Kannur

പ്രതിരോധത്തിന്റെ വരവിളികളുയര്‍ത്തി മലബാറിന്റെ കളിയാട്ടക്കാവുകള്‍

കമലേഷ് തെക്കേകാട്‌

”തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. മതവും കലയും ചരിത്രവും നാട്ടുവഴക്കങ്ങളും അതിലുണ്ട്. നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കണ്ണിയാണ് തെയ്യം.”

തെയ്യത്തിന്റെ പ്രസക്തിയെ കുറിക്കുന്ന മനോഹരമായ ഈ വാചകങ്ങള്‍ ഉത്തരകേരളത്തിലെ മുതിര്‍ന്ന തെയ്യം കലാകാരനും കോലധാരികള്‍ക്കിടയിലെ ആരാധ്യപുരുഷനുമായിരുന്ന കണ്ണന്‍ പെരുവണ്ണാന്റെ ‘ചിലമ്പിട്ട ഓര്‍മ്മകള്‍’ എന്ന പുസ്തകത്തില്‍ നിന്നും കടം കൊണ്ടിട്ടുള്ളതാണ്. ജാതി ചിന്തയും പുരുഷമേധാവിത്വവുമടക്കമുള്ള അനീതികള്‍ക്കെതിരെ ചരിത്രത്തിന്റെ പലകാലങ്ങളില്‍ രൂപപ്പെട്ടു വന്നവയാണ് ഇന്ന് ആരാധിക്കപ്പെട്ടു പോരുന്ന ഓരോ തെയ്യങ്ങളും. ഒരു അനുഷ്ഠാനകല എന്നതിലുപരിയായി ഉത്തരകേരളത്തിന്റെ സൂക്ഷ്മതലങ്ങളിലെ ദേവ ശബ്ദങ്ങളാണവ. അനീതിയെ ധിക്കരിച്ച കാരണത്താല്‍ മേലാളവര്‍ഗ്ഗത്തിന്റെ പീഢനങ്ങളേറ്റുവാങ്ങി ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്ന കഥ പറയാനുണ്ട് ഇവിടുത്തെ ഓരോ തെയ്യക്കോലങ്ങള്‍ക്കും. ജീവിതം വീരരസപ്രധാനമായ യാത്രയാണെന്ന് തെയ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

കതിവനൂര്‍ വീരന്‍ തെയ്യം

ജീവിതവും വിശ്വാസവും ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നു നില്‍ക്കുന്നുവെന്നതു തന്നെയാണ് ഉത്തരകേരളത്തിന്റെ പ്രത്യേകത. തലമുറകളായി മനുഷ്യന്‍ കൈമാറിവന്ന പ്രകൃത്യാരാധനയുടെ തുടര്‍ച്ചെയന്നോണം ഒട്ടേറെ വഴക്കങ്ങള്‍ അനുഷ്ഠാനത്തിന്റെ രൂപത്തില്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. തനിക്കു കീഴ്‌പ്പെട്ടതിനെയെല്ലാം അടിമയാക്കി വെക്കുമ്പോള്‍ തന്നെ, ഭയപ്പെടുത്തിയവരെ ബഹുമാനപുരസരം ആരാധിക്കുന്നതിനും അവന്‍ മടി കാണിച്ചിരുന്നില്ല. ദേവമെന്ന അമൂര്‍ത്ത സങ്കല്‍പ്പത്തില്‍ തൃപ്തി വരാതെ തെയ്യമെന്ന മൂര്‍ത്ത വിചാരത്തിലേക്ക് തന്റെ ആരാധനയെ അന്നത്തെ മനുഷ്യര്‍ പറിച്ചുനടുകയായിരുന്നു.

തെയ്യം കേരളത്തിലാകമാനം വേണ്ടത്ര പരിചയമുള്ള ഒരു കലാരൂപമല്ല. എന്നാല്‍ ഉത്തരകേരളത്തിലെ സ്ഥിതി മറിച്ചാണ് തെയ്യക്കോലങ്ങള്‍ വടക്കന്‍ കേരളത്തിന്റെ സ്വന്തം നാടന്‍ കലാരൂപമാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ നാട്ടിടവഴികളിലും കാവുകളിലുമെല്ലാം തെയ്യങ്ങളുടെ സാന്നിധ്യമുണ്ട്. പാടത്തും പറമ്പിലും ചിലമ്പൊലിയോടെ തെയ്യങ്ങള്‍ ഉറഞ്ഞാടുന്നുണ്ട്.

