Latest News

18 ദിവസംകൊണ്ട് വിറ്റത് 10 ലക്ഷം ഫോണുകള്‍; ഈ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ഏതാണെന്നറിയുമോ!

വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച വില്‍പ്പനയായിരുന്നു ആഗോളസ്മാര്‍ട്ട്‌ഫോണ്‍ നിരയിലെ ഈ വമ്പന്‍മാര്‍ കാഴ്ച്ചവച്ചത്. ഞൊടിയിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ഷവോമിയാണ് 18 ദിവസംകൊണ്ട് പത്ത് ലക്ഷം ഫോണുകള്‍ വിറ്റഴിച്ചത്. കുറഞ്ഞ വിലയില്‍ ഒത്തിരി ഫീച്ചേഴ്‌സ് എന്ന തന്ത്രമാണ് ഒട്ടുമുക്കാല്‍ സമാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെയും ജനപ്രിയമാക്കിയത്. അസ്യൂസ് ഒരു കാലത്ത് വിപണി കീഴടക്കിയതും ഇതേ തന്ത്രം ഉപയോഗിച്ചായിരുന്നു. എന്നാല്‍ പല വമ്പന്‍മാരും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ മാറിമാറി ഭരിച്ചെങ്കിലും ഇപ്പോള്‍ കുറച്ചുകാലമായി ഷവോമി ആഗോള മാര്‍ക്കറ്റില്‍ കട്ടയ്ക്ക് നില്‍ക്കുകയാണ്.

ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളായ എംഐ8, എംഐ8 എസ്ഇ ഹാന്‍ഡ്‌സെറ്റുകളാണ് കുറഞ്ഞ ദിവസത്തിനിടെ വന്‍ വില്‍പ്പന നടന്നത്. ചൈനീസ് സോഷ്യല്‍മീഡിയ വെബ്‌സൈറ്റ് വൈബോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേവലം 18 ദിവസത്തിനുള്ളില്‍ 10 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കാനായത് അദ്ഭുതമെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചത്.

കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണാണ് എംഐ8. എംഐ8 ന്റെ അതേ ഡിസൈന്‍ തന്നെയാണ് എംഐ8 എസ്ഇയ്ക്കും. എംഐ8 വൈകാതെ തന്നെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഗോള്‍ഡ്, ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ എംഐ8 ലഭ്യമാണ്. എംഐ8 എക്‌സ്‌പ്ലോളര്‍ എഡിഷന്‍ വേരിയന്റിന്റെ (8ജിബി റാം, 128 ജിബി സ്റ്റോറേജ്) വില 3699 യുവാനാണ് (ഏകദേശം 39,000 രൂപ). ഇരട്ട സിം, 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്‌പ്ലെ, 12 മെഗാപിക്‌സലിന്റ രണ്ടു റിയര്‍ ക്യാമറകള്‍, 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, 3400 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

പാവങ്ങളുടെ ഐഫോണ്‍ എന്നറിയപ്പെടുന്ന ഷവോമിക്ക് ഇന്ത്യയിലും ഇത് നല്ല കാലമാണ്. ഷവോമി റെഡ്മി 5, നോട്ട് 5, നോട്ട് 5 പ്രൊ, റെഡ്മി 5എ തുടങ്ങിയ മോഡലുകള്‍ക്കെല്ലാം ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മികച്ച മോഡലുകള്‍ ഇപ്പോഴും ഫ്‌ളാഷ് സെയില്‍ വഴി മാത്രമെ വില്‍ക്കുന്നുളളു എങ്കിലും നിരവധിപേരാണ് ഫ്‌ളാഷ് സെയിലില്‍ റെഡ്മി ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top