെയും കറന്‍സി ബിറ്റകോയിനിലേക്ക് കണ്‍വര്‍ട്ട് ചെയ്യാനുളള സൗകര്യം ഡാര്‍ക് വെബിലുണ്ടാകും.

മുകളില്‍ പറഞ്ഞവയൊക്കെ ഡാര്‍ക് വെബിന്റെ ഒരു വശമാണെങ്കില്‍ മറ്റൊരു നല്ല വശം കൂടിയുണ്ട്. ഗവണ്‍മെന്റ് ഇന്റര്‍നെറ്റിന് കനത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുളള രാജ്യങ്ങളില്‍ ഡാര്‍ക് വെബ് ഒരു പരിധി വരെ പരിഹാരമാണ്. ഉറവിടം കണ്ടുപിടിക്കാനാവില്ല എന്നതു തന്നെയാണ് ഡാര്‍ക് വെബിന്റെ പ്രത്യേകത.

രഹസ്യ നെറ്റ് വര്‍ക്കുകളാണ് ഡാര്‍ക്ക് സൈറ്റുകള്‍. പ്രത്യേക സോഫ്റ്റ് വെയറുകള്‍ വഴിയോ അകൗണ്ടുകള്‍ വഴിയോ മാത്രമേ ഇവയില്‍ കയറിക്കുടാനാവു.സാധാരണ കാണുന്ന വെബ്‌സൈറ്റുകളെ പോലെ ഓര്‍ക്കാന്‍ എളുപ്പമുള്ള പേരുകള്‍ അല്ല ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റുകള്‍ക്ക് .com എന്നപോലെ ഡാര്‍ക്ക് വെബിലെ ടോര്‍ വെബ്‌സൈറ്റുകള്‍ onion എന്നതിലാണ് അവസാനിക്കുന്നത്. ഇത്തരം വെബ്‌സൈറ്റുകള്‍ സാധാരണ ബ്രൗസറില്‍ നിന്നു സന്ദര്‍ശിക്കാന്‍ സാധ്യമല്ല. ഉപയോഗിക്കുന്ന വ്യക്തിയുടെ ഐപി അഡ്രസ്, മറ്റു ഡേറ്റകള്‍ എന്നിവ പലതവണ എന്‍ക്രിപ്റ്റ് ചെയ്താണ് ടോര്‍ നെറ്റ്വര്‍ക്കില്‍ കൈമാറ്റം ചെയ്യുന്നത്, ഇതിനാല്‍ ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താല്‍ തന്നെ ടോര്‍ വെബ്‌സൈറ്റ് സൈബര്‍ ക്രിമിനലുകള്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. ലഹരി വസ്തുക്കള്‍, തോക്കുകള്‍ പോലുള്ള ആയുധങ്ങള്‍, ഹാക്കിങ് ടൂളുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഫേക്ക് പാസ്‌പോര്‍ട്ടുകള്‍, ഗുണ്ടാ സംഘങ്ങള്‍, പോണ്‍ മുതലായവയ്ക്ക് പെരുകേട്ടതാണ് ടോര്‍ വെബ്‌സൈറ്റുകള്‍.

Dark Web Browser

ഡാര്‍ക് വെബിനുമിപ്പുറത്തുളള ടെക് ലോകത്തെ സുരക്ഷയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ..!

നിങ്ങളുടെ കണ്‍മുന്നിലിരിക്കുന്ന ലാപ്‌ടോപ്പ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അതുമല്ലെങ്കില്‍ കൈയ്യിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, ഇതൊരു ദിവസം പെട്ടന്ന് ഇല്ലാതായാല്‍!

ശരിയാണ് സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറുമില്ലാത്ത ലോകത്തെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലുമാകില്ല. കാരണം ലോകം അത്രമേല്‍ സ്മാര്‍ട്ടായിക്കഴിഞ്ഞു. അതൊരു മോശം കാര്യമാണെന്ന് ഒരിക്കലും പറയാനാകില്ല. എന്നാല്‍ ടെക്‌നോളജി നമ്മളെ നിയന്ത്രിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയാലോ!