തുലാമാസം പിറക്കുന്നതോടെ ഉത്തരകേരളത്തിലെ രാപ്പകലുകള്‍ ചെണ്ട മേളങ്ങളാല്‍ മുഖരിതമാകും. കൊട്ടും പാട്ടും ആട്ടവും കൊണ്ട് സജീവതയും ചാരുതയും കലരുന്ന കലാരൂപമാണ് തെയ്യം. അനുഗ്രഹിക്കാനും നിഗ്രഹിക്കാനുമുള്ള കഴിവ് തെയ്യങ്ങള്‍ക്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇക്കാരത്താല്‍ തന്നെ ജനങ്ങളുടെ ജീവിതവുമായി ഉറ്റബന്ധമാണ് തെയ്യങ്ങള്‍ക്കുള്ളത്. കാവുകള്‍, മുണ്ട്യകള്‍, പള്ളിയറകള്‍, സ്ഥാനങ്ങള്‍, തറവാടുകള്‍ എന്നിവയിലെല്ലാം തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നു. ഓരോ സമുദായത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകം തെയ്യക്കാവുകളുണ്ട്. വണ്ണാന്‍, മലയന്‍, വേലന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍, മാവിലന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായത്തില്‍പ്പെട്ടവരാണ് തെയ്യങ്ങള്‍ കെട്ടിയാടുന്നത്.

ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ട ഒരനുഷ്ഠാന കലാസങ്കേതമല്ല തെയ്യം. എന്നിരുന്നാലും കാലഭേദങ്ങള്‍ക്കനുസരിച്ച് ഇന്ന് ഇതിന്റെ അവതരണത്തിനൊരു ഘടന കൈവന്നിട്ടുണ്ട്. പക്ഷേ, വിശ്വാസം മുമ്പേ നടക്കുന്നതു കൊണ്ടു തന്നെ അതിലെ കലാംശം വേണ്ട വിധത്തില്‍ ആസ്വാദനത്തിന് വിധേയമായിട്ടില്ല. ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നിങ്ങനെ ചിട്ടയാര്‍ന്ന കലാവതരണത്തിന്റെ എല്ലാ അംശങ്ങളും തെയ്യത്തിലുണ്ട്. എന്നാല്‍ ആരാധനാ പ്രധാനമായ ‘കോലം’ പെരുമ നേടുമ്പോള്‍ മറ്റെല്ലാം വിസ്മൃതമാവുകയാണ്.

അധ:സ്ഥിതന്റെയും കീഴാളവര്‍ഗ്ഗത്തിന്റെയും ഇടയിലാണ് തെയ്യം എന്ന അനുഷ്ഠാനകലയുടെ ആവിര്‍ഭാവം. ഉരിയാട്ടത്തിലൂടെയും ദൈവീകമായ വരവിളികളിലൂടെയും തെയ്യം ഉച്ചത്തില്‍ വിളിച്ചുപറയുന്ന കാര്യങ്ങള്‍ എന്താണ് എന്നു കൃത്യമായി ശ്രദ്ധിച്ചാല്‍ ഇതുപറയാന്‍ വേണ്ടി മാത്രമാണ് തെയ്യം എന്ന അനുഷ്ഠാനകല ഉണ്ടായിവന്നതെന്നു തറപ്പിച്ചു പറയാന്‍ സാധിക്കും. ചതിയുടെയും വഞ്ചനയുടെയും അയിത്തത്തിന്റെയും അനീതിയുടെയും കഥകള്‍ തന്നെയാണ് ഓരോ തെയ്യത്തിനും പറയാനുള്ളത്. ദൈവീകമായ വരവിളികള്‍ ഓരോന്നും മേലാളവര്‍ഗ്ഗത്തോടും തമ്പ്രാക്കളോടുമുള്ള പോര്‍വിളിയാണെന്ന് തെയ്യത്തിന്റെ തോറ്റം പാട്ടുകളില്‍ നിന്നു നമുക്കു മനസിലാക്കാനാവും. ഇത്തരത്തില്‍ പോര്‍ക്കളത്തിലെ ചതിയുടെ കഥ പറയുന്ന കതിവനൂര്‍ വീരനെന്ന വീരശൂര പരാക്രമിയായ തെയ്യക്കോലത്തെയും അതു കെട്ടിയാടാന്‍ നിയോഗിക്കപ്പെട്ട അഖില്‍ എന്ന ഇരുപത്തിയൊന്നുകാരനായ കോലധാരിയെയും മാത്രം പരിചയപ്പെടുത്തുകയാണിവിടെ.

