Automotive

സൂപ്പര്‍കാര്‍ പ്രേമിയാണോ? എങ്കില്‍ ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ ചങ്ക് തകര്‍ക്കും..

സൂപ്പര്‍ കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമാണ് ഫെറാറി. ഇന്ത്യയില്‍ ഏകദേശം നാല് കോടിയോളം രൂപ വരും ഫെറാറിയുടെ വില. ഇത്ര വിലപിടിപ്പുളള സൂപ്പര്‍ കാറില്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തില്‍ കാലങ്ങളായുളള ആഗ്രഹസഫലീകരണത്തിന് ഫെറാറിയുമായി റോഡിലിറങ്ങിയ യുവതിയെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു.

സൂപ്പര്‍കാറുകളും ലക്ഷ്വറി വാഹനങ്ങളും വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ നിന്നും പുത്തന്‍ ഫെറാറി 458മായി പുറത്തിറങ്ങിയതായിരുന്നു യുവതി. എന്നാല്‍ ഫെറാറി ഓടിച്ച ആവേശത്തില്‍ യുവതിക്ക് ഒരുനിമിഷം ശ്രദ്ധതെറ്റി. ഡാഷ്ബോര്‍ഡ് ക്യാമറയില്‍ യുവതി അനുഭവം പങ്കിട്ടു കൊണ്ടിരിക്കെ സൂപ്പര്‍കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

മഴനനഞ്ഞ റോഡില്‍ വേഗത്തിലെത്തിയ ഫെറാറിയെ ബ്രേക്ക് പിടിച്ചു നിര്‍ത്താന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ നടുവില്‍ സ്ഥാപിച്ച ഡിവൈഡര്‍ തകര്‍ത്ത് എതിര്‍ ദിശയിലേക്ക് കടക്കുകയായിരുന്നു. മറുവശത്തുകൂടി പോവുകയായിരുന്ന ബിഎംഡബ്ല്യു x3 എസ്യുവിയില്‍ ചെന്നിടിച്ച് ഫെറാറി നിശ്ചലമായി. ഇടിയുടെ ആഘാതത്തില്‍ ഫെറാറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും യുവതിക്കും സഹയാത്രികനും സാരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന വേഗതയില്‍ ചെന്നിടിച്ചിട്ട് കാര്‍ എങ്ങനെയാണ് ഇത്രയധികം തകര്‍ന്നുപോയതെന്നാണ് പലരുടെയും സംശയം. ഒരു കളിപ്പാട്ടം തകരുന്നതുപോലെ ഫെറാറി തകര്‍ന്നുപോയെന്നാണ് ചിലരുടെ കമന്റ്. ഏതായാലും സംഭവം നടന്ന ചൈനയില്‍ നികുതി കൂടുതലായതിനാല്‍ അഞ്ച് ലക്ഷം പൗണ്ടാണ്(നാലരക്കോടി രൂപ) കാര്‍ വാടകയ്ക്ക് നല്‍കിയ ഷോറൂമിന് നഷ്ടമായത്. കാറിന്റെ ഇന്‍ഷൂര്‍ ലഭിക്കുമോ അതോ തുക യുവതിയില്‍ നിന്നും ഈടാക്കുമോ എന്നത് സ്ഥാപന ഉടമകള്‍ വ്യക്തമാക്കിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top