Football

റയലിനോട് വിട പറഞ്ഞ് റൊണാള്‍ഡോ; വിടവ് നികത്താന്‍ വമ്പന്മാരെ നോട്ടമിട്ട് റയല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങലിന് പിന്നാലെ വമ്പന്മാരെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ട വിടവ് നികത്താന്‍ പര്യാപ്തരായ താരങ്ങളെയാണ് ക്ലബ്ബ് ഉന്നം വെക്കുന്നത്.

പാരിസ് സെന്റ് ജെര്‍മ്മെയ്ന്‍ താരങ്ങളായ നെയ്മറെയും കെയ്‌ലിയന്‍ എംബാപ്പെയെയും ബെല്‍ജിയത്തിന്റെ നായകന്‍ ഈഡന്‍ ഹസാര്‍ഡിനെയുമാണ് റൊണാള്‍ഡോയ്ക്ക് പകരക്കാരനായി ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. ഇവരിലാരെങ്കിലും ഒരാളെ ക്ലബ്ബിലെത്തിക്കാനാണ് നീക്കമെന്നും സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നെയ്മറിനെ റയലിലെത്തിക്കുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ച് നെയ്മറിന്റെ പിതാവ് നെയ്മര്‍ സാന്റോസ് സീനിയറുമായി റയല്‍ മാഡ്രിഡ് അധികൃതര്‍ നേരത്തേ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നെയ്മറിനെയോ എംബാപ്പെയെയോ വിട്ടുനല്‍കാന്‍ ഒരുക്കമല്ല, പിഎസ്ജി ചീഫ് എക്‌സിക്യൂട്ടീവ് നാസര്‍ അല്‍ ഖലീഫി വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം താരങ്ങള്‍ അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാല്‍ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് റയല്‍.

805 കോടി രൂപയ്ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്നും റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയിരിക്കുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ ക്ലബ്ബ് വിടുന്നത്. റയലിനായി 292 മത്സരങ്ങളില്‍ നിന്ന് 311 ഗോള്‍ നേടിയിട്ടുണ്ട് ക്രിസ്റ്റിയാനോ. റയല്‍ മാഡ്രിഡിലെ എക്കാലത്തെയും ടോപ് സ്‌കോററും കൂടിയാണ് താരം. റയല്‍ മാഡ്രിഡിന് നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി നേടിക്കൊടുത്തതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസം ക്ലബ്ബിനോട് വിട പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top