ചിലയിടങ്ങളില്‍ കതിവനൂര്‍ വീരനെന്നും കുടിവീരനെന്നും രണ്ട് വകഭേദങ്ങളുണ്ട് ഈ തെയ്യത്തിന്. എന്നാല്‍ ആടയാഭരങ്ങളിലും അണിയലങ്ങളിലുമൊന്നും വലിയ വ്യത്യാസമില്ല. ഒറ്റനോട്ടത്തില്‍ കതിവനൂര്‍ വീരനെയും കുടിവീരനെയും തിരിച്ചറിയുക പ്രയാസമാണ്. തെയ്യത്തിന്റെ അംഗചലനങ്ങളിലും ആയുധാഭ്യാസങ്ങളുമെല്ലാം ഒരുപോലെ തന്നെ.

കുടിവീരന്റെ തോറ്റം പാട്ടിനിടയിലെ അഖിലിന്റെ ആയോധന മുറകള്‍

കാസര്‍ഗോഡ് ജില്ലയിലെ പടന്ന ദേശത്തെ തെക്കെകാട് തായല്‍വീട് തറവാട്ടിലാണ് കളിയാട്ടം നടക്കുന്നത്. ഇടവമാസത്തോടുകൂടി കളിയാട്ടക്കാലം അവസാനിക്കുകയാണ്. ഒരുപക്ഷേ ഇവിടുത്തേത് ദേശത്തെ അവസാനത്തെ കളിയാട്ടമായിരിക്കണം. നട്ടപ്പാതിര കഴിഞ്ഞ് സമയം രണ്ട് മണിയോടടുക്കുമ്പോഴാണ് അഭിമുഖം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമാണ് കുടിവീരന്റെ കോലധാരിയായ അഖിലിനെ കയ്യില്‍ കിട്ടിയതെന്ന് സാരം. നട്ടപ്പാതിരയ്ക്ക് അഭിമുഖമോയെന്ന് മൂക്കത്ത് വിരല്‍ വെക്കുന്നവരുണ്ടാകും. തെയ്യാട്ടക്കാവുകളില്‍ ഇരവിനും പകലിനും നാഴികയ്ക്കും വിനാഴികയ്ക്കും എന്ത് പ്രസക്തിയാണ്.. തെയ്യത്തിന്റെ തോറ്റം പാട്ടിന് ശേഷം വിശ്രമിക്കുന്നതിടെയാണ് കതിവനൂര്‍ വീരന്റെയും ഒപ്പം അഖിലിന്റെയും കഥകളന്വേഷിക്കുന്നത്. വാള്‍പ്പയറ്റിലും കളരിയിലുമൊക്കെ അത്യധികം പരിശീലനം സിദ്ധിച്ചിട്ടുള്ളവരും അനുഭവജ്ഞരുമാണ് പൊതുവേ കതിവനൂര്‍ വീരനും കുടിവീരനുമൊക്കെ കെട്ടിയാടാന്‍ നിയോഗിക്കപ്പെടുക. തല്‍സ്ഥാനത്ത് കുട്ടിത്തം തുളുമ്പുന്ന മുഖവുമായി ഒരു ഇരുപത്തിയൊന്നുകാരനെ കാണുന്നുവെന്നത് തന്നെയാണ് അഖിലിലേക്ക് എന്റെ ശ്രദ്ധ പതിയാന്‍ കാരണം. തോറ്റം പുറപ്പാട് കാണാന്‍ തടിച്ചുകൂടിയ ജനസാഗരത്തിന് മുന്നില്‍ അത്രയേറെ മെയ്‌വഴക്കത്തോടെയാണ് ആ കുഞ്ഞുകലാകാരന്‍ അഭ്യാസമുറകളൊക്കെ പയറ്റിത്തീര്‍ത്തത്. അവനിലൂടെ കതിവനൂര്‍ വീരനെ അറിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തെയ്യം കലാകാരനും അഖില്‍ തന്നെയാണ്.