വിശദമായി പറഞ്ഞാല്‍ ഏതോ ഒരു രാജ്യത്തെയൊരു സ്വകാര്യ കമ്പനിക്ക് പണം നല്‍കി നാം വാങ്ങിയ നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതേ കമ്പനിയുടെ നിര്‍ദേശങ്ങളും ആവശ്യാനുസരണം നടപ്പാക്കില്ലെന്ന് എന്താണുറപ്പ്. എന്നുവച്ചാല്‍ ചിത്രങ്ങളെടുക്കാന്‍ ക്യാമറയും, നിര്‍ദേശം നല്‍കാന്‍ പ്രൊസസറും ഫോണിലുളളപ്പോള്‍ ഇതേ നിര്‍ദേശങ്ങള്‍ കമ്പനി നമ്മുടെ ഫോണിന് നല്‍കിയാല്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ചിത്രം ഒരു സ്വകാര്യ കമ്പനിയുടെ കൈയ്യിലെത്തും.

ഫോണ്‍ അണ്‍ലോക്ക് ചെയ്ത് ക്യാമറ തുറന്ന് കാപ്ച്ചര്‍ ബട്ടണ്‍ ക്ലിക് ചെയ്താണ് നിങ്ങള്‍ ഫോട്ടോയെടുക്കുന്നതെങ്കില്‍ മറ്റൊരു ഹിഡന്‍ കമാന്‍ഡ് വഴി ചിത്രം പകര്‍ത്താന്‍ അത് നിര്‍മ്മിച്ച കമ്പനിക്കും സാധിക്കും. ഈ ചിത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഫോണില്‍ നിന്നും മറ്റൊരു സെര്‍വറിലേക്ക് അയയ്ക്കുകയും എളുപ്പം.

BBC

ഇതിനേക്കാള്‍ നിസാരമായ മറ്റൊരു ഉദാഹരണം നോക്കാം. രസകരമായ ഗെയിമുകളും സോഷ്യല്‍നെറ്റ്വര്‍ക്കിംങ് ആപ്പുകളുമൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ ചോദിക്കുന്ന പെര്‍മിഷനുകള്‍ ശ്രദ്ധിക്കാറുണ്ടോ..? ചിത്രങ്ങളും വിഡിയോകളും അടങ്ങുന്ന ഗാലറി, കോണ്ടാക്ട്‌സ്, ലൊക്കേഷന്‍ എന്നിങ്ങനെ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുളള നിരവധി വഴികള്‍ നമ്മള്‍ തന്നെ ഒരുക്കി നല്‍കുന്നു. എന്നാല്‍ ഇതൊക്കെ നല്‍കിയില്ലെങ്കില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ലതാനും. അപ്പോള്‍ കരുതാം ഇത്ര കാലമായി എന്റെ ഫെയ്‌സ്ബുക്കില്‍ നിന്നോ വാട്ട്‌സ്ആപ്പില്‍ നിന്നോ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലല്ലോ എന്ന്. എന്നാല്‍ ഇതേ ഫെയ്‌സ്ബുക്കില്‍ നിന്നാണ് യു.എസിലെ 87 മില്യണ്‍ ആള്‍ക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക ചോര്‍ത്തിയത്. അതുകൊണ്ട് ആരും സുരക്ഷിതരല്ലെന്ന് സാരം.

