വാരാദ്യ ദിനമായ തിങ്കളാഴ്ച വിപണി പൊതുവേ ദുര്‍ബലമായിരുന്നു. നിഫ്റ്റി ഇന്‍ഡക്സിലെ 34 ഓഹരികള്‍ നെഗറ്റീവ് സോണിലായിരുന്നു. മുംബൈ വില സൂചിക 159 പോയിന്റ് നഷ്ടത്തില്‍ 35,264ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 10,657ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റിയുടെ പതനം പ്രധാനമായും മെറ്റല്‍ ഓഹരികളുടെ വിലയിടിവുമൂലമാണുണ്ടായത്. മെറ്റല്‍ ഇന്‍ഡക്സ് 1.8 ശതമാനമാണ് കുറഞ്ഞത്.
അമേരിക്കയും അവരുടെ വ്യാപാര പങ്കാളികളുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് നിക്ഷേപകരെ അസ്വസ്ഥരാക്കുന്നത്. ആഗോള വിപണിയിലെ മാന്ദ്യവും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.
വിപണിയിലെ മാന്ദ്യത്തിലും ഐടി ഓഹരികള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതാണ് ഇടിവിന് അല്പം തടയിട്ടത്.
നിഫ്റ്റിയിലെ ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് 3 മുതല്‍ 3.5 ശതമാനം വരെ വിലകുറഞ്ഞു.
ലാര്‍ജ്ക്യാപ് ഓഹരികളില്‍ പ്രോഫിറ്റ് ബുക്കിംഗ് നല്ല രീതിയില്‍ തുടരുന്നു.
ഇന്ത്യന്‍ വിപണി അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ചാഞ്ചാട്ടത്തിന് വിധേയമാവുമെന്നാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്. ക്രൂഡ് വില വര്‍ധനയും വ്യാപാര കരാര്‍ യുദ്ധവുമാണ് ഇപ്പോള്‍ വിപണിയെ ഉലക്കുന്നത്.