അഖില്‍ മുഖത്തെഴുത്തിനിടെ

ഒരുപാട് ദൂരെയല്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞ് തുടങ്ങിയത്. ‘പത്താമത്തെ വയസിലാണ് ആദ്യമായി കോലം ധരിക്കുന്നത്. ഉത്തരകേരളത്തിലൊക്കെ സജീവമായുള്ള ആടിവേടനെയാണ് ആദ്യമായി കെട്ടിയത്. കുറേക്കാലം അത് തന്നെയായിരുന്നു. പിന്നെ ഗുരുക്കന്മാരുടേയും ബന്ധുക്കളുടേയും കൂടെ തെയ്യാട്ടക്കാവുകളിലും അമ്പലങ്ങളിലും സ്ഥിരമായി പോകുമായിരുന്നു. പലതും കണ്ടും കേട്ടും തന്നെയാണ് പഠിക്കുന്നത്. അതുകഴിഞ്ഞ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പ്രധാനപ്പെട്ട ഒരു തെയ്യം കെട്ടുന്നത്. കണ്ണൂരിലെ എരമം രാമപുരത്ത് വെച്ച് കന്നിക്കൊരുമകന്‍ തെയ്യം. പിന്നീടിങ്ങോട്ട് ഇതുതന്നെയാണ് ജീവിതം. മുപ്പതോളം സ്ഥലങ്ങളില്‍ ഇതിനോടകം തെയ്യം കെട്ടിക്കഴിഞ്ഞു.”

ഇതുതന്നെ ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കുകയാണോ?

‘നിലവില്‍ പൂര്‍ണമായും ഇതിന്റെ ഭാഗമായി നില്‍ക്കുകയാണ്. കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലാകെ ഇപ്പോള്‍ തെയ്യം കാട്ടാന്‍ പോകുന്നുണ്ട്. അല്ലാത്ത സമയങ്ങളില്‍ തെയ്യത്തിന്റെ അണിയലങ്ങളും ആടയാഭരണങ്ങളും ഒരുക്കുന്ന ജോലിയുമുണ്ട്.”

കോലധാരണവുമായി ബന്ധപ്പെട്ട പഠനങ്ങളൊക്കെ എവിടെ നിന്നാണ്?

‘കോലധാരണത്തെക്കുറിച്ച് പറയുമ്പോള്‍ ഗുരുക്കന്മാരില്‍ നിന്ന് തുടങ്ങണം. ഗുരുകുലമെന്നത് ബന്ധുവീടുകള്‍ തന്നെയാണ്. അവിടെ നിന്നുമാണ് തെയ്യത്തിന്റെ തോറ്റം പാട്ടും മറ്റ് കാര്യങ്ങളുമെല്ലാം പഠിക്കുന്നത്. എനിക്ക് ഗുരുക്കന്മാര്‍ പ്രധാനമായും മൂന്ന് പേരാണ്. സന്തോഷ് പെരുവണ്ണാന്‍, സതീശന്‍ എരമങ്ങലന്‍, ബാലകൃഷ്ണന്‍ പെരുവണ്ണാന്‍. ഇവരില്‍ നിന്നാണ് തെയ്യം കലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഇന്നും ഓരോ കളിയാട്ടക്കാവുകളില്‍ നിന്നും അവരില്‍ നിന്നും പലതും പഠിച്ച് കൊണ്ടിരിക്കുകയാണ്.”

അഖില്‍(ഇടത്) സഹപ്രവര്‍ത്തകനൊപ്പം

കതിവനൂര്‍ വീരനെക്കുറിച്ച്?