എന്തിനേറെപ്പറയുന്നു ഇപ്പോള്‍ നിങ്ങളുളള സ്ഥലം വരെ ഗൂഗിളിന് കൃത്യമായി അറിയാം. ഫോണിലെ ജിപിഎസ് ഓണ്‍ ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ എവിടെ പോകുന്നു എപ്പോള്‍ പോകുന്നു മുതലായി മുഴുവന്‍ വിവരങ്ങളും ട്രാക് ചെയ്യാം. ജിപിഎസ് ഓണ്‍ അല്ലെങ്കില്‍ എങ്ങനെ ട്രാക്ക് ചെയ്യും എന്ന ചോദ്യത്തിനുളള ഉത്തരമാണ് അമേരിക്കന്‍ ചാര ഏജന്‍സിയായ സിഐഎയില്‍ ഹാക്കര്‍ ആയിരുന്ന എഡ്വാര്‍ഡ് ജോസഫ് സ്‌നോഡന്റെ കഥ. സിഐഎ ജനങ്ങളെ അനധികൃതമായി വീക്ഷിക്കുന്നുണ്ടെന്ന സത്യം ലോകത്തിന് മുന്‍പില്‍ വിളിച്ചുപറഞ്ഞയാളാണ് സ്‌നോഡന്‍. നമ്മുടെ ഫോണിലെയോ കമ്പ്യൂട്ടറിലെയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാനോ ഫയലുകള്‍ ചോര്‍ത്താനോ സിഐഎയ്ക്ക് കഴിയുമെന്ന് സ്‌നോഡന്‍ തെളിവുസഹിതം പുറത്തുവിട്ടു.

എഡ്വാര്‍ഡ് ജോസഫ് സ്‌നോഡന്‍

പിന്നീട് സ്‌നോഡന്‍ എന്ന പേരില്‍ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന് 2014ല്‍ മികച്ച ഡോക്യുമെന്ററി ഫിക്ഷനുളള ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചു.

മുകളില്‍ പറഞ്ഞവയെല്ലാം ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ നിങ്ങളുടെ സമ്മതമില്ലാതെ മറ്റൊരാള്‍ അറിയുണ്ടെങ്കില്‍!

ഇതുമായി ബന്ധപ്പെടുത്താവുന്ന വിഷയമാണ് യുഎസില്‍ ട്രംപ് വിജയിച്ചതിനോടനുബന്ധിച്ച് ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക വിവാദം. മുകളില്‍ പറഞ്ഞതിന്റെ മറ്റൊരു വകഭേദമാണ് ഇതും. ഒരാളെ കുറേയൊക്കെ മനസിലാക്കാന്‍ നേരിട്ട് സംസാരിക്കണമെന്നില്ല, ഫെയ്‌സ്ബുക്ക് പരിശോധിച്ചാല്‍ മാത്രം മതി. നിങ്ങളുടെ കുടുംബം, ഇഷ്ടങ്ങള്‍, ചുറ്റുപാടുകള്‍, രാഷ്ട്രിയം അടക്കമുളള മുഴുവന്‍ വ്യക്തിത്വവും മനസിലാക്കി ഒരു രാഷ്ട്രിയ കക്ഷിക്ക്, നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍, അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അതാണ് ‘ഡിജിറ്റല്‍ ചൂഷണം’. യുഎസ് തിരഞ്ഞടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക വഴി ട്രംപ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന് ന്യൂയോര്‍െൈടംസാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ഇതും ടെക്‌നോളജി ഉപയോഗിച്ചുളള ചൂഷണമാണ്.

ഒരു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ച് ഏതെങ്കിലും സൈറ്റ് സന്ദര്‍ശിച്ചാല്‍ പിന്നീട് അതേ ഫോണിന്റെ പരസ്യം തുടര്‍ച്ചയായി കാണേണ്ടി വന്നിട്ടുണ്ടോ..? നമ്മുടെ ആഗ്രഹത്തെ ഒരു തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുകയാണവിടെ. പരസ്യങ്ങളുടെയെല്ലാം ലക്ഷ്യം ആകര്‍ഷിക്കുക എന്നതാണ്. എന്നാലിവിടെ ഗൂഗിള്‍ ചെറിയതോതിലെങ്കിലും പ്രൈവസി ലംഘിക്കുകയാണ്.

യുടൂബില്‍ ആദ്യം പരസ്യമില്ലാതെ വിഡിയോ കാണിച്ചിരുന്നിടത്ത് പിന്നീട് പരസ്യത്തിന് സ്‌കിപ് ഓപ്ഷന്‍ നല്‍കി കാണിച്ചു. കുറച്ചു കഴിഞ്ഞ് 5 സെക്കന്‍ഡ് കണ്ടാല്‍ മതിയെന്നായി. ഒടുവിലിപ്പോള്‍ പരസ്യം മുഴുവന്‍ കണ്ടാല്‍ മാത്രമെ വിഡിയോ കാണാന്‍ കഴിയു എന്ന തരത്തിലുമെത്തി. ഉപയോക്താവിന്റെ താല്‍പ്പര്യത്തെ മുതലെടുത്ത് പരസ്യം നിര്‍ബന്ധപൂര്‍വം കാണിക്കുകയാണിവിടെ.

