ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാജ്കുമാര് ഹിറാനി ഒരുക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാകും. ഒറ്റനോട്ടത്തില്‍ സഞ്ജയ്ദത്താണെന്നേ തോന്നൂ. രൂപത്തിലും ഭാവത്തിലും സഞ്ജയ് ദത്തിനെ ഓര്‍മ്മപ്പെടുത്തുകയാണ് രണ്‍ബീര്‍.
ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര് ഹിറാനി ഒരുക്കുന്ന ചിത്രം കൂടിയാണിത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്ബീറിലൂടെ ഓര്‍മിക്കാനാകും.
സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയില്‍ പുനവതരിപ്പിക്കുന്നു. പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്ക ശര്‍മ്മ, മനീഷ കൊയ്രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.