‘ചിലയിടങ്ങളില്‍ കതിവനൂര്‍ വീരനാണെങ്കില്‍ ചിലയിടങ്ങളിലിത് കുടിവീരനാണ്. ഇവിടെയും കെട്ടിയാടിക്കുന്നത് കുടിവീരനെയാണ്. മറ്റ് തെയക്കോലങ്ങളെ പോലെ അത്ര എളുപ്പമല്ല കുടിവീരന്‍ തെയ്യത്തിന്റെ കോലധാരണം. വീരശൂരപരാക്രമിയായ പോരാളിയാണ് കതിവനൂര്‍ വീരന്‍. അതുകൊണ്ടുതന്നെ കോലധാരിയും ഏറെ ശാരീരികക്ഷമത പുലര്‍ത്തുന്ന ആളായിരിക്കണം. എന്ന് മാത്രമല്ല, വാള്‍പയറ്റടക്കമുള്ള കളരിമുറകളില്‍ പ്രാവീണ്യവും അത്യാവശ്യമാണ്. വാളും ചുരികയും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ ഈ തെയ്യത്തിന്റെ ഭാഗമാണ്.”

കുടിവീരന്റെ തോറ്റം പാട്ടിനിടയിലെ അഖിലിന്റെ ആയോധന മുറകള്‍

കളരിമുറകളും അഭ്യാസപ്രകടങ്ങളും കഴിഞ്ഞുവന്നിരുന്നതിന്റെ ആലസ്യമൊന്നുമില്ലാതെ അഖില്‍ കതിവനൂര്‍ വീരന്റെ ഐതിഹ്യവും കഥകളും പറഞ്ഞുതുടങ്ങി.

‘കുടകില്‍ നിന്നും ഇറങ്ങി വന്ന തെയ്യമാണ് കതിവനൂര്‍ വീരന്‍. കുടകുപടയോടു പോരാടി വീരമരണം പ്രാപിച്ച ‘മന്ദപ്പ’നെന്ന യുവാവിന്റെ കഥയാണീ തെയ്യത്തിന്റെ പിന്നിലുള്ള ഇതിവൃത്തം. തളിപ്പറമ്പിനടുത്തുള്ള മാങ്ങാട് ദേശത്ത് മേത്താളി ഇല്ലത്ത് കുമരശ്ശന്റെയും പരക്കയില്ലത്ത് ചക്കിയുടെയും മകനായി ജനിച്ച മന്ദപ്പനാണ് പിന്നീട് കതിവനൂര്‍ വീരന്‍ തെയ്യമായത്. ഗന്ധര്‍വ്വന്‍ മനുഷ്യാവതാരമെടുത്തതാണെന്ന വിശ്വാസം മന്ദപ്പനെ സംബന്ധിച്ചുണ്ട്.

ചെറുപ്രായത്തില്‍തന്നെ അക്ഷരവിദ്യയും ആയുധവിദ്യയും പഠിച്ച മന്ദപ്പനോട് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പലതരം വിനോദങ്ങളില്‍ ഏര്‍പ്പെട്ട് നടക്കുന്ന മന്ദപ്പന്‍ ഇതിനൊക്കെ തര്‍ക്കുത്തരം പറഞ്ഞു. കുപിതനായ അച്ഛന്‍ മന്ദപ്പന്റെ വില്ല് ചവിട്ടിയൊടിച്ചു കളഞ്ഞു. അതോടെ മന്ദപ്പന്‍ വീടുവിട്ടിറങ്ങി. പിന്നീട് മന്ദപ്പന്‍ കതിവനൂരിലെ അമ്മാവന്റെ വിട്ടിലെത്തുകയും അവിടെ താമസമാക്കുകയും ചെയ്തു. അമ്മാവന്റെ സ്വത്തിന്റെ പകുതി അദ്ദേഹം മന്ദപ്പന് നല്‍കി. അതില്‍ കൃഷി ചെയ്ത് മന്ദപ്പന്‍ നല്ല വിളവുണ്ടാക്കി. ഇത് കുടകരില്‍ അസൂയ ജനിപ്പിച്ചു. ഇതിനിടയിലാണ് സുന്ദരിയായ വേളാര്‍ കോട്ട് ചെമ്മരത്തിയെ മന്ദപ്പന്‍ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഭാര്യവീട്ടില്‍ താമസം തുടങ്ങിയ മന്ദപ്പന്‍ ചെമ്മരത്തിയുടെ സഹായത്തോടെ എണ്ണയാട്ടി വില്‍ക്കാന്‍ പോകാന്‍ തുടങ്ങി.