ലോകത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ലോകത്തെ മുഴുവന്‍ ഇത്രയധികം കണക്ട് ചെയ്ത് ഒന്നിച്ച് നിര്‍ത്താന്‍ ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തിനു മുന്‍പ് കഴിഞ്ഞിരുന്നില്ല. പെട്ടന്നൊരു ദിവസം പത്രമോ ടിവിയോ ഇല്ലാതായാലും ഇന്റര്‍നെറ്റ് ഇല്ലാതായാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ.! ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായിട്ടുളള എല്ലാ തൊഴില്‍ മേഖലയും തകരും. കടുത്ത സാമ്പത്തിക ഞെരുക്കത്തോടൊപ്പം പരസ്പരമുളള ആശയവിനിമയം ഭീകരമായി കുറയും. വിര്‍ച്വുല്‍ മണി അഥവാ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലാതാകുന്നതോടെ കറന്‍സി ക്ഷാമം സമ്പദ് മേഖലയെ പിടിച്ചുലയ്ക്കും. ലോകം മുഴുവന്‍ കടുത്ത പ്രതിസന്ധിയിലേക്കെത്തും.

വേള്‍ഡ് എകണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പദ്ഘടനയുടെ ഏറിയ പങ്കും ഇന്റര്‍നെറ്റ് സംബന്ധമായ തൊഴില്‍മേഖലയിലാണ്

ഇങ്ങനെ ലോകത്തെ മുഴുവന്‍ കൈവെളളയില്‍ വച്ച് അമ്മാനമാടാന്‍ മാത്രം ശക്തനാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ടെക്‌നോളജി വളരുന്നതിനനുസരിച്ച് തന്നെ ജീവിക്കുകയും വേണം. അങ്ങനെയുളളപ്പോള്‍ ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. സെക്കന്‍ഡില്‍ 91 ജിബി സ്പീഡില്‍ നാസ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, സ്‌പേസ് എക്‌സ് എന്ന കമ്പനി, സ്‌പേസ് ടൂറിസത്തിനൊരുങ്ങുന്നെങ്കില്‍ മനസ്സിലാക്കുക നമുക്ക് ചുറ്റുമുളള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം നമ്മള്‍ അറിയുന്നുണ്ടോ എന്നുകൂടി ചിന്തിക്കുക. അത്തരത്തില്‍ അറിയപ്പെടാത്ത ഇടത്താണ് ഡാര്‍ക് വെബിന്റെയും സ്ഥാനം.

ടെക്‌നോളജിയുടെ വളര്‍ച്ച മനസിലാക്കുന്നതിനൊപ്പം സൈബര്‍ ലോകത്ത് സുരക്ഷിതരായിരിക്കണം നാം. നിങ്ങളെ ഉപദ്രവിക്കാനോ അപമാനിക്കുവാനോ പണം അപഹരിക്കുവാനോ ആര്‍ക്കും ഇപ്പോള്‍ നേരിട്ട് വരേണ്ടതില്ല. ഫേസ്ബുക്കിലെ ഐഡന്റിറ്റി തകര്‍ക്കാനും വിര്‍ച്വുല്‍ മണി അപഹരിക്കാനും ചില അക്കങ്ങളും അക്ഷരങ്ങളും മതി. ഈ ചുരുങ്ങിയ അക്ഷരങ്ങളില്‍ ഒതുങ്ങുന്നതാണ് നിങ്ങളുടെ സൈബര്‍ സുരക്ഷയെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി വേണം ടെക്‌നോളജിക്കൊപ്പം ജീവിക്കാന്‍.

REFERENCE:KOCHI NARCOTIC CELL,  INTERNET WORLD STATS,  BBC, GOOGLE, WIKEPEDIA, QUORA, YOUTUBE

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top