ഇടുക്കി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും, ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നുമാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.
ഒപ്പം വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കര്‍ഷകര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്നും യുഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.
പാല്, പത്രം, പരീക്ഷ മുതലായവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ തീര്‍ഥാടന കേന്ദ്രങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.