ഒരു ദിവസം എണ്ണവില്‍ക്കാന്‍ പോയ മന്ദപ്പന് അന്നു തിരിച്ചുവരാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം കാലത്താണ് തിരിച്ചെത്തിയത്. ഭാര്യ ചെമ്മരത്തി ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു. ഭര്‍ത്താവ് രാത്രിയില്‍ മറ്റേതോ സ്ത്രീയുടെ വീട്ടില്‍ തങ്ങിയെന്നവള്‍ തെറ്റിദ്ധരിച്ചു. അവള്‍ ഭര്‍ത്താവിനെ സ്വീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല. മന്ദപ്പന്‍ സത്യാവസ്ഥ ബോധിപ്പിച്ചെങ്കിലും അവള്‍ വിശ്വസിച്ചില്ല. ഇരുവരും വഴക്കിട്ടുകൊണ്ടിരുന്നു.

അക്കാലത്ത് മലയാളികള്‍ക്കു നേരെ കുടകില്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. കുടകുപട മലയാളികളെ തുരത്താനുള്ള നീക്കത്തിലായിരുന്നു. വഴക്കിനിടെ മലയാളികള്‍ക്കെതിരായ കുടകരുടെ പോര്‍വിളി കേട്ടതോടെ മന്ദപ്പന്‍ ആയുധവുമായി കുടകു പടയോടെതിര്‍ക്കാന്‍ ഓടിച്ചെന്നു. കുടകുപട ഛിന്നഭിന്നമായി മന്ദപ്പന്‍ പടജയിച്ച് തിരിച്ചുവന്നു. അപ്പോഴാണ് പടയ്ക്കിടയില്‍ തന്റെ ചെറുവിരല്‍ അറ്റുപോയ കാര്യം മന്ദപ്പന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ വിരലിനൊപ്പം ചെമ്മരത്തി അണിയിച്ച മോതിരവും നഷ്ടപ്പെട്ടിരിക്കുന്നു. വിരല്‍ കണ്ടെടുക്കാനായി മന്ദപ്പന്‍ ഒറ്റയ്ക്കു പടക്കളത്തിലേക്കു പുറപ്പെട്ടു. തനിച്ചുവന്ന മന്ദപ്പനെ കുടകര്‍ ചതിയില്‍പ്പെടുത്തി കൊന്നുകളഞ്ഞു. മന്ദപ്പന്റെ ചെറുവിരല്‍ ചെമ്മരത്തിയുടെ മുന്നിലായി കദളിവാഴമേല്‍ വന്നുവീണു. ചെമ്മരത്തി പടക്കളത്തിലേക്ക് ഓടിച്ചെന്നു. മന്ദപ്പന്റെ ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ വാരിക്കൂട്ടി ചിതയൊരുക്കി. ആ ചിതയില്‍ ചാടി ചെമ്മരത്തിയും മരണം വരിച്ചു. മന്ദപ്പന്‍ കതിവനൂര്‍ വീരനെന്ന ദൈവക്കരുവായി മാറുകയും ചെയ്തു. അങ്ങനെ മന്ദപ്പനെ കതിവനൂര്‍ വീരനെന്ന പേരില്‍ തെയ്യക്കോലമായി കെട്ടിയാടിക്കാന്‍ തുടങ്ങി എന്നാണു കഥ.

കുടകിലുണ്ടായ തെയ്യം പിന്നീട് മലനാട്ടിലാകെ വ്യാപിക്കുകയായിരുന്നു. കാവുകളിലല്ലാതെയും കതിവനൂര്‍ വീരന്‍ തെയ്യം കെട്ടിയാടിക്കാറുണ്ട്. ചതിയുടെ കഥയാണ് കതിവനൂര്‍ വീരന് മാലോകരോടു വിളിച്ചു പറയാനുള്ളത്. ജീവിതത്തിലാകമാനം ചതിക്കപ്പെടുന്ന ഒരുവന്റെ, ഒരു പടവീരന്റെ കഥ.” അഖില്‍ പറഞ്ഞുനിര്‍ത്തി.

 

മുഖത്തെഴുത്തിനും ചമയങ്ങള്‍ക്കും ശേഷം അഖില്‍

ഇനി കഥ പറയാന്‍ അഖിലിന് അധികം നേരമില്ല. കുടിവീരന്‍ തെയ്യമായി അണിഞ്ഞൊരുങ്ങാനുള്ള നേരമെത്തി. തെയ്യത്തിന്റെ തോറ്റംപാട്ട് മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടടുക്കുമ്പോള്‍ കുടിവീരന്‍ തെയ്യത്തിന്റെ പുറപ്പാടാണ്. മുഖത്തെഴുത്തും മറ്റ് ഒരുക്കങ്ങളുമായി അഖില്‍ തിരക്കിലേക്ക്..

കതിവനൂര്‍ വീരന്റേത് പോലെ ചതിയുടെയും വഞ്ചനയുടെയും അയിത്തത്തിന്റെയും അനീതിയുടെയും കഥകള്‍ തന്നെയാണ് ഓരോ തെയ്യത്തിനും പറയാനുള്ളത്. ദൈവീകമായ വരവിളികള്‍ ഓരോന്നും മേലാളവര്‍ഗ്ഗത്തോടും തമ്പ്രാക്കളോടുമുള്ള പോര്‍വിളിയാണെന്ന് തെയ്യത്തിന്റെ തോറ്റം പാട്ടുകളില്‍ നിന്നു നമുക്കു മനസിലാക്കാനാവും. തെയ്യം എന്ന പദം ദൈവം എന്നതിന്റെ തത്ഭവരൂപമാണ്. ദൈവരൂപത്തില്‍ ഉറഞ്ഞാടുന്ന കോലങ്ങളാണ് തെയ്യങ്ങള്‍. തെയ്യം കെട്ടുന്നത് പച്ചമനുഷ്യരെ തന്നെയാണ്. എന്നാല്‍ കെട്ടിക്കഴിയുന്നതോടെ അയാളുടെ മനുഷ്യാവസ്ഥ ഇല്ലാതാവുകയും ദൈവിക ചൈതന്യം ആവേശിക്കുകയും ചെയ്യുന്നു. പിന്നെ വരവിളി മുഴക്കുന്നതും ‘ഉരിയാട്ടം’ നടത്തുന്നതുമെല്ലാം അയാളുടെ ഉള്ളിലെ ദൈവാംശമാണ്. ഈ സാധ്യത തന്നെയാണ് തെയ്യത്തെ ഒരു പ്രതിരോധ മാര്‍ഗ്ഗമായി ഉപയോഗിക്കാന്‍ ആദ്യകാലത്ത് അടിസ്ഥാനവര്‍ഗ്ഗമായിരുന്ന സാധാരണക്കാരനെ പ്രേരിപ്പിച്ചത്.

ജന്മിത്തമ്പ്രാക്കള്‍ക്കും അന്നത്തെ പുരുഷമേധാവിത്വത്തിനുമെതിരെ നേരെ നിന്നു പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്വയം ദൈവമായി രൂപാന്തരപ്പെട്ട് തെയ്യമായി കെട്ടിയാടി വിളിച്ചുപറഞ്ഞത് ഈ സാധ്യതയുടെ സഹായത്തോടെയാണ്. മേലാളവര്‍ഗ്ഗം പോലും ആരാധിക്കുന്ന തെയ്യമാണ് വിളിച്ചു പറയുന്നത്, അതുകെട്ടിയ മലയനും പുലയനും വണ്ണാനുമല്ല. ഇപ്രകാരം തെയ്യം കെട്ടിയാടിക്കുന്നത് തെയ്യത്തെ മേലാളനെതിരെ ഒരു നാക്കായും പ്രതിരോധത്തിനുള്ള മാര്‍ഗ്ഗമായും ഉപയോഗിക്കാം എന്ന ബോധ്യത്തോടെയായിരുന്നു എന്ന് നിസംശയം പറയാനാകും. നിശബ്ദമാക്കപ്പെട്ട ഒരു സമൂഹം അവരുടെ കലകളിലൂടെയും അറിവുരൂപങ്ങളിലൂടെയും സ്വയം പ്രതിരോധിക്കുകയും നിശബ്ദമായ ഒരു വിപ്ലവം സാധിച്ചെടുക്കുകയുമായിരുന്നു എന്നര്‍ത്ഥം.

കഥകളെല്ലാം കഴിഞ്ഞൊടുവില്‍ കുടിവീരനായി അഖിലിന്റെ പുറപ്പാട്‌..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top